മുമ്പെല്ലാം 'ഫിറ്റ്‌നസ്' എന്ന ഒറ്റ ലക്ഷ്യത്തോടെയായിരുന്നു ആളുകള്‍ ഡയറ്റിംഗിനെ ആശ്രയിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ ആ അവസ്ഥയ്‌ക്കെല്ലാം ഏറെ മാറ്റം വന്നിരിക്കുന്നു. കാഴ്ചയക്ക് 'ഫിറ്റ്' ആയിരിക്കുക എന്നതിനെക്കാള്‍ പ്രധാനം ആകെ ആരോഗ്യാവസ്ഥയാണെന്നും ഇതിനായാണ് 'ഡയറ്റ്' തെരഞ്ഞെടുക്കേണ്ടത് എന്നുമെല്ലാമുള്ള ചിന്ത ആളുകളില്‍ വളരെയധികം പ്രകടമാണ്. 

എന്നാല്‍ പലപ്പോഴും ഡയറ്റിംഗിന്റെ കാര്യത്തില്‍ അമിതമായി ശ്രദ്ധ പുലര്‍ത്താനാകാത്തതില്‍ സ്വയം കുറ്റബോധം തോന്നുന്നവരും ഏറെയാണ്. 'ഡയറ്റ്' ശ്രദ്ധിച്ചില്ലെങ്കില്‍ എന്തെങ്കിലും അസുഖങ്ങള്‍ പിടിപെടുമോ എന്ന സമ്മര്‍ദ്ദം ഇത്തരക്കാരെ ബാധിക്കും. 

ഇത്തരക്കാരെ ആശ്വസിപ്പിക്കുന്നൊരു വാര്‍ത്തയാണ് അമേരിക്കയിലെ ബോസ്റ്റണില്‍ നിന്ന് വരുന്നത്. ഇവിടെയുള്ള 'ഹാര്‍വാര്‍ഡ് ടി എച്ച് ചാന്‍ സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്ത്'ല്‍ നിന്നുള്ള ഗവേഷകര്‍ ഒരു പഠനം നടത്തി. ഹൃദ്രോഗവും ഡയറ്റും തമ്മിലുള്ള ബന്ധമായിരുന്നു വിഷയം. 

ആരോഗ്യാവസ്ഥയെക്കുറിച്ച് ഉത്കണ്ഠപ്പെടുന്നവരുടെയെല്ലാം ആധിയാണ് ഹൃദയത്തിന്റെ ആരോഗ്യം. ഡയറ്റില്‍ ശ്രദ്ധിക്കാതെ ജിവിക്കുമ്പോള്‍ അത് ഹൃദയാരോഗ്യത്തെ ബാധിക്കുമെന്ന ആശങ്ക ഇവരിലെല്ലാം കാണാം. 

എന്നാല്‍ ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ കൃത്യമായ ഒരു ഡയറ്റിംഗ് രീതി പിന്തുടരുന്നതിനെക്കാള്‍ നല്ലത്, സമഗ്രമായ ഭക്ഷണരീതിയെ ആശ്രയിക്കുന്നതാണ് എന്നാണ് ഈ പഠനം ചൂണ്ടിക്കാട്ടുന്നത്. നമുക്ക് അവശ്യം വേണ്ട എല്ലാ ഘടകങ്ങളും ഭക്ഷണത്തിലൂടെ കിട്ടുന്നുണ്ടെന്ന് ഉറപ്പുവരുത്തിയാല്‍ മാത്രം മതി. 

ഇതിന് പുറമെ, പ്രത്യേകം തീരുമാനിച്ച് പിന്തുടരുന്ന ഡയറ്റ് ഒരുപക്ഷേ ചിലരിലെങ്കിലും ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നും ഇവ ക്രമേണ ഹൃദയാരോഗ്യത്തെ അവതാളത്തിലാക്കിയേക്കാം എന്നുകൂടി പഠനം അവകാശപ്പെടുന്നു. 

Also Read:- ഹൃദയാരോഗ്യത്തിന് ഏറ്റവും മികച്ച നട്സ് ഏതാണ്...?

രണ്ട് ലക്ഷത്തിലധികം പേരുടെ ജീവിതചര്യകളെ അടിസ്ഥാനപ്പെടുത്തിയാണ് ഗവേഷകര്‍ പഠനം സംഘടിപ്പിച്ചത്. 'ഹെല്‍ത്തി ഈറ്റിംഗ് പാറ്റേണ്‍' അഥവാ ആരോഗ്യകരമായ ഭക്ഷണരീതി ഹൃദ്രോഗങ്ങള്‍ക്കുള്ള സാധ്യത 14 മുതല്‍ 21 ശതമാനം വരെ കുറയ്ക്കുമത്രേ. ധാന്യങ്ങള്‍, പച്ചക്കറികള്‍, പഴങ്ങള്‍, പരിപ്പുവര്‍ഗങ്ങള്‍, നട്ട്‌സ് എന്നിവയൊക്കെയാണ് പതിവായി കഴിക്കേണ്ടതെന്നും ഇതില്‍ തുടര്‍ച്ച സൂക്ഷിക്കാന്‍ കഴിയണമെന്നും പഠനം ഓര്‍മ്മിപ്പിക്കുന്നു.