Asianet News MalayalamAsianet News Malayalam

'നഷ്ടപരിഹാരം കൊടുക്കണം, ഇക്കാരണം കൊണ്ട് ഇനി ആർക്കും ഇൻഷുറൻസ് നിഷേധിക്കരുത്'; സുപ്രധാന ഉത്തരവിലെ വിവരങ്ങൾ

എറണാകുളം മരട് സ്വദേശി ജോൺ മിൽട്ടൺ തന്റെ മാതാവിൻറെ ഇടത് കണ്ണിൻറെ ശാസ്ത്രക്രിയ എറണാകുളം ഗിരിധർ ഹോസ്പിറ്റലിൽ ചെയ്തിരുന്നു. ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ ഒരു ദിവസം പോലും ഹോസ്പിറ്റലിൽ കിടക്കാതെ തന്നെ ശസ്ത്രക്രിയ നടത്തുകയും ഡിസ്ചാർജ് ആവുകയും ചെയ്തു

health insurance should not be denied to anyone for this reason Important order information btb
Author
First Published Oct 19, 2023, 5:39 PM IST

കൊച്ചി: കിടത്തി ചികിത്സ ഇല്ലെന്ന കാരണം ചൂണ്ടിക്കാട്ടി പോളിസി ഉടമയ്ക്ക് ഇൻഷുറൻസ് നിഷേധിക്കാനാകില്ലെന്നുള്ള വിധിയില്‍ ഉപഭോക്തൃ കോടതി ചൂണ്ടിക്കാട്ടിയത് സുപ്രധാന കാര്യങ്ങള്‍. വൈദ്യശാസ്ത്ര രംഗത്ത് ആധുനിക സാങ്കേതികവിദ്യയും റോബോട്ടിക് സർജറിയും വ്യാപകമായ  കാലഘട്ടത്തിൽ ഹെൽത്ത് ഇൻഷുറൻസ് ലഭിക്കുന്നതിന് 24 മണിക്കൂർ ആശുപത്രിവാസം വേണമെന്ന ഇൻഷുറൻസ് കമ്പനികളുടെ നിബന്ധന ഉപഭോക്തൃ അവകാശങ്ങളുടെ ലംഘനമാണെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ വ്യക്തമാക്കി.

എറണാകുളം മരട് സ്വദേശി ജോൺ മിൽട്ടൺ തന്റെ മാതാവിൻറെ ഇടത് കണ്ണിൻറെ ശാസ്ത്രക്രിയ എറണാകുളം ഗിരിധർ ഹോസ്പിറ്റലിൽ ചെയ്തിരുന്നു. ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ ഒരു ദിവസം പോലും ഹോസ്പിറ്റലിൽ കിടക്കാതെ തന്നെ ശസ്ത്രക്രിയ നടത്തുകയും ഡിസ്ചാർജ് ആവുകയും ചെയ്തു. ചികിത്സയ്ക്ക് ചെലവായ തുക ലഭിക്കുന്നതിനു വേണ്ടിയാണ് പരാതിക്കാരൻ യൂണിവേഴ്സൽ സോംപോ ജനറൽ ഇൻഷുറൻസ്  കമ്പനിയെ സമീപിച്ചത്.

എന്നാൽ 24 മണിക്കൂർ ആശുപത്രിവാസം ഇല്ലാത്തതിനാൽ, ഒ പി ചികിത്സയായി കണക്കാക്കി ഇൻഷുറൻസ് കമ്പനി ക്ലെയിം അപേക്ഷ നിരസിക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ്  പോളിസി ഉടമ എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനെ സമീപിച്ചത്. 24 മണിക്കൂർ കിടത്തി ചികിത്സ ആവശ്യമുള്ളതും എന്നാൽ ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ കുറഞ്ഞ സമയത്തിൽ ചികിത്സ അവസാനിക്കുകയും ചെയ്താൽ ഇൻഷുറൻസ് പരിരക്ഷയ്ക്ക് അർഹതയുണ്ടാകും. കൂടാതെ മയോപ്പിയ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന പ്രത്യേക ഇഞ്ചക്ഷൻ ഇൻഷുറൻസ് പരിധിയിൽ ഉൾപ്പെടുമെന്ന ഇൻഷുറൻസ് റെഗുലേറ്ററി അതോററി [ഐആർഡിഎഐ ]യുടെ സർക്കുലറും കോടതി പരിഗണിച്ചു.

പരാതിക്കാരന്റെ ആവശ്യം നിലനിൽക്കെ മറ്റൊരു പോളിസി ഉടമയ്ക്ക് ഇതേ ക്ലെയിം ഇൻഷുറൻസ് കമ്പനി അനുവദിച്ചതായും കോടതി കണ്ടെത്തി. ഇൻഷുറൻസ് കമ്പനിയുടെ മേൽ നടപടികൾ പോളിസി ഉടമക്ക് നൽകേണ്ട സേവനത്തിന്റെ വീഴ്ചയാണെന്ന് ബോധ്യമായ കോടതി, ക്ലെയിം നിരസിക്കപ്പെട്ട ഉപഭോക്താവിന്  നഷ്ടപരിഹാരമായി 57,720 രൂപ 30 ദിവസത്തിനകം നൽകാൻ  ഇൻഷുറൻസ് കമ്പനിക്ക് ഉത്തരവ് നൽകി. ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ പ്രസിഡന്‍റ് ഡി ബി ബിനു, മെമ്പർമാരായ വൈക്കം രാമചന്ദ്രൻ, ടി എൻ ശ്രീവിദ്യ എന്നിവരുടെ ബെഞ്ചാണ് ഉത്തരവിട്ടത്. പരാതിക്കാരന് വേണ്ടി അഡ്വക്കേറ്റ് റെയിനോൾഡ് ഫെർണാണ്ടസ് ഹാജരായി.

പൊതുഭരണ വകുപ്പ് ഓഫീസിൽ സ്ഥാപിച്ചത് 13,440 രൂപയുടെ കിടിലൻ മ്യൂസിക് സിസ്റ്റം! ജോലിയുടെ കൂടെ ഇനി പാട്ടും...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Follow Us:
Download App:
  • android
  • ios