പ്രത്യുൽപാദനത്തിന് സഹായിക്കുന്ന ഒന്ന് മാത്രമല്ല സെക്സ്. ശാരീരികവും മാനസികവുമായ നിരവധിയേറെ ഗുണങ്ങളും സെക്സിനുണ്ട്. ക്യാൻസർ മുതൽ ഹൃദയാഘാതം വരെയുള്ള അസുഖങ്ങൾക്കുള്ള സാധ്യത കുറയ്ക്കാനും നല്ല ഉറക്കം സമ്മാനിക്കാനും ആരോഗ്യകരമായ സെക്സിനു കഴിയും. സെക്സിന്റെ ചില ​ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം...

ഒന്ന്...

രക്തസമ്മർദ്ദം കുറയ്ക്കാൻ സെക്സ് നിങ്ങളെ സഹായിക്കും. സെക്സിൽ ഏർപ്പെടുമ്പോൾ ലോവർ സിസ്റ്റോളിക് ബ്ലഡ് പ്രഷർ കുറയുന്നായി പഠനങ്ങൾ കാണിക്കുന്നു. ബിപി ടെസ്റ്റിൽ കാണിക്കുന്ന (120/80) എന്ന രക്തസമ്മർദ്ദത്തിന്റെ തോതിലെ ആദ്യസംഖ്യ സൂചിപ്പിക്കുന്ന സിസ്റ്റോളിക് ബിപിയിലാണ് കാര്യമായ കുറവ് സംഭവിക്കുന്നത്. എന്നാൽ സ്വയംഭോഗത്തിൽ ഈ ഗുണം ലഭിക്കില്ലെന്നാണ് പഠനങ്ങൾ പറയുന്നത്. 

രണ്ട്...

 സെക്സ് നല്ലൊരു വ്യായാമം കൂടിയാണ്. ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് നിങ്ങളുടെ ഹൃദയമിടിപ്പ് വർദ്ധിപ്പിക്കുകയും വിവിധ പേശി ഗ്രൂപ്പുകൾക്ക് വ്യായാമം നൽകുകയും ചെയ്യുന്നു, ഇതുവഴി മിനിറ്റിൽ ഏതാണ്ട് അഞ്ച് കലോറിയോളം ആണ് ഉപയോഗിക്കപ്പെടുന്നത്.

മൂന്ന്...

ആരോഗ്യകരമായ ഹൃദയത്തിനും സെക്സ് ഗുണം ചെയ്യും. ഈസ്ട്രജൻ, ടെസ്റ്റോസ്റ്റിറോൺ പോലുള്ള ഹോർമോണുകളുടെ അളവ് നിയന്ത്രിക്കാൻ സാധിക്കും. ഈ ഹോർമോണുകൾ അസന്തുലിതമാകുമ്പോൾ ആണ് ഹൃദ്രോഗം, അസ്ഥിക്ഷയം (osteoporosis) തുടങ്ങിയ അവസ്ഥകൾ ഉണ്ടാവുന്നത്. ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിലൂടെ ഹൃദയാരോഗ്യം മെച്ചപ്പെടും. പുരുഷന്മാരിൽ നടത്തിയ ഒരു പഠനത്തിൽ, ആഴ്ചയിൽ രണ്ടു തവണയെങ്കിലും ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നവർക്ക് മറ്റുള്ളവരെ അപേക്ഷിച്ച് 50% ഹൃദ്രോഗസാധ്യത കുറവാണെന്ന് കണ്ടെത്തി. 

നാല്...

സെക്സ് ഒരു മികച്ച വേദനാസംഹാരിയാണ്. സ്വയംഭോഗത്തിലൂടെയും മറ്റും ശരീരം ഉത്തേജിപ്പിക്കുമ്പോൾ ആർത്തവകാലത്തെ വേദനകൾ, സന്ധിവാതം, തലവേദന പോലുള്ള വേദനകൾ കുറയ്ക്കുന്നതായി സ്റ്റേറ്റ് യൂണിവേഴ്സിറ്റി ഓഫ് ന്യൂജേഴ്‌സിയിലെ ​ഗവേഷകനായ ബാരി ആർ. കോമിസരുക് പറയുന്നു.

അഞ്ച്...

പുരുഷന്മാരിൽ പ്രോസ്റ്റേറ്റ് കാൻസർ പോലുള്ള അസുഖങ്ങൾ വരാതിരിക്കാൻ ആരോഗ്യകരമായ സെക്സ് സഹായിക്കും. മാസത്തിൽ 20 ൽ കൂടുതൽ തവണ സ്ഖലനം സംഭവിക്കുന്ന പുരുഷന്മാർക്ക് മറ്റുള്ളവരെ അപേക്ഷിച്ച് പ്രോസ്റ്റേറ്റ് കാൻസറിനുള്ള സാധ്യതകൾ കുറവാണെന്നാണ് പഠനങ്ങൾ പറയുന്നത്.

ആറ്...

നന്നായി ഉറങ്ങാൻ മനുഷ്യരെ സഹായിക്കുന്ന ഒന്നാണ് സെക്സ്. രതിമൂർച്ഛയുടെ ഭാഗമായി ഉണ്ടാവുന്ന പ്രോലാക്റ്റിൻ എന്ന ഹോർമോൺ നല്ല ഉറക്കം സമ്മാനിക്കും.  ഉറക്കഗുളികയുടെ ഗുണം ചെയ്യുന്ന ഒരു ഹോർമോൺ ആണ് പ്രോലാക്റ്റിൻ. അതുകൊണ്ടാണ് ലൈംഗികബന്ധത്തിന് ശേഷം പലപ്പോഴും നിങ്ങൾ എളുപ്പത്തിൽ ഉറക്കത്തിലേക്ക് വീണുപോവുന്നത്.