കൊവിഡ്19 അഥവാ കൊറോണ വൈറസ് ബാധ ആശങ്ക വര്‍ധിച്ച് പടരുന്ന സാഹചര്യത്തില്‍ പരസ്പരം ചുംബിക്കുന്നത് ഒഴിവാക്കണമെന്ന് പല രാജ്യങ്ങളിലും നിര്‍ദ്ദേശം. ഇറ്റലി, ഫ്രാന്‍സ്, സ്വിറ്റ്‌സര്‍ലന്‍ഡ് എന്നിവിടങ്ങളിലെ സര്‍ക്കാരാണ് പരസ്പരം ചുംബക്കുന്നത് ഇനി വേണ്ട എന്ന നിര്‍ദ്ദേശം ജനങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്. 

സാമൂഹിക അകലം പാലിക്കുകയാണ് വൈറസ് വ്യാപിക്കുന്നത് തടയുന്നതിനുള്ള മികച്ച മാര്‍ഗമെന്നും അതിനാൽ ചുംബിച്ച് അഭിവാദ്യം ചെയ്യുന്നത് ഉപേക്ഷിക്കുന്നതിനെക്കുറിച്ച് ഗൗരവമായി ആലോചിക്കണമെന്നും  സ്വിറ്റ്‌സര്‍ലന്‍ഡ് ആരോഗ്യമന്ത്രി അലൈൻ ബെർസെറ്റ് പറഞ്ഞു. സ്വിറ്റ്‌സര്‍ലന്‍ഡിൽ ആളുകൾ തമ്മിൽ ചുംബിച്ച് അഭിവാദ്യം ചെയ്യുന്നത് പതിവാണ്.

പരസ്പരം ഹസ്തദാനം നൽകുന്നത് നിർത്തണമെന്നും കൈകൾ പതിവായി കഴുകുകയോ അണുവിമുക്തമാക്കുകയോ ചെയ്യുന്നത് രോ​ഗം പടരാതിരിക്കുന്നതിൽ പ്രധാനമാണെന്ന് ലോകാരോഗ്യ സംഘടന നിർദ്ദേശിക്കുന്നുണ്ടെന്നും സ്വിസ് ഫെഡറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹെൽത്തിലെ സാംക്രമിക രോഗ യൂണിറ്റ് മേധാവി ഡാനിയേൽ കോച്ച് മാധ്യമങ്ങളോട് വ്യക്തമാക്കി. കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ട സാഹചര്യത്തിൽ ഹസ്തദാനം നൽകി അഭിവാദ്യം ചെയ്യുന്നത് നിർത്തണമെന്ന് വെള്ളിയാഴ്ച ഫ്രഞ്ച് ആരോഗ്യമന്ത്രി ഒലിവിയർ വെരൻ ജനങ്ങൾ‌ക്ക് നിർദ്ദേശം നൽകിയിരുന്നു. യൂറോപ്പില്‍ കൊറോണ വൈറസ് ഏറ്റവും മോശമായി ബാധിച്ച ഇറ്റലിയുമായി അതിര്‍ത്തി പങ്കിടുന്ന രാജ്യങ്ങളാണ് സ്വിറ്റ്‌സര്‍ലന്‍ഡും ഫ്രാന്‍സും.  

ഇറ്റലിയിലും പരസ്പരം ചുംബിക്കുന്നത് ഒഴിവാക്കണമെന്ന് പറഞ്ഞ സര്‍ക്കാര്‍ സ്കൂളുകളും കോളേജുകളും അടച്ചിടാനുമുളള നിര്‍ദ്ദേശവും നല്‍കി കഴിഞ്ഞു. അതുപോലെ തന്നെ ഫ്രാന്‍സിലും പരസ്പരം ചുംബിക്കുന്നത് ഒഴിവാക്കണമെന്ന നിര്‍ദ്ദേശമാണ് സര്‍ക്കാരിന്‍റെ നിര്‍ദ്ദേശം.