ചർമ്മസംരക്ഷണത്തിന് ഏറ്റവും മികച്ച ഒന്നാണ് ചെറുപയർ പൊടി. ദിവസവും അൽപം ചെറുപയർ പൊടി മുഖത്ത് പുരട്ടുന്നത് കണ്ണിന് ചുറ്റുമുള്ള കറുത്തപാട്, മുഖക്കുരു, വരണ്ട ചർമ്മം എന്നിവ അകറ്റാൻ സഹായിക്കും. ചെറുപയർ പൊടിയും രണ്ട് ടീസ്പൂൺ റോസ് വാട്ടറും ചേർത്ത് 15 മിനിറ്റ് മുഖത്തിടുക. ശേഷം തണുത്ത വെള്ളത്തിലോ ചെറുചൂടുവെള്ളത്തിലോ കഴുകി കളയുക. ഇത് പുരട്ടുന്നത് മുഖത്തെ ചുളിവുകൾ മാറാനും മുഖക്കുരു മാറാനും ഏറെ നല്ലതാണ്.

വരണ്ട ചർമ്മമുള്ളവർ സോപ്പിന് പകരം ചെറുപയർ പൊടി ഉപയോ​ഗിക്കുന്നതാണ് ​കൂടുതൽ നല്ലത്. ചെറുപയര്‍ പൊടിക്ക് ആന്റിബാക്ടീരിയല്‍ ഗുണങ്ങള്‍ ധാരാളമുണ്ട്. ഇത് ചര്‍മത്തിന്റെ ഉള്ളിലേക്കിറങ്ങി ചര്‍മ കോശങ്ങളെ വൃത്തിയാക്കുന്നു. ചര്‍മ കോശങ്ങളിലേക്ക് ആഴ്ന്നിറങ്ങുന്നത് കൊണ്ടു തന്നെ കോശങ്ങള്‍ക്ക് ഇറുക്കം നല്‍കാനും ചര്‍മം അയഞ്ഞു തൂങ്ങുന്നതും ചുളിവുകള്‍ വീഴുന്നതും തടയാനും ഇത് സഹായിക്കുന്നു.

തൈരും ചെറുപയര്‍ പൊടിയും കലര്‍ത്തി മുഖത്തു പുരട്ടിയാൽ പല സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കുമുള്ള പരിഹാരമാണ്. ‌തൈരിലെ ലാക്ടിക് ആസിഡ് സ്വാഭാവിക ബ്ലീച്ചിംഗ് ഗുണം നല്‍കുന്ന ഒന്നാണ്. ഇതു വഴി ചര്‍മത്തിനു നിറം നല്‍കും. ചെറുപയര്‍ പൊടിയും തൈരും കലര്‍ത്തി മുഖത്തു പുരട്ടുന്നത് ചര്‍മത്തിന് നിറം വർധിപ്പിക്കാൻ സഹായിക്കുന്നു. ബ്ലാക്ക് ഹെഡ്സ് മാറാൻ ചെറുപയര്‍ പൊടിയും തേനും ചേർത്ത് പുരട്ടാവുന്നതാണ്.