Asianet News MalayalamAsianet News Malayalam

മലബന്ധം അകറ്റാൻ ചെയ്യാവുന്ന നാല് കാര്യങ്ങള്‍...

അധികവും നമ്മുടെ ഭക്ഷണം, ഉറക്കം, വ്യായാമം, സ്ട്രെസ് എന്നിങ്ങനെയുള്ള ജീവിതരീതികള്‍ തന്നെയാണ് ഇതിന് കാരണമായി വരുന്നത്. അതിനാല്‍ തന്നെ ഇക്കാര്യങ്ങളെല്ലാം അല്‍പം കൂടി ശ്രദ്ധിക്കുന്നപക്ഷം ഈ പ്രശ്നങ്ങള്‍ പതിയെ പരിഹരിക്കാൻ സാധിക്കും.

four natural method to relieve constipation
Author
First Published Nov 3, 2022, 10:52 PM IST

ഉദരസംബന്ധമായ പ്രശ്നങ്ങള്‍ ഒരു വ്യക്തിയെ ആകെ തന്നെ ബാധിക്കാറുണ്ട്. ദഹനമില്ലായ്മ, ഗ്യാസ്ട്രബിള്‍, മലബന്ധം, നെഞ്ചെരിച്ചിലും പുളിച്ചുതികട്ടലുമാണ് സാധാരണഗതയില്‍ ഏറ്റവുമധികം കാണുന്ന ഉദരസംബന്ധമായ പ്രശ്നങ്ങള്‍.

അധികവും നമ്മുടെ ഭക്ഷണം, ഉറക്കം, വ്യായാമം, സ്ട്രെസ് എന്നിങ്ങനെയുള്ള ജീവിതരീതികള്‍ തന്നെയാണ് ഇതിന് കാരണമായി വരുന്നത്. അതിനാല്‍ തന്നെ ഇക്കാര്യങ്ങളെല്ലാം അല്‍പം കൂടി ശ്രദ്ധിക്കുന്നപക്ഷം ഈ പ്രശ്നങ്ങള്‍ പതിയെ പരിഹരിക്കാൻ സാധിക്കും. ഇക്കൂട്ടത്തില്‍ ഏറെ പ്രയാസമുണ്ടാക്കുന്നൊരു പ്രശ്നമാണ് മലബന്ധം. 

മലവിസര്‍ജ്ജനം ശരിയാം വിധം നടക്കാതെ വരികയും വയര്‍ വീര്‍ത്തിരിക്കുകയും ഒപ്പം ഗ്യാസ്ട്രബിള്‍, വിശപ്പില്ലായ്മ, അസ്വസ്ഥത എന്നിവ അനുഭവപ്പെടുകയും ചെയ്യുന്ന അവസ്ഥയാണ് മലബന്ധം. ഇത് വ്യക്തിയുടെ നിത്യജീവിതത്തിലെ എല്ലാ കാര്യങ്ങളെയും പ്രതികൂലമായി ബാധിക്കും. മലബന്ധത്തിനെ പരിഹരിക്കുന്നതിന് ഡയറ്റിലാണ് കാര്യമായ മാറ്റങ്ങള്‍ വരുത്തിനോക്കേണ്ടത്. അത്തരത്തില്‍ ആയുര്‍വേദവിധി പ്രകാരം മലബന്ധമകറ്റാൻ ഡയറ്റില്‍ ശ്രദ്ധിക്കേണ്ട നാല് ഘടകങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. 

ഒന്ന്...

ഇഞ്ചി : ഒരുപാട് ഔഷധഗുണങ്ങളുള്ളൊരു ചേരുവയാണ് ഇഞ്ചി. ദഹനം എളുപ്പത്തിലാക്കാനും ഇതുവഴി മലബന്ധമകറ്റാനും ഇഞ്ചി സഹായിക്കും. ഇതിന് പുറമെ കുടലിലെ സമ്മര്‍ദ്ദം അകറ്റുന്നതിനും ഈ ഭാഗങ്ങളെല്ലാം ഫലപ്രദമായി പ്രവര്‍ത്തിക്കുന്നതിനും ഇഞ്ചി സഹായിക്കുന്നു. അതുപോലെ വയറ്റിനകത്ത് കഫം കെട്ടിക്കിടക്കുന്നതും മലബന്ധത്തിന് കാരണമാകും. ഇതിന് ആശ്വാസം നല്‍കുന്നതിനും ഇഞ്ചി സഹായിക്കും.

രണ്ട്...

ചൂടുവെള്ളം : മലബന്ധത്തിന് ആശ്വാസം നല്‍കാൻ പെടുന്നനെ സഹായകമാകുന്ന ഒന്നാണ് ചൂടുവെള്ളം. അല്‍പാല്‍പമായി ചൂടുവെള്ളം കഴിക്കുന്നത് മലബന്ധത്തെ ലഘൂകരിക്കാൻ സഹായിക്കും. എപ്പോഴും ചൂടുവെള്ളം തന്നെയാണ് കഴിക്കുന്നതെങ്കില്‍ അത് ദഹനത്തെ ത്വരിതപ്പെടുത്തുകയും മലബന്ധം അകറ്റുകയും ചെയ്യുമെന്നാണ് ആയുര്‍വേദവിധി. 

മൂന്ന്...

അത്തിപ്പഴം: അത്തിപ്പഴം കഴിക്കുന്നതും മലബന്ധമകറ്റാൻ സഹായിക്കും. മലബന്ധം അകറ്റാൻ മാത്രമല്ല ദഹനപ്രശ്നങ്ങള്‍ ലഘൂകരിക്കുന്നതിനും ഇത് സഹായകമാണ്. അത്തി രാത്രി മുഴുവൻ കുതിര്‍ത്ത് വച്ച് കഴിക്കുന്നതാണ് ഏറ്റവും നല്ലത്.

നാല്...

കറുത്ത ഉണക്കമുന്തിരി: ഒരുപാട് ആരോഗ്യഗുണങ്ങളുള്ള ഒന്നാണ് കറുത്ത ഉണക്കമുന്തിരി. ഇത് രാത്രി മുഴുവൻ കുതിര്‍ത്തുവച്ച് രാവിലെ കഴിക്കുന്നതാണ് ഉചിതം. അഞ്ചോ ആറോ മുന്തിരി ഇത്തരത്തില്‍ പതിവായി കഴിച്ചാല്‍ മതി. 

Also Read:- ദിവസവും ഇതൊരല്‍പം കഴിച്ചുനോക്കൂ; ഈസിയായി വീട്ടില്‍ തന്നെ തയ്യാറാക്കാം...

Follow Us:
Download App:
  • android
  • ios