തിരുവനന്തപുരം: കിടപ്പിലായ രോഗികളേയും, ഗൗരവമുള്ള അസുഖങ്ങള്‍ മൂലം ദുരിതം നേരിടുന്നവരേയും പരിചരിക്കുന്ന പാലിയേറ്റീവ് കെയര്‍ മേഖലയില്‍ മാതൃകാപരമായ തീരുമാനങ്ങളുമായി സംസ്ഥാന ആരോഗ്യവകുപ്പ്. സാന്ത്വന പരിചരണം എത്രമാത്രം പ്രാധാന്യമര്‍ഹിക്കുന്നതാണെന്ന് വ്യക്തമാക്കുന്നതാണ് സര്‍ക്കാര്‍ കൈക്കൊണ്ടിരിക്കുന്ന ഒരുപിടി തീരുമാനങ്ങള്‍. 

നിലവില്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് കീഴിലാണ് പാലിയേറ്റീവ് കെയര്‍ യൂണിറ്റുകള്‍ പ്രവര്‍ത്തിച്ചുവരുന്നത്. എന്നാല്‍ ഇനി മുതല്‍, സ്വകാര്യമേഖലയില്‍ നിന്നും അല്ലാതെയുമുള്ള വ്യക്തികള്‍ക്ക് താല്‍പര്യാനുസരണം പാലിയേറ്റീവ് കെയര്‍ യൂണിറ്റുകളുമായി ബന്ധപ്പെട്ട് സഹകരിക്കാവുന്നതാണ്. 

ആരോഗ്യവകുപ്പിന് കീഴില്‍ വരുന്ന മുഴുവന്‍ ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും അതോടൊപ്പം തന്നെ സ്വകാര്യ ആശുപത്രികളില്‍ നിന്ന് താല്‍പര്യം പ്രകടിപ്പിക്കുന്ന ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും പാലിയേറ്റീവ് കെയര്‍ പരിശീലനം നല്‍കും. 

കിടപ്പിലായ രോഗികളെ വീട്ടിലെത്തി പരിചരിക്കുന്നതിനുള്ള 'അരികെ' എന്ന പദ്ധതി അടുത്ത മാസം മുതല്‍ ആരംഭിക്കുകയാണ്. ഇതിന് പുറമെ സാന്ത്വനപരിചരണം നല്‍കുന്ന എല്ലാ സംഘടനകളേയും ഉള്‍പ്പെടുത്തി സംസ്ഥാനതലത്തില്‍ പാലിയേറ്റീവ് കെയര്‍ ഗ്രിഡ് രൂപീകരിക്കാനും തീരുമാനമായിട്ടുണ്ട്. ഇവര്‍ക്ക് വൈകാതെ രജിസ്‌ട്രേഷനും നല്‍കും. തുടര്‍ന്ന് ആവശ്യമായ പരിശീലനവും ലഭ്യമാക്കും. 

ആയുര്‍വേദ- ഹോമിയോ ആശുപത്രികളുമായി ബന്ധപ്പെടുത്തി യൂണിറ്റുകള്‍ ആരംഭിക്കാനും തീരുമാനമായിട്ടുണ്ട്. പുറത്തുപോയി ജോലി ചെയ്ത് ജീവിക്കാന്‍ ആരോഗ്യപരമായി കഴിയാത്തവര്‍ വീട്ടിലിരുന്ന് നിര്‍മ്മിക്കുന്ന ചെറു ഉത്പന്നങ്ങള്‍ നിലവില്‍ പാലിയേറ്റീവ് കെയര്‍ യൂണിറ്റുകള്‍ മുഖേന വിപണിയിലെത്തുന്നുണ്ട്. ഇതിന് പ്രത്യേക ബ്രാന്‍ഡ് കൊണ്ടുവരാനാണ് മറ്റൊരു പുതിയ തീരുമാനം. അതോടെ ഇവര്‍ നിര്‍മ്മിക്കുന്ന ഉത്പന്നങ്ങള്‍ മാര്‍ക്കറ്റില്‍ പ്രത്യേകം തിരിച്ചറിയാനും അത് കൂടുതല്‍ വിപണനസാധ്യത നല്‍കുകയും ചെയ്യും.