Asianet News MalayalamAsianet News Malayalam

വൈറല്‍ ഹെപ്പെറ്റെറ്റിസ് ഒരു പൊതുജനാരോഗ്യ വിപത്ത്: ആരോ​ഗ്യമന്ത്രി

ഇന്ന് ലോക ഹെപ്പെറ്റെറ്റിസ് ദിനം. വൈറല്‍ ഹെപ്പെറ്റെറ്റിസ് ഒരു പൊതുജനാരോഗ്യ വിപത്താണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.

hepatitis day post by health minister of kerala
Author
Thiruvananthapuram, First Published Jul 28, 2021, 9:25 PM IST
 • Facebook
 • Twitter
 • Whatsapp

വൈറല്‍ ഹെപ്പെറ്റെറ്റിസ് ഒരു പൊതുജനാരോഗ്യ വിപത്താണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 2030 ഓടെ ഈ രോഗം ലോകത്ത് നിന്നുതന്നെ നിവാരണം ചെയ്യുകയാണ് സുസ്ഥിര വികസന ലക്ഷ്യമെന്നും മന്ത്രി തന്‍റെ ഫേസ്ബുക്കില്‍ കുറിച്ചു. 

കുറിപ്പ് വായിക്കാം...

വൈറല്‍ ഹെപ്പെറ്റെറ്റിസ് ഒരു പൊതുജനാരോഗ്യ വിപത്താണ്. 2030 ഓടെ ഈ രോഗം ലോകത്ത് നിന്നുതന്നെ നിവാരണം ചെയ്യുകയാണ് സുസ്ഥിര വികസന ലക്ഷ്യം. പുതുതായി രോഗം ഉണ്ടാകാതെ സൂക്ഷിക്കുകയും അതുവഴി രോഗ വര്‍ധനവ് തടയുകയും ഹെപ്പെറ്റെറ്റിസ് രോഗം മൂലമുള്ള മരണം പടിപടിയായി കുറച്ചു കൊണ്ടുവരികയും വേണം. ഇതിനായി 5 വയസിനു താഴെയുള്ള കുഞ്ഞുങ്ങളില്‍ ഹെപ്പെറ്റെറ്റിസ് രോഗബാധ 0.1 ശതമാനത്തില്‍ താഴെ കൊണ്ടുവരേണ്ടതാണ്.

ഈ ലക്ഷ്യം നേടാന്‍ ജനനത്തില്‍ തന്നെ എല്ലാ കുഞ്ഞുങ്ങള്‍ക്കും ഹെപ്പറ്റെറ്റിസ് ബി-യ്ക്ക് എതിരായ പ്രതിരോധ കുത്തിവയ്പ് നല്‍കുന്നുണ്ടെന്ന് ഉറപ്പു വരുത്തണം. രോഗബാധിതരായ അമ്മയ്ക്ക് ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് ജനനത്തില്‍ തന്നെ ഇമ്മ്യുണോഗ്ലോബുലിനും നല്‍കേണ്ടതാണ്. ഇങ്ങനെയുള്ള പ്രവര്‍ത്തനങ്ങള്‍ മുഖേന അടുത്ത തലമുറയിലേക്ക് രോഗ പകര്‍ച്ച ഉണ്ടാകുന്നത് തടയാന്‍ കഴിയും.

ഈ കോവിഡ് സാഹചര്യത്തില്‍ ലോക ഹെപ്പറ്റെറ്റിസ് ദിനത്തിന് പ്രത്യേക പ്രാധാന്യമാണുള്ളത്. ഹെപ്പെറ്റൈറ്റിസ് ബി രോഗാണുവിനെ കണ്ടെത്തുകയും, രോഗനിര്‍ണയത്തിനായുള്ള പരിശോധന, പ്രതിരോധ കുത്തിവയ്പ് എന്നിവ കണ്ടെത്തുകയും ചെയ്ത നോബല്‍ സമ്മാന ജേതാവായ ശാസ്ത്രജ്ഞന്‍ ഡോ. ബറൂച്ച് ബ്ലുംബര്‍ഗിന്റെ ജന്മദിനമായ ജൂലൈ 28നാണ് ലോക ഹെപ്പറ്റെറ്റിസ് ദിനമായി ആചരിക്കുന്നത്. 'ഹെപ്പറ്റൈറ്റിസ് കാത്തിരിക്കാനാവില്ല' (Hepatitis can't wait) എന്നതാണ് ഈ വര്‍ഷത്തെ സന്ദേശം. ഈ രോഗത്തെ നമ്മുടെ രാജ്യത്തു നിന്ന് നിവാരണം ചെയ്യുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഇനി വൈകാന്‍ പാടില്ല എന്നാണ് അര്‍ത്ഥമാക്കുന്നത്. ഹെപ്പെറ്റെറ്റിസ് വിമുക്ത ഭാവി ജനതയ്ക്കായി ടെസ്റ്റ്, ട്രെയിസ്, ട്രീറ്റ് എന്നിവയുമായി മുന്നോട്ട് പോകേണ്ടതാണ്.

എല്ലാ ഗര്‍ഭിണികളെയും ഹെപ്പെറ്റൈറ്റിസ് ബി, സി എന്നീ വൈറസ് കണ്ടെത്തുന്നതിന്നുളള ദ്രുത പരിശോധനകള്‍ ചെയ്ത് അമ്മയ്ക്കും കുഞ്ഞിനും ആവശ്യമായ സേവനങ്ങള്‍ ഉറപ്പു വരുത്തണം. തീവ്ര രോഗ ബാധയുണ്ടാകാന്‍ ഇടയുള്ളവരും പരിശോധനയ്ക്ക് വിധേയരാകേണ്ടതാണ്. ഇപ്പോള്‍ ഹെപ്പെറ്റൈറ്റിസ് ബി-യ്ക്കും സി-യ്ക്കും ചികിത്സയ്ടക്കുള്ള മരുന്നുകള്‍ തെരഞ്ഞെടുക്കപ്പെട്ട ആശുപത്രികളില്‍ സൗജന്യമായി ലഭ്യമാണ്. തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളേജ് മാതൃകാ ചികിത്സാ കേന്ദ്രമാണ്. എല്ലാ ജില്ലകളിലും തെരഞ്ഞെടുക്കപ്പെട്ട ആശുപത്രികള്‍ ചികിത്സാ കേന്ദ്രങ്ങളാണ്.

ഹെപ്പെറ്റെറ്റിസ് എ-യും ഇ-യും മലിന ജലത്തിലൂടെയും, ഭക്ഷണത്തിലൂടെയുമാണ് പകരുന്നത്. എന്നാല്‍ ഹെപ്പെറ്റെറ്റിസ് ബി-യും സി-യും രക്തം, ശരീര സ്രവങ്ങള്‍, യോനീസ്രവം, രേതസ്സ് എന്നിവയിലൂടെയാണ് പകരുന്നത്.

ഹെപ്പെറ്റെറ്റിസ് എ, ഇ രോഗങ്ങളെ ചെറുക്കുന്നതിനുള്ള മാര്‍ഗങ്ങള്‍

 • ശുദ്ധികരിച്ച ജലം മാത്രം കുടിക്കാന്‍ ഉപയോഗിക്കുക.
 • നന്നായി പാചകം ചെയ്ത ഭക്ഷണം മാത്രം കഴിക്കുക.
 • ഭക്ഷണം പാചകം ചെയ്യുന്ന അവസരങ്ങളിലും, വിളമ്പുമ്പോഴും, കഴിക്കുന്ന സമയത്തും കൈകള്‍ ശുചിയാക്കുക.
 • മലമൂത്ര വിസര്‍ജ്ജനത്തിനു ശേഷം, സോപ്പ് ഉപയോഗിച്ച് കൈകള്‍ ശുചിയാക്കുക. മലമൂത്ര വിസര്‍ജ്ജനം ശൗച്യാലയത്തില്‍ മാത്രം നിര്‍വഹിക്കുക.
 • പാചകത്തൊഴിലാളികള്‍, ഹോട്ടലുകള്‍, തട്ടുകടകള്‍, തുടങ്ങി പാചകം ചെയ്യുന്നവരും, വിതരണക്കാരും, രോഗബാധയില്ല എന്ന് രക്ത പരിശോധനയിലൂടെ ഉറപ്പു വരുത്തുക.
 • ആഘോഷങ്ങള്‍, ഉത്സവങ്ങള്‍ എന്നിവയില്‍ വിതരണം ചെയ്യുന്ന പാനീയങ്ങള്‍, ഐസ് എന്നിവ ശുദ്ധജലത്തില്‍ മാത്രം തയ്യാറാക്കുക.

ഹെപ്പെറ്റെറ്റിസ് ബി, സി രോഗങ്ങള്‍ ചെറുക്കുന്നതിനുള്ള മാര്‍ഗങ്ങള്‍

 • ഗര്‍ഭിണിയായിരിക്കുമ്പോള്‍ തന്നെ ഹെപ്പറ്റെറ്റിസ് പരിശോധന നടത്തുക.
 • കുഞ്ഞുങ്ങള്‍ ജനിച്ച ഉടന്‍ തന്നെ പ്രതിരോധ കുത്തിവയ്പു നല്‍കുക.
 • രക്തം സ്വീകരിക്കേണ്ടി വരുമ്പോള്‍ അണുവിമുക്തമാക്കിയ രക്തം, അംഗീകൃത രക്തബാങ്കുകളില്‍ നിന്നു മാത്രം സ്വീകരിക്കുക.
 • ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ സുരക്ഷാ മാര്‍ഗങ്ങള്‍ സ്വീകരിക്കുക.
 • ഷേവിംഗ് റേസറുകള്‍, ബ്ലേഡ്, ടൂത്ത് ബ്രഷ് എന്നിവ പങ്കുവയ്ക്കാതിരിക്കുക.
 • കാത്, മൂക്ക് കുത്തുവാനും പച്ച കുത്തുവാനും ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ അണുവിമുക്തമാക്കിയതാണെന്ന് ഉറപ്പു വരുത്തുക.
 • രോഗം പിടിപെടാന്‍ ഇടയുള്ള ഏതെങ്കിലും സാഹചര്യത്തില്‍പ്പെട്ടാല്‍ രക്ത പരിശോധന നടത്തി രോഗബാധ തിരിച്ചറിഞ്ഞ് ചികിത്സ തേടുക.

 

Also Read: ഇന്ന് ലോക ഹെപ്പറ്റൈറ്റിസ് ദിനം; അറിഞ്ഞിരിക്കേണ്ട ചിലത്

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
 • android
 • ios