പ്രസവശേഷം ഏകദേശം ഒരു വര്‍ഷത്തോളം മുടി നല്ല പോലെ കൊഴിയാറുണ്ട്. മുടിയുടെ വളര്‍ച്ചയെ സഹായിക്കുന്ന ഈസ്ട്രജനും പ്രൊജസ്ട്രോണും ഉള്‍പ്പെടെയുള്ള ഹോര്‍മോണുകളുടെ പ്രവര്‍ത്തനം അധികമായി നടക്കുന്നതിനാല്‍ ഗര്‍ഭിണിയായിരിക്കുമ്പോള്‍ മുടി നല്ല ആരോഗ്യത്തോടെയും നല്ല തിളക്കത്തോടെയുമിരിക്കും. എന്നാല്‍ പ്രസവശേഷം ഹോര്‍മോണുകള്‍ സാധാരണഗതിയിൽ ആകുന്നതോടെ മുടി കൊഴിച്ചില്‍ വീണ്ടും തുടങ്ങും. പ്രസവശേഷമുള്ള മുടി കൊഴിച്ചില്‍ ഒരു പരിധി വരെ തടയാൻ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.

ഒന്ന്...

കുഞ്ഞിനെയെന്ന പോലെ മുടിയെയും സൗമ്യമായി പരിചരിക്കുക. അമര്‍ത്തി മുടി ചീകുന്നതും അമിത ചൂടോ തണുപ്പോ നല്‍കുന്നതുമൊക്കെ താല്‍ക്കാലികമായി നിര്‍ത്തി വയ്ക്കുക. 

രണ്ട്...

മുലയൂട്ടുന്ന സമയമായതിനാല്‍ ഭക്ഷണക്രമം ഏറെക്കുറെ സമീകൃതമായിരിക്കുമെങ്കിലും മുടിയുടെ ആരോഗ്യത്തിന് ഗുണകരമായ ഇലക്കറികളും മറ്റും കൂടുതലായി ഭക്ഷണത്തിൽ ഉള്‍പ്പെടുത്തുക. 

മൂന്ന്...

ഗര്‍ഭകാലത്ത് കഴിച്ചിരുന്ന പല വൈറ്റമിന്‍ സപ്ലിമെന്‍റ്സുകളും പ്രസവശേഷം നിര്‍ത്താറുണ്ട്. ആവശ്യമെങ്കില്‍ ഡോക്ടറോട് ചോദിച്ച് ഈ സപ്ലിമെന്‍റ്സുകള്‍ തുടരാവുന്നതാണ്.

നാല്...

മുടികൊഴിച്ചിൽ അകറ്റാൻ ഏറ്റവും മികച്ചതാണ് ഒലീവ് ഓയിൽ. ഒലീവ് ഓയിലും നാരങ്ങാനീരും ചേർത്ത് തലയിൽ പുരട്ടുന്നത് താരൻ അകറ്റാനും മുടി ബലമുള്ളതാക്കാനും സഹായിക്കുന്നു. ഇരുപതു മിനിറ്റിനു ശേഷം കഴുകിക്കളയാം. ആഴ്ച്ചയിൽ രണ്ടോ മൂന്നോ തവണ ഇത് പുരട്ടാം.

അഞ്ച്...

പ്രോട്ടീൻ ധാരാളം അടങ്ങിയ മുട്ട മുടിക്ക് നല്ലൊരു ഹെയർ പാക്കാണെന്ന് പറയാം. ആഴ്ച്ചയിൽ രണ്ട് തവണ മുട്ടയുടെ വെള്ള, വെളിച്ചെണ്ണ എന്നിവ ചേർത്ത് തലയിൽ പുരട്ടുന്നത് മുടി തഴച്ച് വളരാൻ സഹായിക്കും. 

ആറ്...

പ്രോബയോട്ടിക്സ് ധാരാളമായി അടങ്ങിയിട്ടുള്ള തൈര് മുടിവളർച്ചയെ പരിപോഷിപ്പിക്കുന്നതിനൊപ്പം നല്ലൊരു കണ്ടീഷണർ കൂടിയാണ്. അരക്കപ്പ് തൈര് മുടിയിൽ നന്നായി തേച്ചുപിടിപ്പിച്ച് മുടി ഒരു ടവൽ ഉപയോഗിച്ചു പൊതിഞ്ഞു വയ്ക്കുക. പതിനഞ്ചു മിനിറ്റിനുശേഷം കഴുകിക്കളയാം. 

ഏഴ്...

ദിവസവും ഒരു മണിക്കൂർ വെളിച്ചെണ്ണ ഉപയോ​ഗിച്ച് തല മസാജ് ചെയ്യുന്നത് തലമുടി കരുത്തോടെ വളരാൻ സഹായിക്കും.