തലവേദന ഇന്ന് പലർക്കും വലിയ പ്രശ്നമാണ്. എന്ത് കൊണ്ടാണ് തലവേദന വരുന്നതെന്ന് പലർക്കും അറിയില്ല. ഏതുതരം തലവേദനയായാലും പെട്ടെന്നൊന്നും മാറുന്നില്ലെങ്കിൽ വിദഗ്ധ പരിശോധന നടത്തുകതന്നെ വേണം. 

തലച്ചോറിന്റെയും ബന്ധപ്പെട്ട ഞരമ്പുകളുടെയും തലയ്ക്കു പുറമേയുള്ള ഭാഗങ്ങളുടെയും പ്രശ്നങ്ങൾ കാരണമാണു സാധാരണഗതിയിൽ തലവേദനയുണ്ടാവുക. വാതം, പിത്തം, കഫം എന്നിവകൊണ്ടും തലവേദന വരാം. വയറു കേടായാലും തലവേദന വരാനിടയുണ്ട്.. 

തണുത്ത കാറ്റടിച്ചാലും മഞ്ഞു കൊണ്ടാലും കാലാവസ്ഥ നോക്കാതെ തണുത്ത വെള്ളം കുടിച്ചാലും ഉറക്കമൊഴിച്ചാലും വെയിലധികം കൊണ്ടാലും കഠിനമായ ജോലി തുടർച്ചയായി ചെയ്താലും തണുത്ത വെള്ളത്തിൽ മുങ്ങിക്കുളിച്ചാലും ചിലർക്കു തലവേദന ഉണ്ടാകാറുണ്ട്.

പനി വരുന്നതിന് മുമ്പ് ചിലർക്ക് തലവേദന ഉണ്ടാകാറുണ്ട്. മലബന്ധം, ഗ്യാസ് എന്നിവയുള്ളവർക്കും തലവേദന വരാം. കണ്ണോ മൂക്കോ ചെവിയോ വായയോ ആയി ബന്ധപ്പെട്ട രോഗം വന്നാലും തലവേദനയുണ്ടാകാം. കണ്ണിലെ പ്രഷർ കൂടിയാൽ തലവേദന ഉറപ്പ്. തുടർച്ചയായി നിൽക്കുന്ന കടുത്ത തലവേദനയാണു മൈഗ്രേൻ. 

തലയുടെ ഉൾവശത്തും പുറമേയുള്ളതുമായ രക്തക്കുഴലുകൾ തുടർച്ചയായി വികസിക്കുന്നതുകൊണ്ടാണ് ഇങ്ങനെയൊരു തലവേദന വരിക. ചിലർക്കു ഛർദിച്ചാൽ മൈഗ്രേൻ കുറയും.

മുഖത്തിന്റെയോ തലയുടെയോ ഒരുഭാഗം മാത്രമായി വരുന്ന തലവേദനയുണ്ട്. ഈ തലവേദന രണ്ടാഴ്ച കൂടുമ്പോൾ വന്നുകൊണ്ടിരിക്കും. പല തലവേദനകൾക്കും കാരണം നിർജലീകരണമാണ്. അതുകൊണ്ടു തലവേദന വന്നാൽ നന്നായി വെള്ളം കുടിക്കണം.