വേനൽക്കാലം പകര്‍ച്ചവ്യാധികളുടെ കാലമാണല്ലോ. ചെറുതും വലുതുമായ ഒട്ടേറെ പകര്‍ച്ചവ്യാധികള്‍ പടരുന്ന സമയം. പനിയും, ചെങ്കണ്ണും മുതല്‍ മലേറിയ, മഞ്ഞപ്പിത്തം തുടങ്ങിയ അസുഖങ്ങളും പിടിപെടാം. വേനൽക്കാലത്ത് ഭക്ഷണത്തിലൂടെയാണ് അസുഖങ്ങൾ കൂടുതലും പിടിപെടുന്നത്. ഭക്ഷണം ശ്രദ്ധിച്ചാൽ തന്നെ അസുഖങ്ങൾ വരാതെ നോക്കാം. 

എണ്ണയിൽ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ ഒഴിവാക്കുന്നതാണ് നല്ലത്.  അത് പോലെ തന്നെയാണ് എരിവുള്ള ഭക്ഷണങ്ങൾ അധികം കഴിക്കരുത്. ദഹനസംബന്ധമായ പ്രശ്നങ്ങളുണ്ടാകാനുള്ള സാധ്യത കൂടുതലാണ്.  പിസ, ബർഗർ,​ പഫ്‌സ് തുടങ്ങിയവ ഒഴിവാക്കണം. ഐസ്‌ക്രീം, കൂൾഡ്രിങ്ക്സ് എന്നിവ ചൂടിന് താത്‌കാലിക ശമനം തരുമെങ്കിലും ശരീരത്തിന്റെ ചൂട് വർദ്ധിപ്പിക്കും.

വേനൽക്കാലം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ...

ചൂടുകാലത്ത് ത്വക്കില്‍ നിന്നും ധാരാളം ജലാംശം നഷ്ടപ്പെടുമെന്നതിനാല്‍ ദിവസവും ധാരാളം വെള്ളം കുടിക്കണം. ഉന്മേഷം ലഭിക്കാനും നിര്‍ജലീകരണം തടയാനും ഇത് കൂടിയേ തീരു. ശരീരത്തിലെ അഴുക്ക് പുറത്തു കളയാനും വെള്ളം സഹായിക്കുന്നു. സംഭാരമാണ് ഏറ്റവും നല്ല ദാഹശമിനി. മോരില്‍ വെള്ളം ചേര്‍ത്ത് ഇഞ്ചിയും നാരകത്തി​​ന്റെ ഇലയും കറിവേപ്പിലയും പച്ചമുളകും അല്‍പം ഉപ്പും ചേര്‍ത്തുള്ള സംഭാരം ഒന്നാന്തരം ദാഹശമിനിയാണ്. കോളകള്‍ ഒരു കാരണവശാലും കഴിക്കരുത്. പാക്കറ്റിലോ കുപ്പിയിലോ വരുന്ന ശീതള പാനീയങ്ങള്‍ വേനല്‍ക്കാലത്ത് ഒഴിവാക്കിയാല്‍ അത്രയും നന്ന്.

മനസും ശരീരവും തണുപ്പിക്കാം...

തൈര് തണുപ്പാണെന്നാണ് എല്ലാവരും കരുതുന്നതെങ്കിലും ചൂടുകാലത്ത് തൈര് കുടിക്കുന്നത് അത്ര നല്ലതല്ല. എന്നാല്‍ മോര് എത്ര വേണമെങ്കിലും കുടിക്കാം. പാല്‍, കാരറ്റ് മില്‍ക്ക്, ബീറ്റ്‌റൂട്ട് മില്‍ക്ക് എന്നിവയൊക്കെ ചൂടുകാലത്ത് കുടിക്കുന്നത് നല്ലതാണ്. ദിവസത്തില്‍ ഒരു തവണയെങ്കിലും ജ്യൂസ് അഥവാ പഴച്ചാര്‍ നിര്‍ബന്ധമാക്കണം. പുളി രസമുള്ള പഴങ്ങളില്‍ ധാരാളം വിറ്റാമിന്‍ സി അടങ്ങിയിട്ടുളളതിനാല്‍ ശരീരത്തെ സൂര്യതാപത്തില്‍ നിന്നും അന്തരീക്ഷ മാലിന്യങ്ങളില്‍ നിന്നും സംരക്ഷിക്കാന്‍ കഴിയും. 

കരിമ്പ് ജ്യൂസ് കുടിക്കുന്നത് ശരീരത്തെ തണുപ്പിക്കാന്‍ സഹായിക്കും. തണ്ണിമത്തന്‍, പാഷന്‍ ഫ്രൂട്ട്, മാമ്പഴം എന്നിവയും ജ്യൂസാക്കി കുടിക്കാവുന്നതാണ്. വഴിയോരങ്ങളിലും ജ്യൂസ് ഷോപ്പുകളിലും തണ്ണിമത്തന്‍ തന്നെയാണ് താരം. ദാഹവും വിശപ്പും ഒരുമിച്ച് ശമിപ്പിക്കാനാണേല്‍ തണ്ണിമത്തന്‍ ജ്യൂസ് തന്നെയാണ് തകര്‍പ്പന്‍. 

മല്ലി, ബാര്‍ളി, പതിമുഖം, രാമച്ചം എന്നിവയിട്ട് തിളപ്പിച്ചാറ്റിയ വെള്ളം വേനലില്‍ അത്യുത്തമമാണ്. വേനല്‍ക്കാലത്ത് ചുക്ക്, ജീരകം എന്നിവയിട്ട് തിളപ്പിച്ച വെള്ളം നിര്‍ബന്ധമായും ഒഴിവാക്കണം. ശുദ്ധമായ മണ്‍കലത്തിലോ കൂജയിലോ രാമച്ചം ഇട്ടുവെച്ച് തണുപ്പിച്ച വെള്ളം കുടിക്കുന്നത് ചൂടിന് ആശ്വാസവും കുളിര്‍മ്മയും നല്‍കും. ഇഞ്ചി ചതച്ചിട്ട മോരിന്‍ വെള്ളം, തേങ്ങവെള്ളം, ഉപ്പും പഞ്ചസാരയും ചേര്‍ത്ത നാരങ്ങാവെള്ളം എന്നിവയും നല്ലതാണ്. 

കുടിവെള്ളം തിളപ്പിക്കുമ്പോള്‍ മൂന്നോ നാലോ ഏലക്ക കൂടിയിട്ടാല്‍ സ്വാദും മണവും കൂടും എന്നാല്‍ തുളസി, ചുക്ക്, ജീരകം തുടങ്ങിയവയിട്ട് തിളപ്പിച്ച വെള്ളം വേനലില്‍ തുടര്‍ച്ചയായി കുടിക്കരുത്. ചൂട് കൂടിയ അന്തരീക്ഷത്തില്‍ നിന്ന് വന്ന ഉടനേ ഫ്രിഡ്ജില്‍ നിന്നെടുത്ത വെള്ളം കുടിക്കുന്നത് ഒഴിവാക്കേണ്ടതുണ്ട്.

വേനലില്‍ ചായയും കാപ്പിയും പരമാവധി കുറയ്ക്കണം. കഫീനും ആല്‍ക്കഹോളും അടങ്ങിയ പാനീയങ്ങള്‍ വേനല്‍ക്കാലത്ത് നല്ലതല്ല. വേനല്‍ക്കാലത്ത് പ്രത്യേകിച്ചും ചര്‍മ്മസംരക്ഷണത്തിന് നല്ലതാണ് പപ്പായ. സ്ഥിരമായി പപ്പായ കഴിച്ചാല്‍ രോഗപ്രതിരോധശേഷിയും ആരോഗ്യവും വര്‍ദ്ധിക്കുകയും ദഹനം സുഗമമാവുകയും ചെയ്യും.