ശരീരമാണ് ഏറ്റവും പ്രധാനപ്പെട്ട സമ്പത്തെന്ന് പഴമക്കാര്‍ പറയുന്നത് കേട്ടിട്ടില്ലേ? ആരോഗ്യകാര്യങ്ങളില്‍ എന്തെങ്കിലും പ്രശ്‌നങ്ങള്‍ നേരിടുന്നതോടെ ഒരു വ്യക്തിയുടെ ആകെ ജീവിതം തന്നെ മടുപ്പില്‍ മുങ്ങിപ്പോകുന്ന അവസ്ഥയുണ്ടാകാറുണ്ട്. ശാരീരികമായ അസ്വസ്ഥതകളും അസുഖങ്ങളുമെല്ലാം മനസിന്റെ സ്വസ്ഥമായ നിലനില്‍പിനേയും തകര്‍ത്തുകളയും.

അപ്പോള്‍ ആരോഗ്യത്തെ നല്ലരീതിയില്‍ പിടിച്ചുനിര്‍ത്തുകയെന്നതായിരിക്കണം ഓരോ വ്യക്തിയും പുതുവര്‍ഷത്തില്‍ ആദ്യമെടുക്കേണ്ട തീരുമാനം. ഇതിനായി നാല് പ്രതിജ്ഞകള്‍ നമുക്കെടുക്കാം.

ഒന്ന്...

നമ്മള്‍ എന്താണോ കഴിക്കുന്നത്, അതുതന്നെയാണ് ആകെയും നമ്മള്‍ എന്ന് വേണമെങ്കില്‍ പറയാം. അത്രമാത്രം പ്രധാനമാണ് ഡയറ്റ്.

 

 

കൃത്യമായ ഡയറ്റ് പിന്തുടരാന്‍ പലര്‍ക്കും ആകില്ലെന്ന് അറിയാം, എങ്കിലും ശരീരത്തിന് അവശ്യം വേണ്ട ഭക്ഷണങ്ങള്‍ നിര്‍ബന്ധമായും ഡയറ്റിലുള്‍പ്പെടുത്താനും, ശരീരത്തെ അപകടപ്പെടുത്തുന്ന തരത്തിലുള്ള ഭക്ഷണങ്ങളെ പരമാവധി അകലത്തിലാക്കാനും നമുക്ക് പ്രതിജ്ഞയെടുക്കാം.

രണ്ട്...

രണ്ടാമതായി ഉറച്ച തീരുമാനമെടുക്കേണ്ടത് ഉറക്കത്തിന്റെ കാര്യമാണ്. ഭക്ഷണത്തോടൊപ്പം തന്നെ ശ്രദ്ധ പുലര്‍ത്തേണ്ട കാര്യമാണ് ഉറക്കം. ആവശ്യത്തിന് ഉറക്കം ലഭിച്ചില്ലെങ്കില്‍ അത് ഒരേസമയം ശരീരത്തിനേയും മനസിനേയും ദോഷകരമായി ബാധിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. അതിനാല്‍ സുഖകരമായ ഉറക്കം തീര്‍ച്ചപ്പെടുത്തുക. അതാകട്ടെ രണ്ടാമത്തെ പ്രതിജ്ഞ.

മൂന്ന്...

പുതിയകാലത്ത് ഏറ്റവുമധികം ശാരീരിക- മാനസിക പ്രശ്‌നങ്ങള്‍ക്ക് വഴിയൊരുക്കുന്നത് 'സ്‌ട്രെസ്' ആണ്. ജോലിസ്ഥലത്ത് നിന്നോ അല്ലാതെയോ ഒക്കെയാകാം ഈ 'സ്‌ട്രെസ്' ഉണ്ടായിവരുന്നത്. പലപ്പോഴും അത്തരം സാഹചര്യങ്ങളെ നമുക്കൊഴിവാക്കാനാകില്ല. എന്നാല്‍ 'സ്‌ട്രെസ്' കുറയ്ക്കാനും, ജീവിതത്തെ 'പൊസിറ്റീവ്' ആയി സമീപിക്കാനും ഉള്ള ആര്‍ജ്ജവം നേടിയേ തീരൂ.

 

 

മികച്ച സൗഹൃദങ്ങള്‍, ക്രിയാത്മകമായ പ്രവര്‍ത്തനങ്ങള്‍, വിനോദോപാധികള്‍, യോഗ, യാത്രകള്‍ - അങ്ങനെ 'സ്‌ട്രെസ്' വഴി തിരിച്ചുവിടാന്‍ ഉപകരിക്കുന്ന എല്ലാ മാര്‍ഗങ്ങളേയും അവലംബിക്കാന്‍ ശ്രമിക്കുക. ഇക്കാര്യത്തില്‍ മുഴുവന്‍ ശ്രദ്ധയും പുലര്‍ത്തുമെന്ന് പ്രതിജ്ഞയെടുക്കാം.

നാല്...

വ്യായാമമാണ് നാലാമതായി നമ്മള്‍ നിര്‍ബന്ധമായും കരുതേണ്ട കാര്യം. എല്ലാ ദിവസവും മുടങ്ങാതെ ജിമ്മില്‍ പോകുമെന്ന് മിക്കാവറും എല്ലാ പുതുവര്‍ഷത്തിലും തീരുമാനിക്കുക.യും, എന്നാല്‍ അത് നടക്കാതെ വരികയും ചെയ്യുന്നത് സാധാരണമാണ്, അല്ലേ? ആരോഗ്യമുള്ള ശരീരത്തിന് ജിമ്മില്‍ പോയി പരിശീലനം നേടല്‍ നിര്‍ബന്ധമുള്ള ഒന്നല്ല. 45 മിനുറ്റ് നേരത്തേ നടത്തമോ, വീട്ടില്‍ത്തന്നെ ചെയ്യാവുന്ന ചെറിയ വ്യായാമമോ ഒക്കെ സാധാരണക്കാരെ സംബന്ധിച്ച് ധാരാളമാണ്. അത്രയെങ്കിലും ശരീരത്തിന് വേണ്ടി ചെയ്യുമെന്ന് നമുക്ക് പ്രതിജ്ഞയെടുക്കാം.