പ്രമേഹം നമുക്കറിയാം, വളരെ ചുരുക്കം കേസുകളൊഴികെ ചികിത്സയിലൂടെ ഭേദപ്പെടുത്താൻ സാധിക്കുകയില്ല. അത് നിയന്ത്രിച്ച് മുന്നോട്ട് പോകാൻ രോഗിക്ക് സാധിക്കൂ. പ്രധാനമായും ഭക്ഷണമടക്കമുള്ള ജീവിതരീതികളില്‍ തന്നെയാണ് നിയന്ത്രണമേര്‍പ്പെടുത്തേണ്ടതും.


പ്രമേഹരോഗത്തെ കുറിച്ചും അതിന്‍റെ ഗൗരവത്തെ കുറിച്ചുമെല്ലാം ഇന്ന് മിക്കവര്‍ക്കും അറിയാം. ഒരു ജീവിതശൈലീരോഗമെന്ന നിലയ്ക്ക് തീര്‍ത്തും നിസാരമായ പ്രമേഹത്തെ കണക്കാക്കായിരുന്ന കാലം കഴിഞ്ഞു. ഇന്ന് തീവ്രതയുള്ള വിവിധ അസുഖങ്ങളിലേക്കും ആരോഗ്യപ്രശ്നങ്ങളിലേക്കുമെല്ലാം നമ്മെ നയിക്കാൻ പ്രമേഹം മതിയെന്ന തരത്തിലുള്ള അവബോധം കാര്യമായിത്തന്നെ എല്ലാവരിലുമുണ്ട്.

പ്രമേഹം നമുക്കറിയാം, വളരെ ചുരുക്കം കേസുകളൊഴികെ ചികിത്സയിലൂടെ ഭേദപ്പെടുത്താൻ സാധിക്കുകയില്ല. അത് നിയന്ത്രിച്ച് മുന്നോട്ട് പോകാൻ രോഗിക്ക് സാധിക്കൂ. പ്രധാനമായും ഭക്ഷണമടക്കമുള്ള ജീവിതരീതികളില്‍ തന്നെയാണ് നിയന്ത്രണമേര്‍പ്പെടുത്തേണ്ടതും.

ഇത്തരത്തില്‍ പ്രമേഹം നിയന്ത്രിക്കുന്നതിന് നമ്മെ സഹായിക്കുന്ന, എല്ലാ വീടുകളിലും പതിവായി ഉപയോഗിക്കാറുള്ള അഞ്ച് ചേരുവകളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. 

ഒന്ന്...

മല്ലി: മല്ലി പ്രമേഹനിയന്ത്രണത്തിന് സഹായകമാകുമെന്ന തരത്തില്‍ പല പഠനങ്ങളും സൂചനകള്‍ നല്‍കിയിട്ടുണ്ട്. മല്ലി, ഇൻസുലിൻ ഹോര്‍മോണ്‍ ഉത്പാദനം വര്‍ധിപ്പിക്കുകയും ഉപാപചയപ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുകയും ചെയ്യുന്നത് വഴി പ്രമേഹം നിയന്ത്രിക്കപ്പെടുമത്രേ. അതുപോലെ മല്ലിയിലുള്ള എഥനോളും പ്രമേഹനിയന്ത്രണത്തിന് സഹായകമാകുന്നു. 

രണ്ട്...

ഉലുവ: 'ഇന്‍റര്‍നാഷണല്‍ ജേണല്‍ ഫോര്‍ വൈറ്റമിൻ ആന്‍റ് ന്യൂട്രീഷ്യൻ റിസര്‍ച്ച്' എന്ന പ്രമുഖ പ്രസിദ്ധീകരണത്തില്‍ വന്നൊരു പഠനപ്രകാരം ദിവസവും പത്ത് ഗ്രാം ഉലുവ ചൂടുവെള്ളത്തില്‍ കുതിര്‍ത്തുവച്ച് ഈ വെള്ളം കുടിക്കുന്നത് ടൈപ്പ്- 2 പ്രമേഹം നിയന്ത്രിക്കുന്നതിന് സഹായകമായിരിക്കും. ദഹനപ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുകയും ഭക്ഷണത്തില്‍ നിന്ന് കാര്‍ബ്- ഷുഗര്‍ എന്നിവ സ്വീകരിക്കുന്നത് പരിമിതപ്പെടുത്തുകയും ചെയ്യുന്നതിലൂടെയാണത്രേ ഉലുവ പ്രമേഹം നിയന്ത്രിക്കാൻ സഹായകമാകുന്നത്.

മൂന്ന്...

കറുവപ്പട്ട: സ്പൈസുകളില്‍ പെടുന്നൊരു ചേരുവയാണ് കറുവപ്പട്ട. സാധാരണഗതിയില്‍ നോണ്‍-വെജിറ്റേറിയൻ വിഭവങ്ങളിലാണ് കറുവപ്പട്ട പോലുള്ള സ്പൈസുകള്‍ നാം കാര്യമായി ചേര്‍ക്കാറ്. ഇതുതന്നെ ചായയിലും ചേര്‍ത്തുകഴിക്കുന്നവരുണ്ട്. കറുവപ്പട്ടയും ടൈപ്പ്- 2 പ്രമേഹം നിയന്ത്രിക്കാൻ സഹായകമാണത്രേ. ഇൻസുലിൻ ഹോര്‍മോണുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചാണ് പട്ട പ്രമേഹം നിയന്ത്രിക്കുന്നതെന്നും പഠനങ്ങള്‍ പറയുന്നു. 'അമേരിക്കൻ ഡയബറ്റിസ് അസോസിയേഷ'ന്‍റെ ഒരു പഠനത്തില്‍ പറയുന്നത് പ്രകാരം, മിതമായ അളവില്‍ കറുവപ്പട്ട കഴിക്കുന്നത് 18-29 ശതമാനം വരെ പ്രമേഹം നിയന്ത്രിക്കും. 

നാല്...

മഞ്ഞള്‍ : പരമ്പരാഗതമായി തന്നെ ഔഷധമൂല്യമുള്ളൊരു ചേരുവ ആയിട്ടാണ് മഞ്ഞളിനെ കണക്കാക്കപ്പെടുന്നത്. മഞ്ഞളിലടങ്ങിയിരിക്കുന്ന കുര്‍ക്കുമിൻ ആണ് പ്രമേഹം നിയന്ത്രിക്കുന്നതിനും സഹായകമാകുന്നത്. ഇക്കാര്യവും പല പഠനങ്ങളും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പാലിലോ ചൂടുവെള്ളത്തിലോ നാടൻ മഞ്ഞള്‍ കലര്‍ത്തി കഴിക്കുന്നതാണ് ഏറ്റവും ഉചിതം. 

അഞ്ച്...

കറിവേപ്പില: ദക്ഷിണേന്ത്യൻ വിഭവങ്ങളിലെല്ലാം ഒഴിച്ചുകൂട്ടാനാകാത്തൊരു ചേരുവയാണ് കറിവേപ്പില. ഇതും പ്രമേഹം നിയന്ത്രിക്കാൻ നല്ലതാണെന്ന് വിദഗ്ധര്‍ പറയുന്നു. ദിവസവും രാവിലെ ഫ്രഷ് ആയ പത്ത് കറിവേപ്പില കഴിക്കുന്നത് പ്രമേഹനിയന്ത്രണത്തിന് സഹായിക്കുമെന്ന് പ്രമുഖ ന്യൂട്രീഷ്യനിസ്റ്റ് രുപാലി ദത്ത പറയുന്നു. 

പ്രമേഹത്തിന് ചികിത്സ വേണ്ടുന്ന സാഹചര്യങ്ങളില്‍ തീര്‍ച്ചയായും ചികിത്സ കൈക്കൊള്ളണം. ഭക്ഷണത്തിലൂടെയുള്ള നിയന്ത്രണം വരുമ്പോള്‍ ഇക്കാര്യങ്ങളെല്ലാം പരീക്ഷിച്ചുനോക്കാം. എന്നാല്‍ ഡയറ്റ് തീരുമാനിക്കുമ്പോള്‍ തീര്‍ച്ചയായും ഡോക്ടറുടെ നിര്‍ദേശം തേടിയ ശേഷം മാത്രം ഡയറ്റ് ഉറപ്പിക്കുക. 

Also Read:- കാഴ്ചശക്തിക്ക് തകരാര്‍ വരാതെ നോക്കാൻ ചെയ്യാവുന്ന അഞ്ച് കാര്യങ്ങള്‍...