പ്രമേഹമുള്ളവരാണെങ്കിൽ മരുന്നുകൾ ക്യത്യമായി തന്നെ കഴിക്കുക. ഡോക്ടറുടെ ഉപദേശം കൂടാതെ ഒരിക്കലും മരുന്നുകൾ കഴിക്കുന്നത് നിർത്തുകയോ ഒഴിവാക്കുകയോ ചെയ്യരുത്.
കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ രാജ്യമെങ്ങും വ്യാപിച്ച് കൊണ്ടിരിക്കുകയാണ്. മാരകമായ വൈറസിന്റെ ഭീഷണിയിൽ നിന്ന് നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും സംരക്ഷിക്കുന്നതിന് വിദഗ്ധരും ഡോക്ടർമാരും ആരോഗ്യ സംഘടനകളും നൽകുന്ന പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കേണ്ടത് പ്രധാനമാണ്. പ്രമേഹം, രക്തസമ്മർദ്ദം തുടങ്ങിയ പ്രത്യേക ആരോഗ്യപ്രശ്‌നങ്ങളുള്ള ആളുകൾ ഈ സമയത്ത് കൂടുതൽ ജാഗ്രത പാലിക്കണമെന്ന് വിദഗ്ധർ പറയുന്നു...
ഒന്ന്...
പൊതു കൂടിച്ചേരലുകൾ ഒഴിവാക്കുക, N-95 മാസ്‌ക് ധരിക്കുന്നത് ഉറപ്പാക്കുക, സാമൂഹിക അകലം പാലിക്കുക, കെെകൾ ഇടയ്ക്കിടെ കഴുകുക എന്നിവയാണ് വൈറസ് പിടിപെടാതിരിക്കാൻ ആദ്യം ചെയ്യേണ്ട കാര്യങ്ങളിലൊന്ന്.
രണ്ട്...
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ശ്രദ്ധിക്കുക. മൂന്ന് മാസത്തിലൊരിക്കൽ സാധാരണയായി നടത്തുന്ന HbA1C ടെസ്റ്റ് ഈ കാലയളവിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് നന്നായി മനസ്സിലാക്കാൻ ഉപയോഗപ്രദമാകും. ഹോം ഗ്ലൂക്കോസ് മോണിറ്ററിംഗ് കിറ്റുകളുടെ സഹായത്തോടെ വീട്ടിൽ തന്നെ രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ പരിശോധിക്കാനും സാധിക്കും.
മൂന്ന്...
പ്രമേഹമുള്ളവരാണെങ്കിൽ മരുന്നുകൾ ക്യത്യമായി തന്നെ കഴിക്കുക. ഡോക്ടറുടെ ഉപദേശം കൂടാതെ ഒരിക്കലും മരുന്നുകൾ കഴിക്കുന്നത് നിർത്തുകയോ ഒഴിവാക്കുകയോ ചെയ്യരുത്. നിങ്ങളുടെ ശരീരത്തിന് വിറ്റാമിൻ ഡി അല്ലെങ്കിൽ വിറ്റാമിൻ ബി 12 കുറവാണെങ്കിൽ, ആവശ്യമായ സപ്ലിമെന്റുകൾക്കായി ഡോക്ടറുടെ നിർദേശത്തോടെ കഴിക്കുക.
നാല്...
രോഗങ്ങളിൽ നിന്ന് അകന്നുനിൽക്കുകയും ആരോഗ്യകരമായ ജീവിതം നയിക്കുകയും ചെയ്യുന്നത് പ്രതിരോധശേഷിയുമായി വളരെയധികം ബന്ധപ്പെട്ടിരിക്കുന്നു. നിങ്ങളുടെ ശരീരത്തിന്റെ പ്രതിരോധശേഷി പ്രധാനമായും നിങ്ങൾ പതിവായി കഴിക്കുന്ന ഭക്ഷണവുമായി ബന്ധപ്പെട്ടിരിക്കുന്നു. പ്രമേഹമുള്ള ഒരു വ്യക്തിക്ക് പഞ്ചസാരയും അനാരോഗ്യകരമായ കൊഴുപ്പും കുറവുള്ള ഭക്ഷണക്രമം നിലനിർത്തുന്നത് പ്രധാനമാണ്. വറുത്തതും സംസ്കരിച്ചതും പായ്ക്ക് ചെയ്തതുമായ ഭക്ഷണപാനീയങ്ങൾ ഒഴിവാക്കണം. പകരം വീട്ടിലുണ്ടാക്കുന്ന ഭക്ഷണം, പഴങ്ങളും പച്ചക്കറികളും, പരിപ്പ്, മറ്റ് ആരോഗ്യകരമായ ഭക്ഷണങ്ങൾ കഴിക്കുക.
അഞ്ച്...
പ്രമേഹത്തെ മികച്ച രീതിയിൽ നിയന്ത്രിക്കുന്നതിനു വ്യായാമം പ്രധാനമാണ്.നല്ല ഉപാപചയ ആരോഗ്യം നിലനിർത്തുന്നതിനും നിങ്ങളുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും ദിവസവും നടത്തവും വ്യായാമവും ഉറപ്പാക്കുക.
ആറ്...
വ്യായാമവും ഭക്ഷണക്രമവും പ്രതിരോധശേഷിക്ക് പ്രധാനമാണെങ്കിലും വാക്സിനേഷൻ എടുക്കേണ്ടതും പ്രധാനമാണ്. വൈറസിൽ നിന്നുള്ള സംരക്ഷണത്തിനുള്ള ഏറ്റവും ഫലപ്രദമായ മാർഗങ്ങളിലൊന്നായി ഇതിനെ കണക്കാക്കപ്പെടുന്നു. കൊവിഡ് 19 വാക്‌സിന്റെ രണ്ട് ഡോസുകളും ബൂസ്റ്റർ ഡോസും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക.
