ഈ കൊറോണ കാലത്ത് സാമൂഹികാകലം പാലിക്കുക, കെെകൾ എപ്പോഴും ആൽക്കഹോൾ അടങ്ങിയ സാനിറ്റെെസർ ഉപയോ​ഗിച്ച് 20 സെക്കന്റ് കഴുകുക എന്നിവയെല്ലാമാണ് പ്രധാനമായി ശ്രദ്ധിക്കേണ്ടത്. ഈ സമയത്ത് ലെെം​ഗിക ജീവിതത്തിലും അൽപം ശ്രദ്ധ പുല‍ർത്തണമെന്ന് ആരോഗ്യമേഖലയിലെ പ്രമുഖര്‍ പറയുന്നു.

കൊവിഡ് 19 കാലത്തെ സെക്സിന് വേണ്ടി പ്രത്യേകം ഗൈഡ്‍ലൈന്‍ പോലും ചില രാജ്യങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്. ഇത്തരം ഗൈഡ്‍ലൈനുകള്‍ ആ‍ര്‍ക്ക് വേണമെങ്കിലും പിന്തുടരാവുന്നതുമാണ്. വൈറസ് ബാധയെ പ്രതിരോധിക്കാൻ വേണ്ടി സാമൂഹികാകലം പാലിക്കുന്ന ഈ ഘട്ടത്തിൽ പലരുമായുള്ള ലൈംഗികബന്ധം നല്ലതല്ലെന്ന് വിദഗ്ധ‍‍ര്‍ പറയുന്നു.

'പങ്കാളിയല്ലാത്ത മറ്റാരെങ്കിലുമായും ലൈംഗികബന്ധം സൂക്ഷിക്കുന്നുണ്ടെങ്കില്‍ നിലവിലെ സാഹചര്യത്തിൽ അത് പൂ‍ര്‍ണ്ണമായി ഒഴിവാക്കുന്നതാണ് നല്ലതെന്ന് ​​ഗെെഡിൽ പറയുന്നു.

പങ്കാളിയുമായുള്ള ലൈംഗികജീവിതത്തിൽ കരുതേണ്ട പ്രധാന വിഷയങ്ങളെ കുറിച്ച് 'ന്യൂയോര്‍ക്ക് സിറ്റി ഡിപാര്‍ട്ട്മെന്‍റ് ഓഫ് ഹെല്‍ത്ത് ആന്‍റ് മെന്‍റല്‍ ഹൈജീന്‍' (എൻവൈസി ഹെൽത്ത്)  പ്രസിദ്ധീകരിച്ച ഗൈഡ്‍ലൈനില്‍ വിശദമായി പ്രതിപാദിക്കുന്നുണ്ട്. ഈ സമയത്ത് ലൈംഗിക തൃപ്തിക്ക് വേണ്ടി സ്വയംഭോഗത്തെ ആശ്രയിക്കുന്നതാണ് ആരോഗ്യകരമെന്ന് ഗൈഡ്‍ലൈനിൽ പറയുന്നു. 

പങ്കാളിയുമായി ലൈംഗികബന്ധത്തിലേ‍ര്‍പ്പെടുന്നുണ്ടെങ്കില്‍ അതിന് ശേഷവും മുമ്പും കുറഞ്ഞത് 20 സെക്കൻഡ് നേരം നിങ്ങളുടെ കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകാൻ പ്രത്യേകം ശ്രദ്ധിക്കണമെന്നും ​ഗെെഡിൽ പറയുന്നു. 

യോനി ദ്രാവകത്തിലൂടെയോ ശുക്ലത്തിലോ വൈറസ് പകരുമെന്നതിന് തെളിവുകളൊന്നുമില്ലെന്നും ഗെെഡിൽ പറയുന്നു . ഉമിനീർ, വായിൽ നിന്നും മൂക്കിൽ നിന്നും തെറിക്കുന്ന സ്രവം എന്നിവയിലൂടെ വൈറസ് എളുപ്പത്തിൽ പടരുന്നുവെന്ന് ഗൈഡിൽ പറയുന്നു. ഇനി എൻവൈസി ഹെൽത്ത് പ്രസിദ്ധീകരിച്ച ഗൈഡ്‍ലൈനിലെ അഞ്ച് സുപ്രധാന കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം....

1. പങ്കാളിയല്ലാത്ത മറ്റാരുമായും ലൈംഗിക ബന്ധത്തിൽ ഏർപ്പെടരുത്.

2. ചുംബനത്തിലൂടെ കൊവിഡ‍് എളുപ്പത്തിൽ പകരാം. അതിനാൽ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കുക.

3. കോണ്ടം, ഡെന്റൽ ഡാമുകൾ എന്നിവ കൊവിഡ് പകരാനുള്ള സാധ്യത കുറയ്ക്കും.

4. സെക്സിന് മുമ്പും ശേഷവും കെെകൾ 20 സെക്കന്റ് സമയമെടുത്ത് വൃത്തിയായി കഴുകുക.

5. നിങ്ങൾക്കോ ​​നിങ്ങളുടെ പങ്കാളിക്കോ കൊവിഡ് 19 രോഗലക്ഷണങ്ങളിലേതെങ്കിലും കാണുകയാണെങ്കിൽ ലൈംഗിക സമ്പർക്കവും ചുംബനവും പൂർണ്ണമായും ഒഴിവാക്കണം. മാത്രമല്ല മറ്റുള്ളവരിൽ നിന്ന് അകലം പാലിക്കുകയും വേണം.