രാവിലെ എണീറ്റ ഉടൻ ഒരു ചായയോ അല്ലെങ്കിൽ ഒരു കാപ്പിയോ കുടിച്ചാണാല്ലോ നമ്മൾ എല്ലാവരും ദിവസം തുടങ്ങാറുള്ളത്. എന്നാൽ ഇനി മുതൽ ആ ശീലം വേണ്ടെന്നാണ് സെലിബ്രിറ്റി ന്യൂട്രീഷ്യനിസ്റ്റ് റുജുത ദിവേക്കർ പറയുന്നത്.  വെറും വയറ്റിൽ ചെറുചൂടുവെള്ളം കുടിച്ച് തന്നെ ദിവസം ആരംഭിക്കണമെന്ന് റുജുത പറയുന്നു.

രാവിലെ വെറും വയറ്റിൽ വെള്ളം കുടിച്ച ശേഷം രണ്ടോ മൂന്നോ നട്സ് അല്ലെങ്കിൽ ഉണക്ക മുന്തിരി കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്നാണ് റുജുത പറയുന്നത്. കാരണം ഇവ കഴിക്കുന്നത് ദിവസം മുഴുവനും ‌ഊര്‍ജ്ജസ്വലതയോടെ പ്രവര്‍ത്തിപ്പിക്കാന്‍ സഹായിക്കുന്നു. എന്നാൽ, വെറും വയറ്റിൽ കഴിക്കാൻ പാടില്ലാത്ത നാല് ഭക്ഷണങ്ങളെ കുറിച്ചും റുജുത പറയുന്നു...

സോഫ്റ്റ് ഡ്രിങ്ക്സ്...

വെറും വയറ്റിൽ സോഫ്റ്റ് ഡ്രിങ്ക്സ് കുടിക്കുന്നത് ആരോ​ഗ്യത്തിന് നല്ലതല്ല.സോഫ്റ്റ് ഡ്രിങ്കുകൾ ഉത്പാദിപ്പിക്കുന്നത് കൃത്രിമനിറങ്ങളും പ്രിസർവേറ്റീവുകളും (ഭക്ഷ്യവസ്തുക്കൾ കേടാകാതിരിക്കാൻ ഉപയോഗിക്കുന്നവ) സുക്രോസ് അല്ലെങ്കിൽ ആർട്ടിഫിഷ്യൽ ഷുഗർ തുടങ്ങ‍ിയവയും കൂട്ടിക്കലർത്തിയാണ്. രാവിലെ ഇവ കഴിക്കുന്നത് ഛർദ്ദിയും ​ഗ്യാസ് ട്രബിളും ഉണ്ടാകുന്നതിന് കാരണമാകും.

സോഫ്റ്റ് ഡ്രിങ്കുകൾ പതിവായി കഴിക്കുന്നത് രക്തത്തിലെ ട്രൈഗ്ലിസറൈഡ്, ചീത്ത കൊഴുപ്പുകളുടെ ഉത്പാദനം എന്നിവ കൂട്ടുന്നതിന് കാരണമാകും.സ്ഥിരമായ ഉപയോഗം നോൺ ആൽക്കഹോളിക് ലിവർ ഡിസീസിനും വിശപ്പ‍ുകൂട്ടുന്നതിനും കാരണമാകുന്നു. ഈ മധുരം രക്തത്തിലെ യൂറിക് ആസിഡിന്റെ അളവു വർധിപ്പിച്ച് ഗൗട്ട് പോലുള്ള രോഗങ്ങളിലേക്കും വഴിതെളിക്കുന്നു.

 

 

എരിവുള്ള ഭക്ഷണങ്ങൾ...

വെറും വയറ്റിലോ അല്ലെങ്കിൽ പ്രഭാതഭക്ഷണത്തിലോ എരിവുള്ള ഭക്ഷണങ്ങൾ ഉൾപ്പെടുത്തുന്നത് നെഞ്ചെരിച്ചിൽ ഉണ്ടാകുന്നതിനും അസിഡിറ്റിയ്ക്കും കാരണമാകും. 

കോൾഡ് കോഫി...

വെറും വയറ്റിൽ കോൾഡ് കോഫിയോ അല്ലെങ്കിൽ ഐസ് ടീയോ കുടിക്കുന്നത് ആരോ​ഗ്യത്തിന് നല്ലതല്ല. ഇത്, ദഹനം മന്ദ​ഗതിയിലാക്കുന്നതിന് കാരണമാകുമെന്ന് റുജുത പറഞ്ഞു.

 

 

സിട്രസ് പഴങ്ങൾ...

സിട്രസ് പഴങ്ങൾ ഒഴിഞ്ഞ വയറ്റിൽ കഴിക്കുന്നത് അമിത ആസിഡ് ഉൽപാദനത്തിന് കാരണമാകും. പഴങ്ങൾ നാരുകളുടെ സമൃദ്ധമായ ഉറവിടമാണ്, ഇത് ഒഴിഞ്ഞ വയറ്റിൽ കഴിക്കുമ്പോൾ നിങ്ങളുടെ വയറ്റിൽ അധിക ഭാരം വരുത്തും.