ശരീരഘടന ഭംഗിയാക്കാന്‍ വേണ്ടി ചെറുപ്രായത്തില്‍ തന്നെ പല ഡയറ്റുകളും പരീക്ഷിച്ചു. പക്ഷേ എല്ലാം ഒന്നിന് പിറകെ ഒന്നായി പരാജയപ്പെട്ടു. അങ്ങനെയിരിക്കുമ്പോഴാണ് പുതിയൊരു ഡയറ്റിനെപ്പറ്റി ഓദ്ര അറിയുന്നത്
ശരീരം ഭംഗിയായിരിക്കാനും ആരോഗ്യം കാത്തുസൂക്ഷിക്കാനുമെല്ലാമാണല്ലോ നമ്മള്‍ ഡയറ്റിനെ ആശ്രയിക്കുന്നത്. ഓരോരുത്തരുടേയും ജീവിതസാഹചര്യങ്ങളും ശാരീരികാവസ്ഥകളും കണക്കിലെടുത്താണ് ഡയറ്റ് തീരുമാനിക്കേണ്ടത്. എന്നാല്‍ എല്ലായ്‌പോഴും ഡയറ്റിന് കൃത്യമായ ഫലം ഉണ്ടാകണമെന്നുമില്ല.
ഇതാണ് ഓദ്ര ബെയര്‍ എന്ന അമേരിക്കക്കാരിക്കും സംഭവിച്ചത്. ശരീരഘടന ഭംഗിയാക്കാന്‍ വേണ്ടി ചെറുപ്രായത്തില്‍ തന്നെ പല ഡയറ്റുകളും പരീക്ഷിച്ചു. പക്ഷേ എല്ലാം ഒന്നിന് പിറകെ ഒന്നായി പരാജയപ്പെട്ടു. അങ്ങനെയിരിക്കുമ്പോഴാണ് പുതിയൊരു ഡയറ്റിനെപ്പറ്റി ഓദ്ര അറിയുന്നത്. ഇതൊരു ഡയറ്റ് മാത്രമല്ല, ജീവിതരീതി കൂടിയാണെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്.
'പ്രാണിക് ലൈഫ്‌സ്റ്റൈല്‍' എന്നാണ് ഇതിനെ വിളിക്കുന്നത്. ദിവസത്തില്‍ 40 മിനുറ്റോളം ശ്വസന വ്യായാമങ്ങള്‍ ചെയ്യുന്നതാണ് ഇതിന്റെ പ്രധാന ഭാഗം. വിശക്കുമ്പോള്‍ വായു ഭക്ഷിക്കും പോലെയാണ് ഇതെന്നാണ് ഓദ്ര പറയുന്നത്. ഇതോടൊപ്പം തന്നെ ഭക്ഷണം പൂര്‍ണ്ണമായി ഉപേക്ഷിച്ചു. പകരം നാരങ്ങാനീര്, കരിക്ക്, വിവിധ പഴങ്ങളുടേയും പച്ചക്കറികളുടേയും ജ്യൂസ്, വെള്ളം എന്നിവ മാത്രമുള്ള ഡയറ്റാക്കി.
97 ദിവസം ഈ രീതി തുടര്‍ന്നു. വലിയ മാറ്റമാണ് ശരീരത്തിനും മനസിനും വന്നിരിക്കുന്നതെന്നാണ് ഓദ്ര അവകാശപ്പെടുന്നത്. പ്രകൃതിയുടെ ശക്തി തിരിച്ചറിയുകയും, അതിനെ ഉപയോഗപ്പെടുത്തുകയും ചെയ്യുന്നതാണ് 'പ്രാണിക് ലൈഫ്‌സ്റ്റൈലി'ന്റെ പ്രത്യേകതയെന്ന് ഇവര്‍ പറയുന്നു. കട്ടിയുള്ള ഭക്ഷണങ്ങളെ ശരീരം പിന്നീട് ആവശ്യപ്പെടാതായെന്നും, ഇതുവഴി ശരീരത്തില്‍ അടിഞ്ഞിരുന്ന വിഷപദാര്‍ത്ഥങ്ങളെല്ലാം പുറന്തള്ളാന്‍ ശരീരത്തിന് സാവകാശം ലഭിച്ചുവെന്നും പറയുന്നു.
പുതിയ പരീക്ഷണം വിജയിച്ചതോടെ ഇത് എല്ലാവരിലേക്കുമെത്തിക്കാനാണ് ഈ ഇരുപത്തിയഞ്ചുകാരിയുടെ ലക്ഷ്യം. തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് ഓദ്ര ഇതിന് വേണ്ടിയുള്ള പ്രചരണങ്ങള്‍ നടത്തുന്നത്.
