Asianet News MalayalamAsianet News Malayalam

കൊവിഡ് രോഗികളില്‍ ആയുര്‍വേദ മരുന്നുകള്‍ പരീക്ഷിക്കാന്‍ ഗുജറാത്ത്...

പ്രത്യേക കേന്ദ്രത്തില്‍ താമസിപ്പിച്ച്, ചിട്ടയായ രീതിയില്‍ ചികിത്സ നടത്താനാണ് തീരുമാനം. ഒപ്പം തന്നെ കൃത്യമായ ഡയറ്റുള്‍പ്പെട്ട പഥ്യവും നോക്കും. കൊറോണ വൈറസ് ഇത്രയധികം പടരുന്നതിന് മുമ്പ് തന്നെ തങ്ങള്‍ ആയുര്‍വേദത്തെ ആശ്രയിച്ചുതുടങ്ങിയിരുന്നുവെന്നും ഇതില്‍ മികച്ച ഫലമാണ് അനുഭവപ്പെട്ടിരുന്നതെന്നും ഗുജറാത്തിലെ സര്‍ക്കാര്‍ പ്രതിനിധികള്‍ അവകാശപ്പെടുന്നുണ്ട്

gujarat to experiment ayurvedic medicines for covid 19
Author
Gujarat, First Published Apr 27, 2020, 7:48 PM IST

കൊവിഡ് 19 രോഗം ബാധിച്ചവരില്‍ ആയുര്‍വേദ മരുന്നുകള്‍ പരീക്ഷിക്കുമെന്നറിയിച്ച് ഗുജറാത്തിലെ ആരോഗ്യവകുപ്പ് രംഗത്ത്. കൊറോണ വൈറസ് വ്യാപകമാകുന്ന പശ്ചാത്തലത്തില്‍ ആയുര്‍വേദ ചികിത്സാരീതികളുടെ പ്രാധാന്യത്തെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം 'മന്‍ കി ബാത്ത്' പരിപാടിയിലൂടെ സംസാരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ അറിയിപ്പുമായി ഗുജറാത്ത് സര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്. 

കൊവിഡ് ഹോട്ട്‌സ്‌പോട്ടായ അഹമ്മദാബാദില്‍ നിന്നുള്ള 75 രോഗികളിലാണ് മരുന്നുകള്‍ പരീക്ഷിക്കുക. ഇവരുടെ പൂര്‍ണ്ണസമ്മതം ഇതിന് വേണ്ടി ലഭിച്ചിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് അറിയിക്കുന്നു. കൊറോണ വൈറസ് രോഗികളില്‍ സാധാരണഗതിയില്‍ കണ്ടുവരുന്ന പനി, ചുമ, ശ്വാസതടസം തുടങ്ങിയ ലക്ഷണങ്ങളൊന്നുമില്ലാത്ത എന്നാല്‍ വൈറസ് ബാധയുണ്ടെന്ന് സ്ഥിരീകരിക്കപ്പെട്ട രോഗികളെയാണ് ഇതിനായി തെരഞ്ഞെടുത്തിരിക്കുന്നത്. 

പ്രത്യേക കേന്ദ്രത്തില്‍ താമസിപ്പിച്ച്, ചിട്ടയായ രീതിയില്‍ ചികിത്സ നടത്താനാണ് തീരുമാനം. ഒപ്പം തന്നെ കൃത്യമായ ഡയറ്റുള്‍പ്പെട്ട പഥ്യവും നോക്കും. കൊറോണ വൈറസ് ഇത്രയധികം പടരുന്നതിന് മുമ്പ് തന്നെ തങ്ങള്‍ ആയുര്‍വേദത്തെ ആശ്രയിച്ചുതുടങ്ങിയിരുന്നുവെന്നും ഇതില്‍ മികച്ച ഫലമാണ് അനുഭവപ്പെട്ടിരുന്നതെന്നും ഗുജറാത്തിലെ സര്‍ക്കാര്‍ പ്രതിനിധികള്‍ അവകാശപ്പെടുന്നുണ്ട്.

'നേരത്തേ സംസ്ഥാനത്തെ 1.26 കോടി ആളുകള്‍ക്ക് ആയുഷ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ നേതൃത്വത്തില്‍ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിനുള്ള ആയുര്‍വേദ മരുന്നുകള്‍ സൗജന്യമായി നല്‍കിയിരുന്നു. ഇക്കൂട്ടത്തില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന ഏഴായിരത്തിലധികം പേരുമുള്‍പ്പെട്ടിരുന്നു. ഇവരില്‍ 21 പേര്‍ക്ക് മാത്രമാണ് പിന്നീട് കൊവിഡ് 19 സ്ഥിരീകരിച്ചുള്ളൂ...'- ആരോഗ്യവകുപ്പ് പ്രിന്‍സിപ്പള്‍ സെക്രട്ടറിയായ ജയന്തി രവി പറയുന്നു. 

Also Read:- ചൂടുവെള്ളം കുടിക്കുക, പൊതുസ്ഥലങ്ങളില്‍ തുപ്പരുത്; പ്രധാനമന്ത്രിയുടെ ആരോ​ഗ്യ നിർദേശങ്ങൾ...

22 വിദഗ്ധരുടെ മേല്‍നോട്ടത്തില്‍ വിവിധ പച്ചമരുന്നുകള്‍ ചേര്‍ത്തുണ്ടാക്കിയ മരുന്ന്, സംസ്ഥാനത്തെ 568 ആയുര്‍വേദിക് സെന്ററുകളിലൂടെയും 38 ആശുപത്രികളിലൂടെയുമാണ് വിതരണം ചെയ്തതെന്നും ഇവര്‍ പറയുന്നു. ആയുര്‍വേദമരുന്ന് മാത്രമല്ല, പ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ ഹോമിയോ മരുന്നുകളും സംസ്ഥാനത്ത് വ്യാപകമായി വിതരണം ചെയ്തതായാണ് റിപ്പോര്‍ട്ട്. 

അഹമ്മദാബാദില്‍ മാത്രം ഇതുവരെ 102 കൊവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 2,167 രോഗികളും ഇവിടെയുണ്ട്. 

Follow Us:
Download App:
  • android
  • ios