ചെന്നൈ: പതിമൂന്ന് വയസായ പെൺകുട്ടിയുടെ വയറ്റിൽ നിന്ന് നീക്കം ചെയ്തത് അരക്കിലോയിലധികം തലമുടിയും കാലിയായ ഷാംപൂ പാക്കറ്റുകളും. കോയമ്പത്തൂരിലെ സിറ്റി ആശുപത്രിയാണ് ഈ വിചിത്ര സംഭവത്തിന് സാക്ഷ്യം വഹിച്ചത്. ഇടയ്ക്കിടെ വയറുവേദന അനുഭവപ്പെടാറുള്ള പെൺകുട്ടിയുമായി മാതാപിതാക്കൾ ഡോക്ടറെ സമീപിക്കുകയായിരുന്നു.

കോയമ്പത്തൂരിലെ വി ജി എം ആശുപത്രിയിലാണ് പെൺകുട്ടിയെ പ്രവേശിപ്പിച്ചത്. പിന്നാലെ നടത്തിയ സ്കാനിം​ഗിൽ വയറ്റിനുള്ളിൽ ബോൾ പോലുള്ള എന്തോ ഒന്ന് ഉണ്ടെന്ന് ഡോക്ടർമാർ കണ്ടെത്തി. തുടർന്ന് എൻഡോസ്കോപ്പിയിലൂടെ അത് നീക്കം ചെയ്യാൻ ഡോക്ടർമാർ തീരുമാനിച്ചതായി ആശുപത്രി ചെയർമാൻ വി ജി മോഹൻ പ്രസാദ് അറിയിച്ചു. എന്നാൽ ഈ ശ്രമം വിഫലമായതിനെ തുടർന്ന് സർജറി നടത്താൻ തീരുമാനിക്കുകയായിരുന്നു.

ഡോക്ടർമാരെ ഞെട്ടിച്ചുകൊണ്ടായിരുന്നു പെൺകുട്ടിയുടെ വയറ്റിൽ നിന്നും ഷാംപൂ പാക്കറ്റുകളും തലമുടിയും കണ്ടെത്തിയത്. ശേഷം സർജറിയിലൂടെ ഇവ പുറത്തെടുത്തു. ഡോക്ടർ ഗോകുൽ കൃപാശങ്കറും സംഘവുമാണ് വിജയകരമായി സർജറി പൂർത്തിയാക്കിയത്. അടുത്ത ബന്ധുക്കളുടെ മരണത്തിൽ വിഷമത്തിലായ പെൺകുട്ടി ഷാംപൂ പാക്കറ്റ്, മുടി പോലുള്ള വസ്തുക്കൾ കഴിക്കുകയായിരുന്നുവെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പെൺകുട്ടി ആരോഗ്യനില കൈവരിച്ചതായി ആശുപത്രി ചെയർമാൻ അറിയിച്ചു.