ഫാറ്റി ലിവർ ഇന്ന് മിക്കവരിലും കണ്ട് വരുന്ന രോ​ഗമാണ്. കൊഴുപ്പ് കൂടിയ ആഹാരങ്ങളാണ് ഫാറ്റി ലിവറിന് കാരണമാകുന്നത്. അനിയന്ത്രിതമായ പ്രമേഹം, അമിതവണ്ണം, ഉയര്‍ന്ന കൊളസ്ട്രോള്‍ തുടങ്ങിയവയൊക്കെ ഫാറ്റി ലിവറിന് വഴിയൊരുക്കുന്ന ഘടകങ്ങളാണ്. അമിതവണ്ണമുള്ളവരിലും മദ്യപിക്കുന്നവരിലുമാണ് ഫാറ്റി ലിവർ കൂടുതലായി കണ്ട് വരുന്നത്. 

ഫാറ്റി ലിവർ തടയാൻ ഏറ്റവും നല്ലതാണ് ഇലക്കറികൾ. പച്ചനിറത്തിലുള്ള ഇലക്കറികൾ ധാരാളം കഴിച്ചാൽ ഫാറ്റി ലിവർ വരാനുള്ള സാധ്യത കുറയ്ക്കുമെന്ന് പഠനം. പച്ചനിറത്തിലുള്ള ഇലക്കറികളിൽ ഇനോർഗാനിക് നൈട്രേറ്റ് ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് കരളിൽ കൊഴുപ്പ് അടിഞ്ഞ് കൂടുന്നത് തടയും. സ്വീഡനിലെ കരോലിൻസ്ക ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകർ എലികളിൽ നടത്തിയ പഠനത്തിലാണ് ഇലക്കറികൾ ഫാറ്റിലിവർ രോഗം തടയുമെന്ന് കണ്ടെത്തിയത്. 

കൊഴുപ്പും മധുരവും കൂടിയ പാശ്ചാത്യ ഭക്ഷണത്തോടൊപ്പം ഡയറ്ററിനൈട്രേറ്റും എലികൾക്ക് നൽകി. ഇവയുടെ കരളിൽ കൊഴുപ്പിന്റെ അംശം കുറവാണെന്ന് കണ്ടെത്തുകയായിരുന്നു. പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുന്നത് ഹൃദ്രോ​ഗങ്ങൾ തടയാനും പ്രമേഹത്തിനും ഗുണകരമാണെന്നും പഠനത്തിൽ പറയുന്നു. 

ഇലക്കറികളും പഴങ്ങളും കഴിക്കുന്നത് ഉയർന്ന രക്തസമ്മർദം കുറയ്ക്കാനും സഹായിക്കുമെന്ന് ​ഗവേഷകനായ മത്തിയാസ് കാർൽസ്ട്രോം പറയുന്നു. ഫാറ്റി ലിവർ സീറോസിസിലേക്കും കരളിലെ അർബുദത്തിലേക്കും നയിക്കാമെന്നും അദ്ദേഹം പറയുന്നു. പ്രൊസീഡിങ്സ് ഓഫ് ദി നാഷണൽ അക്കാദമി ഓഫ് സയൻസസിൽ ഈ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.