പാന്‍ക്രിയാസ് ഇന്‍സുലിന്‍ ഉത്പാദിപ്പിക്കാതെ ഇരിക്കുന്നതിനെ തുടര്‍ന്ന് ഉണ്ടാകുന്ന രോഗസാഹചര്യമാണ് ടൈപ്പ് 1 പ്രമേഹം.
പ്രമേഹത്തെ ഒരു ജീവിതശൈലീരോഗമെന്ന നിലയിലാണ് നാം കണക്കാക്കിയിട്ടുള്ളത്. പ്രമേഹം രണ്ട് തരത്തിലുണ്ട്. ടൈപ്പ്-1 പ്രമേഹവും ടൈപ്പ്-2 പ്രമേഹവും. ടൈപ്പ്-2 പ്രമേഹമാണ് സാധാരണയായി ആളുകളില്‍ കാണുന്നത്. എന്നാല്‍ ലോകത്ത് നിലവില്‍ 8.4 ദശലക്ഷം പേരാണ് ടൈപ്പ് 1 പ്രമേഹവുമായി ജീവിക്കുന്നത്.
ഇത് 2040 ഓടെ 13.5 ദശലക്ഷം മുതല്‍ 17.4 ദശലക്ഷം വരെ ഉയരാന്‍ സാധ്യതയുണ്ടെന്ന് ദ ലാന്‍സറ്റ് ഡയബറ്റീസ് ആന്‍ഡ് എന്‍ഡോക്രിനോളജിയില്‍ പ്രസിദ്ധീകരിച്ച പുതിയ മോഡലിങ് പഠനം പറയുന്നു. ഓസ്ട്രേലിയ, കാനഡ, ലക്സംബര്‍ഗ്, അമേരിക്ക എന്നിവിടങ്ങളിലെ ഗവേഷകര്‍ ചേര്‍ന്നാണ് പഠനം നടത്തിയത്.
പാന്‍ക്രിയാസ് ഇന്‍സുലിന്‍ ഉത്പാദിപ്പിക്കാതെ ഇരിക്കുന്നതിനെ തുടര്‍ന്ന് ഉണ്ടാകുന്ന രോഗസാഹചര്യമാണ് ടൈപ്പ് 1 പ്രമേഹം. ടൈപ്പ് 1 പ്രമേഹം മൂലം അകാലത്തില്‍ മരണപ്പെട്ടില്ലായിരുന്നെങ്കില്‍ 2021ല്‍ 31 ലക്ഷം പേരെങ്കിലും ജീവനോടെ ഇരുന്നേനെ എന്നും ഗവേഷണറിപ്പോര്‍ട്ടില്‍ പറയുന്നു. രോഗം കണ്ടെത്താന്‍ സാധിക്കാത്തതിനാല്‍ ഏഴ് ലക്ഷം പേര്‍ക്കെങ്കിലും ജീവഹാനി നേരിട്ടിട്ടുണ്ടെന്നും ഗവേഷകര്‍ പറയുന്നു.
ടൈപ്പ് 1 പ്രമേഹ രോഗികളില്‍ 18 ശതമാനവും 20 വയസ്സിന് താഴെ പ്രായമുള്ളവരാണ്. 64 ശതമാനം പേര്‍ 20നും 59നും ഇടയില്‍ പ്രായമുള്ളവരും 19 ശതമാനം 60ന് മുകളില്‍ പ്രായമുള്ളവരുമാണ്. അമേരിക്ക, ഇന്ത്യ, ബ്രസീല്‍, ചൈന, ജര്‍മനി, യുകെ, റഷ്യ, കാനഡ, സൗദി അറേബ്യ, സ്പെയ്ന്‍ എന്നിവിടങ്ങളിലാണ് ടൈപ്പ് 1 പ്രമേഹ ബാധിതരില്‍ കൂടുതലുള്ളതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
20ന് താഴെയുള്ള ടൈപ്പ് 1 പ്രമേഹ ബാധിതരില്‍ 2,29,400 കേസുകളുമായി ഒന്നാം സ്ഥാനത്താണ് ഇന്ത്യയെന്ന് ഇന്‍റര്‍നാഷണല്‍ ഡയബറ്റീസ് ഫെഡറേഷന്‍റെ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. ഓരോ വര്‍ഷവും പുതുതായി 24,000 പേര്‍ക്ക് ഇന്ത്യയില്‍ ടൈപ്പ് 1 പ്രമേഹം കണ്ടെത്തുന്നു. ജനിതകമായ ഘടകങ്ങളാണ് ഇതില്‍ വലിയ സ്വാധീനം ചെലുത്തുന്നത്.
