Asianet News MalayalamAsianet News Malayalam

ഭാര്യക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടും ജോലി തുടർന്നു;16 സഹപ്രവർത്തകരിലേക്ക് രോഗം പടർത്തി ഹെൽത്ത് അസിസ്റ്റന്റ്

ഭാര്യക്ക് കൊവിഡ് പോസിറ്റീവ് ആണെന്ന് വിളിച്ചുപറഞ്ഞിട്ടും അയാൾ അത് ഒളിച്ചുവെച്ചുകൊണ്ട് ജോലിക്ക് പോകുന്നത് തുടർന്നു. മഹാരാഷ്ട്രയിലെ പാൽഘറിലാണ് സംഭവം 

health assistant spreads Covid to 16 co workers not going to quarantine after wife testing positive
Author
Wada, First Published Jul 1, 2020, 7:00 PM IST

പലപ്പോഴും നാട്ടിൽ കൊവിഡ് പരക്കാൻ ഇടയാക്കുന്നത് രോഗസംക്രമണമുണ്ടാകുന്നവരിൽ നിന്നുണ്ടാകുന്ന ചെറിയ ഒരു അശ്രദ്ധ കൊണ്ടാകും. ആ അശ്രദ്ധയ്ക്ക് കാരണമോ അവർക്ക് രോഗത്തിന്റെ ഗൗരവത്തെക്കുറിച്ചും അതിന്റെ സംക്രമണ സാധ്യതകളെക്കുറിച്ചുള്ള അറിവില്ലായ്‍മയും. എന്നാൽ, ഇത്തരത്തിലുള്ള അശ്രദ്ധ ഉണ്ടാകുന്നത്, ഈ വിധ കാര്യങ്ങളെക്കുറിച്ച് കൃത്യമായ അറിവുള്ള ഒരു ആരോഗ്യപ്രവർത്തകനിൽ നിന്നായാലോ? അപ്പോൾ, അത്തരം അശ്രദ്ധകൾ കണക്കാക്കപ്പെടുക കടുത്ത ശിക്ഷ അർഹിക്കുന്ന ക്രിമിനൽ കുറ്റം എന്ന നിലയ്ക്കാണ്. അത്തരത്തിൽ ഒരു കേസാണ് മഹാരാഷ്ട്രയിലെ പാൽഘറിൽ നിന്ന് പുറത്തുവന്നിരിക്കുന്നത്. 

പാൽഘറിനടുത്തുള്ള വാഡയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ജോലി ചെയ്യുന്ന ഹെൽത്ത് അസിസ്റ്റന്റിനെതിരെയാണ് ഇങ്ങനെ ഒരു കേസ് ചുമത്തപ്പെട്ടിട്ടുളളത്. അയാളുടെ അത്യന്തം അശ്രദ്ധമായ പ്രവൃത്തി കാരണം കൊവിഡ് ബാധയുണ്ടായിരിക്കുന്നത് ഒന്നും രണ്ടുമല്ല, 16 സഹപ്രവർത്തകർക്കാണ് എന്ന് മുംബൈ മിറർ റിപ്പോർട്ട് ചെയ്യുന്നു. അതേ ഹെൽത്ത് സെന്ററിലെ മെഡിക്കൽ ഓഫീസറുടെ പരാതിയിന്മേലാണ് ലോക്കൽ പൊലീസ് ആരോഗ്യപ്രവർത്തകനെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

രോഗബാധ സംശയിച്ച്, ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചിട്ടില്ലാത്ത    സ്ഥാപനത്തിലെ മറ്റുള്ള ജീവനക്കാരും ഇപ്പോൾ ക്വാറന്റീനിലാണ്. ആകെ 25 ജീവനക്കാർ ഉണ്ടായിരുന്ന ഈ സ്ഥാപനത്തിൽ 16 പേരിലേക്കും ഇയാൾ രോഗം പകർന്നു നൽകിയിട്ടുണ്ട്. 

ക്ലിനിക്കിനടുത്ത് ഒരു വാടകവീട്ടിൽ തനിച്ചായിരുന്നു ഇയാൾ താമസിച്ചിരുന്നത്. എന്നാൽ ജൂൺ ആദ്യവാരം, കൽവയിൽ താമസിക്കുന്ന ഭാര്യയുടെ അടുത്തേക്ക് ഒരുദിവസം പോയി വന്നിരുന്നു. ഭർത്താവ് സന്ദർശനത്തിന്  വന്നപ്പോൾ തന്നെ കൊവിഡ് ലക്ഷണങ്ങൾ കാണിച്ചു തുടങ്ങിയിരുന്ന ഭാര്യ, തന്റെ സ്വാബ് കൊവിഡ് ടെസ്റ്റിംഗിന് കൊടുത്തയച്ചിട്ടുണ്ടായിരുന്നു. എന്നാൽ, അവർ ഭർത്താവുമായി വേണ്ട സാമൂഹിക അകലം പാലിക്കുകയോ ക്വാറന്റീനിൽ കഴിയുകയോ ചെയ്തില്ല. ഭർത്താവ് തിരിച്ചുപോയി ഏതാനും ദിവസങ്ങൾക്കുള്ളിൽ അവരുടെ പരിശോധനാഫലം വന്നു. കൊവിഡ് സ്ഥിരീകരിക്കപ്പെട്ട.

തനിക്ക് രോഗം സ്ഥിരീകരിച്ച പാടെ അത് ഭർത്താവിനെ വിളിച്ച് പറയുകയും ചെയ്തിരുന്നു. എന്നാൽ, ആ വിവരമറിഞ്ഞ നിമിഷം തൊട്ട് ക്വാറന്റീനിൽ പ്രവേശിക്കേണ്ടതിനു പകരം, അയാൾ പ്രസ്തുത വിവരം സ്വന്തം സ്ഥാപനത്തിലെ അധികാരികളിൽ നിന്ന് മറച്ചുപിടിച്ചുകൊണ്ട് പതിവുപോലെ ഡ്യൂട്ടിയിൽ തുടരുകയാണ് ചെയ്തത്. 

ഹെൽത്ത് സെന്ററിലെ മറ്റൊരു സ്റ്റാഫിന് കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാളാണ് രോഗബാധയുടെ പ്രഭവകേന്ദ്രം എന്ന വിവരം അധികാരികൾക്ക് കിട്ടുന്നത്. അതിനെത്തുടർന്നാണ്, മെഡിക്കൽ ഓഫീസർ ഇതേപ്പറ്റി പരാതിപ്പെടുന്നതും, പൊലീസ് ഇയാൾക്കെതിരെ ഐപിസി 188, ഡിസാസ്റ്റർ മാനേജ്‌മെന്റ് ആക്റ്റിലെ പ്രസക്തമായ വകുപ്പുകൾ എന്നിവ ചേർത്ത് കേസെടുക്കുന്നതും. എന്നാൽ  തന്റെ ഭാര്യക്ക് കൊവിഡ് സ്ഥിരീകരിക്കപ്പെട്ട വിവരം താൻ അറിഞ്ഞിരുന്നില്ല എന്ന മൊഴിയിൽ തന്നെ ഉറച്ചു നിൽക്കുകയാണ് കുറ്റാരോപിതൻ.

എന്തായാലും, സ്വന്തം ജീവനക്കാരന്റെ ഭാഗത്തുനിന്നുണ്ടായ തികച്ചും അശ്രദ്ധമായ നടപടി കാരണം, പ്രദേശത്ത് കൊവിഡ് വ്യാപനമുള്ള സാഹചര്യത്തിലും ഈ ഒരൊറ്റക്കാരണത്താൽ ഹെൽത്ത് സെന്റർ അടച്ചുപൂട്ടേണ്ട ഗതികേടും വന്നിട്ടുണ്ട്. 

 

Follow Us:
Download App:
  • android
  • ios