ശരീരം അധികം അനങ്ങാതെയുള്ള ജോലി ചെയ്യുന്നവരെല്ലാം തന്നെ വ്യായാമം ചെയ്തില്ലെങ്കില്‍ അത് ശരീരത്തിന് ചെറുതല്ലാത്ത പണിയാണ് കൊടുക്കുക. വ്യായാമമില്ലാതെ ഏറെ നാള്‍ തുടര്‍ന്നാല്‍ എന്തെല്ലാം നെഗറ്റീവ് ആയ മാറ്റങ്ങളാണ് അത് ശരീരത്തിലുണ്ടാക്കുക?

ഏത് പ്രായക്കാര്‍ ആയാലും പതിവായി വ്യായാമം ചെയ്യേണ്ടത് നിര്‍ബന്ധമാണ്. എന്തെങ്കിലും കായികാധ്വാനങ്ങള്‍ ചെയ്താലും മതി. എന്നാല്‍ ഇന്ന് കായികാധ്വാനം ചെയ്യുന്നവര്‍ കുറവാണെന്ന് പറയാം. അധികപേരും ഇരുന്നുള്ള ജോലികളിലാണ് ഏര്‍പ്പെടുന്നത്. വിശേഷിച്ചും ചെറുപ്പക്കാര്‍. ഇങ്ങനെ ശരീരം അധികം അനങ്ങാതെയുള്ള ജോലി ചെയ്യുന്നവരെല്ലാം തന്നെ വ്യായാമം ചെയ്തില്ലെങ്കില്‍ അത് ശരീരത്തിന് ചെറുതല്ലാത്ത പണിയാണ് കൊടുക്കുക.

വ്യായാമമില്ലാതെ ഏറെ നാള്‍ തുടര്‍ന്നാല്‍ എന്തെല്ലാം നെഗറ്റീവ് ആയ മാറ്റങ്ങളാണ് അത് ശരീരത്തിലുണ്ടാക്കുക? അറിയാം...

ഒന്ന്...

വ്യായാമമില്ലാതെ ഏറെ നാള്‍ തുടരുന്നത് ഹൃദയത്തിന് മേല്‍ വെല്ലുവിളി ഉയര്‍ത്തും. കൊറോണറി ഹാര്‍ട്ട് ഡിസീസ് അടക്കമുള്ള ഹൃദ്രോഗങ്ങള്‍ക്കുള്ള സാധ്യതയേറുന്നു. ഹൃദയാഘാതം പോലെയുള്ള കടുത്ത അവസ്ഥയിലേക്ക് വരെ അത് വീണ്ടും സാധ്യത ഉയര്‍ത്തുന്നു. 

രണ്ട്...

അമിതവണ്ണത്തിനും വ്യായാമമില്ലായ്മ കാരണമാകുന്നു. ഇങ്ങനെ ശരീരഭാരം അനിയന്ത്രിതമായി കൂടുന്നത് പലരും നേരിടുന്ന പ്രശ്നമാണ്. അമിതവണ്ണമാണെങ്കില്‍ അനുബന്ധമായി പല അസുഖങ്ങളിലേക്കും ആരോഗ്യപ്രശ്നങ്ങളിലേക്കുമെല്ലാം നമ്മെ നയിക്കാം. 

മൂന്ന്...

വ്യായാമമില്ലാതെ തുടരുന്നവരില്‍ ടൈപ്പ് 2 പ്രമേഹം അഥവാ ഏറ്റുവും കൂടുതല്‍ പേരെ ബാധിക്കുന്ന പ്രമേഹവും പിടിപെടാൻ സാധ്യത ഏറെയാണ്. കാരണം കായികാധ്വാനമോ വ്യായമമോ ഇല്ലാതെ തുടരുമ്പോള്‍ ഇൻസുലിൻ ഹോര്‍മോണ്‍ വേണ്ടവിധം ഉപയോഗിക്കാൻ ശരീരത്തിന് കഴിയാതിരിക്കുന്നു. ഇതിനാല്‍ രക്തത്തിലെ ഷുഗര്‍ നില ഉയരാം. 

നാല്...

പ്രമേഹം പോലെ തന്നെ വ്യായാമമില്ലായ്മ കൊളസ്ട്രോളിലേക്കും നയിക്കാം. കായികാധ്വാനമില്ലാതിരിക്കുമ്പോള്‍ ശരീരത്തില്‍ ചീത്ത കൊഴുപ്പ് അടിഞ്ഞുകൂടുകയും അതിന്‍റെ ഭാഗമായി കൊളസ്ട്രോള്‍ പിടിപെടുകയുമാണ് ചെയ്യുന്നത്. കൊളസ്ട്രോള്‍ ആണെങ്കില്‍ അനുബന്ധമായി മറ്റ് പല അസുഖങ്ങളും ആരോഗ്യപ്രശ്നങ്ങളുമെല്ലാം ഉണ്ടാക്കുന്നു. 

അഞ്ച്...

കായികാധ്വാനമോ വ്യായാമമോ ഇല്ലാതെ തുടരുന്നത് മാനസികാരോഗ്യത്തെയും നെഗറ്റീവായി ബാധിക്കും. ആത്മവിശ്വാസക്കുറവ്, കുറഞ്ഞ ഉത്പാദനക്ഷമത, ഉള്‍വലിയല്‍ എന്നിങ്ങനെ പല പ്രശ്നങ്ങളും വ്യായാമമില്ലായ്മ മൂലം ഉണ്ടാകാം. വിഷാദം (ഡിപ്രഷൻ) പോലുള്ള പ്രശ്നങ്ങളും പെട്ടെന്ന് അലട്ടാം. 

Also Read:- പ്രോസ്റ്റേറ്റ് ക്യാൻസര്‍ സാധ്യത കുറയ്ക്കാൻ പുരുഷന്മാര്‍ക്ക് പതിവായി ചെയ്യാവുന്നത്...

ഏഷ്യാനെറ്റ് ന്യൂസ് ലൈ് യൂട്യൂബില്‍ കാണാം:-

youtubevideo