കഴിഞ്ഞ അഞ്ച് വര്‍ഷമായി ശ്വാസകോശത്തിനെ ബാധിച്ച അസുഖവുമായി ജീവിക്കുകയാണ് ഉത്തര്‍പ്രദേശിലെ ബറേലി സ്വദേശിയായ സഫിയ ജാവേദ് എന്ന പതിനഞ്ചുകാരി. ഒരു വര്‍ഷമായി ഓക്‌സിജന്‍ സിലിണ്ടറിന്റെ സഹായത്തോടെയാണ് സഫിയ ശ്വസിക്കുന്നത്. ഇത് കൂടാതെ അതിജീവിക്കാനാവാത്ത അവസ്ഥയാണ് സഫിയയ്ക്ക്. 

പത്താംക്ലാസ് പരീക്ഷയടുക്കും തോറും സഫിയയുടേയും വീട്ടുകാരുടേയും മനസില്‍ ആശങ്കകളേറെയായിരുന്നു. ഈ അവസ്ഥയില്‍ പരീക്ഷ എഴുതാനാകുമോ? പരീക്ഷ എഴുതാനായില്ലെങ്കില്‍ തുടര്‍ന്നങ്ങോട്ടുള്ള ജീവിതത്തിലേക്ക് എന്ത് പ്രതീക്ഷയാണ് സൂക്ഷിക്കാനാവുക എന്നെല്ലാമായിരുന്നു ഇവരുടെ ചിന്തകള്‍. 

എന്തായാലും പരീക്ഷാഹാളിലേക്ക് ഓക്‌സിജന്‍ സിലിണ്ടര്‍ പ്രവേശിപ്പിക്കാനുള്ള പ്രത്യേക അനുമതിക്ക് വേണ്ടി ഈ കുടുംബം അപേക്ഷിക്കുക തന്നെ ചെയ്തു. അധികം വൈകാതെ, സഫിയയുടെയും കുടുംബത്തിന്റേയും അപേക്ഷ അധികൃതര്‍ അംഗീകരിച്ചു. ഇതോടെ സിബിഎസ്ഇ ബോര്‍ഡ് എക്‌സാം എഴുതാനുള്ള സഫിയയുടെ ആഗ്രഹം സഫലമായിരിക്കുകയാണിപ്പോള്‍. 

പരീക്ഷാഹാളിലേക്ക് ഓക്‌സിജന്‍ സിലിണ്ടറുമായി എത്തിയ പെണ്‍കുട്ടി അങ്ങനെ വാര്‍ത്തകളിലും താരമായിരിക്കുകയാണ്. 

'എനിക്ക് എല്ലാറ്റിനും നന്ദി പറയാനുള്ളത് എന്റെ കുടുംബത്തോട് തന്നെയാണ്. ഏത് തളര്‍ച്ചയിലും എന്റെ കൂടെ നില്‍ക്കുന്നത് അവരാണ്. പഠിച്ച് എന്തായിത്തീരണം എന്നൊന്നും ഞാന്‍ നിശ്ചയിച്ചിട്ടില്ല. ഏറ്റവും ഇഷ്ടപ്പെട്ട വിഷയം കംപ്യൂട്ടര്‍ സയന്‍സാണ്. അതുതന്നെ പഠിക്കാനാണ് ആഗ്രഹം..'- പരീക്ഷയെഴുതിയ സന്തോഷത്തോടെ സഫിയ പ്രതികരിച്ചു.