2019ന് മുമ്പുള്ള കണക്കുകളെ വച്ച് താരതമ്യപ്പെടുത്തുമ്പോള്‍ കേരളത്തില്‍ മദ്യപാനികളുടെ എണ്ണം വളരെയധികം കുറഞ്ഞിരിക്കുന്നുവെന്നാണ് എന്‍എഫ്എച്ച്എസ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. കേരളം മാത്രമല്ല, മദ്യപാനത്തിന്റെ കാര്യത്തില്‍ കേരളത്തിനൊപ്പം തന്നെ മുന്നില്‍ നിന്നിരുന്ന അയല്‍സംസ്ഥാനമായ തമിഴ്‌നാട്ടിലും മദ്യപാനികളുടെ എണ്ണം കുറഞ്ഞുവരികയാണത്രേ

കഴിഞ്ഞ ദിവസം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടൊരു വാര്‍ത്തയായിരുന്നു 'നാഷണല്‍ ഫാമിലി ഹെല്‍ത്ത് സര്‍വേ'യുടെ ( എന്‍എഫ്എച്ച്എസ്) ( National Family Health Survey ) റിപ്പോര്‍ട്ട്. കേരളത്തില്‍ മദ്യപാനികളുടെ എണ്ണം ( Alcohol Consumers ) കുറഞ്ഞുവരുന്നു എന്നായിരുന്നു എന്‍എഫ്എച്ച്എസ് റിപ്പോര്‍ട്ടിലെ പ്രധാന വസ്തുത. 2019-20 കാലഘട്ടത്തിലെ കണക്കിനെ അടിസ്ഥാനപ്പെടുത്തിയായിരുന്നു റിപ്പോര്‍ട്ട്. 

ഇത് ആശ്വാസം പകരുന്ന വാര്‍ത്തയാണെന്ന നിലയിലാണ് സമൂഹത്തിലെ വിവിധ മേഖലയില്‍ നിന്നുള്ള പ്രമുഖരടക്കം പലരും വിലയിരുത്തിയത്. അതേസമയം തന്നെ മദ്യപാനം കുറയുന്നുവെന്നത് മറ്റ് ലഹരിവസ്തുക്കളുടെ ഉപയോഗം ഉയര്‍ന്നിരിക്കുന്നുവെന്നതിന്റെ സൂചനയാണെന്ന് വാദിച്ചവരുമുണ്ട്. 

എന്താണ് ഇതിലെ യാഥാര്‍ത്ഥ്യം? 

2019ന് മുമ്പുള്ള കണക്കുകളെ വച്ച് താരതമ്യപ്പെടുത്തുമ്പോള്‍ കേരളത്തില്‍ മദ്യപാനികളുടെ എണ്ണം വളരെയധികം കുറഞ്ഞിരിക്കുന്നുവെന്നാണ് എന്‍എഫ്എച്ച്എസ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. കേരളം മാത്രമല്ല, മദ്യപാനത്തിന്റെ കാര്യത്തില്‍ കേരളത്തിനൊപ്പം തന്നെ മുന്നില്‍ നിന്നിരുന്ന അയല്‍സംസ്ഥാനമായ തമിഴ്‌നാട്ടിലും മദ്യപാനികളുടെ എണ്ണം കുറഞ്ഞുവരികയാണത്രേ. 

ഈ റിപ്പോര്‍ട്ട് പ്രകാരം, 2019-20 സമയത്ത് 19.9 ശതമാനം പുരുഷന്മാരും 0.2 ശതമാനം സ്ത്രീകളുമാണ് കേരളത്തില്‍ മദ്യപിക്കുന്നത്. 2015-16 കാലത്ത് 37% പുരുഷന്മാരും 1.6 % സ്ത്രീകളും എന്നതായിരുന്നു കണക്ക്. പതിനഞ്ച് മുതല്‍ നാല്‍പത്തിയൊമ്പത് വസ് വരെ പ്രായമുള്ളവരുടെ കാര്യമാണിത്. 

എക്‌സൈസ് വകുപ്പിന് കീഴില്‍ നടത്തിവന്നിരുന്ന 'വിമുക്തി' ക്യാംപയിന്‍ പോലുള്ള മുന്നേറ്റങ്ങള്‍ ഫലം കണ്ടതിന്റെ തെളിവാണ് മദ്യപാനികളുടെ എണ്ണം കുറഞ്ഞതെന്നാണ് ബെവ്‌കോയുടെ ഭാഷ്യം. അതേസമയം യുവാക്കള്‍ക്കിടയില്‍ വ്യാപകമായി മറ്റ് ലഹരിപദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കപ്പെടുന്നതിന്റെ ഭാഗമായാണ് മദ്യപാനം കുറഞ്ഞതെന്ന് ഈ മേഖലയില്‍ കച്ചവടം നടത്തുന്നവര്‍ തന്നെ ചൂണ്ടിക്കാട്ടുന്നു. യഥാര്‍ത്ഥത്തില്‍ ഇത് മറ്റ് ലഹരിവസ്തുക്കളുടെ ഉപയോഗം കൂടിയതിന്റെ പ്രതിഫലനം മാത്രമാണെന്നാണ് മാനസികാരോഗ്യ വിദഗ്ധരും വിലയിരുത്തുന്നത്. 

'ഉല്ലാസ ലഹരികളി'ല്‍ മുങ്ങുന്ന യുവതലമുറ...

മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി യുവാക്കള്‍ കൂടുതലായി 'ഉല്ലാസ ലഹരികള്‍'ക്ക് അടിമപ്പെടുന്നുണ്ടെന്നാണ് പ്രമുഖ മാനസികാരോഗ്യ വിദഗ്ധന്‍ ഡോ. സി ജെ ജോണ്‍ വ്യക്തമാക്കുന്നത്. എന്‍എഫ്എച്ച്‌സ് റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തി ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനുമായി സംസാരിക്കുകയായിരുന്നു ഡോ. ജോണ്‍. 

'കൗമാരക്കാര്‍ മുതലിങ്ങോട്ട് എടുക്കുകയാണെങ്കില്‍ തന്നെ സമീപ കാലങ്ങളില്‍ വന്‍ തോതിലാണ് കെമിക്കല്‍ ഡ്രഗുകളുടെ ഉപയോഗം കുത്തനെ വര്‍ധിച്ചിരിക്കുന്നത്. നമ്മള്‍ എത്രയോ കേസുകള്‍ ഇത്തരത്തില്‍ കാണുന്നുണ്ട്. അങ്ങനെയെങ്കില്‍ മദ്യപാനം കുറഞ്ഞുവെന്നാല്‍ തന്നെ വലതുകാലിലെ മന്ത് ഇടതുകാലിലേക്ക് മാറിയെന്ന് പറയുംപോലെയേ വരൂ...

അതായത്, മദ്യപാനം മൂലമുള്ള അത്രയും തന്നെ പ്രശ്‌നങ്ങള്‍- അല്ലെങ്കില്‍ അതില്‍ക്കൂടുതല്‍ പ്രശ്‌നങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. ഇനിയും അത് കൂടാം. കാരണം അതിനെല്ലാം ആവശ്യമായ മറ്റ് ലഹരിവസ്തുക്കള്‍ ഇപ്പോള്‍ വ്യാപകമായി ലഭ്യമാണ്. ഇതിന്റെ ലഭ്യതയെക്കുറിച്ചും മറ്റും കാര്യമായ അന്വേഷണങ്ങളോ, ഇത്തരം കേസുകളില്‍ മാതൃകാപരമായ ശിക്ഷാനടപടികളോ ഒന്നുമുണ്ടാകുന്നില്ല. അതിനെല്ലാമുള്ള സംവിധാനമുണ്ടാകണം. പക്ഷേ നിലവില്‍ ഇല്ല എന്നുതന്നെ പറയാം. ഡ്രഗ് പ്രധാന പങ്ക് വഹിക്കുന്ന എത്രയോ കുറ്റകൃത്യങ്ങളുണ്ടാകുന്നുണ്ട്. ഇത് ഇനിയും കൂടും...

മദ്യത്തിനുള്ള സുതാര്യത മറ്റ് ലഹരിവസ്തുക്കള്‍ക്കില്ല. പണമില്ല എന്നാകുമ്പോള്‍ ലഹരിവസ്തുക്കള്‍ക്ക് വേണ്ടി ഇതിന്റെ തന്നെ കണ്ണിയാകാനും, ലൈംഗികചൂഷണത്തിന് നിന്നുകൊടുക്കാന്‍ വരെ യുവാക്കള്‍ നിര്‍ബന്ധിതരാകും. പെണ്‍കുട്ടികളുടെ കാര്യം ഉള്‍പ്പെടെയാണ് പറയുന്നത്. അങ്ങനെയുള്ള അനുഭവം ഈ മേഖലയില്‍ ജോലി ചെയ്യുന്നയാളെന്ന നിലയില്‍ പലപ്പോഴും എനിക്കുണ്ടായിട്ടുണ്ട്. സാമൂഹികമായ വലിയ വിപത്താണിത്. അങ്ങനെയൊരു കാലമാണ് വരാനിരിക്കുന്നതെന്ന് പറയാം. വിദ്യാഭ്യാസം- സമൂഹിക ജീവിതം, ജോലി ഇങ്ങനെയുള്ള സംഗതികളിലേക്കൊന്നും പോകാതെ എങ്ങനെ ലഹരി സംഘടിപ്പിക്കാം, എങ്ങനെ സൂക്ഷിക്കാം, ഉപയോഗിക്കാം എന്ന അവസ്ഥയിലേക്കായി യുവാക്കള്‍ ചുരുങ്ങും...

മനുഷ്യന്റെ തലച്ചോറിനെ കബളിപ്പിച്ചുകൊണ്ട് താല്‍ക്കാലികമായ സുഖം പകരുന്നതാണ് ഉല്ലാസലഹരികള്‍. ഇതിനോട് പ്രത്യേകമായ ആകര്‍ഷണം യുവാക്കള്‍ക്കുണ്ട്. സാസ്‌കാരികമായ മാറ്റവും ടെക്‌നോളജിയുമെല്ലാം ഇതിനെ മോശമായ രീതിയില്‍ സ്വാധീനിക്കുകയും ചെയ്യുന്നു. ലഹരി പാര്‍ട്ടികള്‍, സമൂഹമാധ്യമങ്ങള്‍ വഴിയുള്ള കച്ചവടം ഒക്കെ ഇതിനുദാഹരണമാണ്. എന്തായാലും വമ്പന്‍ മീനുകള്‍ വലയിലാകാതെ, ചെറുമീനുകളില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്ന വേട്ട കൊണ്ട് പ്രത്യേകിച്ച് ഫലമൊന്നുമില്ല എന്നുതന്നെ പറയാം. എങ്കിലും പ്രായപൂര്‍ത്തിയായ വ്യക്തികളെ സംബന്ധിച്ച് നല്ലതിനെയും ചീത്തയെയും വേര്‍തിരിച്ച് മനസിലാക്കാന്‍ അവര്‍ക്ക് കഴിയേണ്ടതാണ്. ഈ വിവേചനബുദ്ധിയുപയോഗിച്ച് സ്വയം തന്നെ നിയന്ത്രിക്കാനും, സ്വന്തം ജീവിതം സുരക്ഷിതമാക്കി, സന്തോഷത്തോടെ മുന്നോട്ടുപോകാന്‍ യുവാക്കള്‍ക്ക് കഴിയണം...'- ഡോ. ജോണ്‍ പറയുന്നു. 

Also Read:- ന്യൂ ഇയർ ആഘോഷത്തിന് അകത്താക്കിയ മദ്യം, എത്രനാൾ ശരീരത്തിൽ തുടരും?