മുലപ്പാൽ കുഞ്ഞിന് കിട്ടാവുന്നതിൽ വച്ച് ഏറ്റവും പോഷകസമൃദ്ധമായ ആഹാരമാണ്. മുലയൂട്ടൽ കുഞ്ഞിനെപ്പോലെ തന്നെ അമ്മയുടെ ആരോഗ്യത്തിനും ഏറെ ഗുണം ചെയ്യുന്നുണ്ട്. മുലപ്പാല്‍ കുഞ്ഞിന് ആവശ്യമായ എല്ലാ പോഷകങ്ങളും നല്‍കുന്നു. ആറു മാസം വരെ മുലപ്പാല്‍ മാത്രമേ കുഞ്ഞിന് നല്‍കാവൂയെന്നാണ് ഡോക്ടർമാർ പറയുന്നത്.

കുഞ്ഞ് ആവശ്യത്തിന് പാല്‍ കുടിച്ചില്ലെങ്കില്‍ പാല്‍ സ്തനങ്ങളില്‍ കെട്ടിനിന്ന് തടിപ്പും അസഹ്യമായ വേദനയും ഉണ്ടാകാം. ഇത് കൃത്യസമയത്ത് കണ്ടെത്തി ചികിത്സിച്ചില്ലെങ്കില്‍ സ്തനങ്ങളില്‍ പഴുപ്പുവരാന്‍ സാധ്യതയുണ്ട്.

 

 

മുലയൂട്ടുന്ന അമ്മമാരെ അലട്ടുന്ന മറ്റൊരു പ്രശ്‌നമാണ് മുലഞെട്ടുകളിലെ വിണ്ടുകിറല്‍. ശരിയായ രീതിയിലുള്ള മുലയൂട്ടല്‍ ഇല്ലെങ്കിലും ഇങ്ങനെ വിണ്ടുകിറല്‍ വരാം. ഇത് പരിഹരിക്കാന്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം ഓയിന്‍മെന്റുകള്‍ പുരട്ടാം. എന്നാല്‍ ഇവ പുരട്ടിയാല്‍ സ്തനങ്ങള്‍ കഴുകി മരുന്ന് ഒഴിവാക്കിയതിനു ശേഷം വേണം കുഞ്ഞിന് പാല്‍ നല്‍കേണ്ടത്.

സ്തനങ്ങളില്‍ പാല്‍ കെട്ടിനില്‍ക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. അത് അണുബാധയുണ്ടാക്കുന്നതിനും പനിക്കുന്നതിനും കാരണമാകും. അധികമുള്ള പാല്‍ പിഴിഞ്ഞു കളയുന്നത് പാല്‍ കെട്ടി നില്‍ക്കാതിരിക്കാന്‍ സഹായിക്കും.