Asianet News MalayalamAsianet News Malayalam

World Diabetes Day 2022: പ്രമേഹം; അടിസ്ഥാനപരമായി നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാം?

ഗർഭകാല പ്രമേഹം പ്രസവാനന്തരം ഇല്ലാതാകാൻ സാധ്യതയുള്ളതാണ്. ഇൻസുലിൻ  ഉണ്ടാക്കുന്ന പാൻക്രിയാസിലെ കോശങ്ങള്‍ നശിച്ചുപോവുകയും അതുവഴി ഇൻസുലിൻ ഉത്പാദനം ഇല്ലാതാവുകയും ചെയുന്നതാണ് ടൈപ്പ് 1 പ്രമേഹം. ഇൻസുലിൻ ആവശ്യമായ അളവിൽ ഉത്പാദിപ്പിക്കാതിരിക്കുകയോ അല്ലെങ്കില്‍ അതിന്‍റെ പ്രവർത്തനശേഷി ഇല്ലാതാവുകയോ ചെയ്യുന്ന അവസ്ഥയാണ് ടൈപ്പ് 2 പ്രമേഹം. 

here is the most basic details about diabetes disease
Author
First Published Nov 14, 2022, 11:20 AM IST

ഇന്ന് നവംബര്‍ 14, ലോക പ്രമേഹദിനമാണ്. 'അറിവിലൂടെ നാളെയെ കാക്കാം' എന്ന ആശയത്തോടെയാണ് ഈ വർഷത്തെ ലോക പ്രമേഹദിനം ആചരിക്കപ്പെടുന്നത്. ജീവിതശൈലീ രോഗങ്ങളിൽ ഒന്നായിട്ടാണ് ടൈപ്പ്- 2 പ്രമേഹം കണക്കാക്കപ്പെടുന്നത്. ഇതുകൂടാതെ മറ്റ് രണ്ടുതരം പ്രമേഹങ്ങൾ കൂടിയുണ്ട്. ടൈപ്പ്- 1 പ്രമേഹവും ഗർഭകാല പ്രമേഹവും.

ഗർഭകാല പ്രമേഹം പ്രസവാനന്തരം ഇല്ലാതാകാൻ സാധ്യതയുള്ളതാണ്. ഇൻസുലിൻ  ഉണ്ടാക്കുന്ന പാൻക്രിയാസിലെ കോശങ്ങള്‍ നശിച്ചുപോവുകയും അതുവഴി ഇൻസുലിൻ ഉത്പാദനം ഇല്ലാതാവുകയും ചെയുന്നതാണ് ടൈപ്പ് 1 പ്രമേഹം. ഇൻസുലിൻ ആവശ്യമായ അളവിൽ ഉത്പാദിപ്പിക്കാതിരിക്കുകയോ അല്ലെങ്കില്‍ അതിന്‍റെ പ്രവർത്തനശേഷി ഇല്ലാതാവുകയോ ചെയ്യുന്ന അവസ്ഥയാണ് ടൈപ്പ് 2 പ്രമേഹം. 

ഒരു പ്രമേഹരോഗിയെങ്കിലും ഇല്ലാത്ത വീടുകൾ ഇന്ന് ചുരുക്കമാണെന്ന് പറയാം. പ്രധാനമായും പാരമ്പര്യവും അമിതവണ്ണവുമാണ് ആളുകളെ പ്രമേഹത്തിലേക് നയിക്കുന്നത്. ഇതിന് പുറമെ ഭക്ഷണം, വ്യായാമമില്ലായ്മ, അനാരോഗ്യകരമായ ശീലങ്ങൾ എന്നിവയും പ്രമേഹത്തിന് കാരണമാകാം. ഇവയിലെല്ലാം അല്പം കാർക്കശ്യം പുലർത്തിയാൽ പ്രമേഹത്തെ നമുക്ക് വരുതിയിലാക്കാൻ കഴിയും.                                    

ലക്ഷണങ്ങളെ അറിയാം...                          

പ്രമേഹത്തിന്‍റേതായി വരുന്ന പ്രധാന ലക്ഷണങ്ങളെ കുറിച്ചറിയാം...     

1. അമിതമായ വിശപ്പ്     
2. അമിതമായ ദാഹം  
3. അടിക്കടി മൂത്രം ഒഴിക്കാനുള്ള പ്രവണത

ഇവയാണ് പ്രമേഹത്തിന്‍റെ ഏറ്റവുമധികം ശ്രദ്ധിക്കേണ്ടുന്ന ലക്ഷണങ്ങള്‍. ഇതിന് പുറമെ ക്ഷീണം/ തളര്‍ച്ച, ശരീരഭാരം കുറയുക, മുറിവുകളുണ്ടായാല്‍ അത് ഉണങ്ങാൻ കാലതാസം, കാലുകളില്‍ മരവിപ്പ്, സ്വകാര്യഭാഗങ്ങളില്‍ ചൊറിച്ചില്‍ എന്നിങ്ങനെയുള്ള പ്രശ്നങ്ങളും പ്രമേഹലക്ഷണമായി കാണാം. ഈ ലക്ഷണങ്ങളെല്ലാം തന്നെ ഒരു രോഗിയില്‍ കാണമമെന്നില്ല. ഇവ ഏറിയും കുറ‍ഞ്ഞും ഓരോ രോഗിയില്‍ കാണാം.

പ്രമേഹരോഗികൾ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമാണ് പാദസംരക്ഷണം. മുറിവുകൾ ഉണ്ടായാല്‍ പെട്ടെന്ന് ചികിത്സ തേടണം. അല്ലാത്ത പക്ഷം മുറിവുണങ്ങാതെ അത് അവയവം നീക്കം ചെയ്യുന്ന അവസ്ഥയിലേക്ക് വരെ ക്രമേണ എത്താം. 

രോഗനിർണയം... 

ഗ്ലൂക്കോസ് പരിശോധനയിലൂടെ (ഭക്ഷണത്തിന് മുമ്പേയും ഭക്ഷണശേഷവും) രോഗം ഉണ്ടെന്നു കണ്ടെത്താം. ഭക്ഷണത്തിനു മുമ്പ് ഗ്ലൂക്കോസിന്‍റെ അളവ് 126mg/dLല്‍ കൂടുതലും  ഭക്ഷണശേഷം 200mg/dL കൂടുതലും ആണെങ്കിൽ പ്രമേഹം നിയന്ത്രിച്ചുനിർത്തണമെന്നാണ് സൂചന. കൃത്യമായ ചികിത്സയും ഭക്ഷണനിയന്ത്രണവും ഇല്ലെങ്കിൽ കാഴ്ച തകരാറുകൾ, വൃക്കരോഗങ്ങൾ, ഹൃദ്രോഗങ്ങള്‍ എന്നിവയുണ്ടാകാൻ പ്രമേഹം കാരണമാകും.           

ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ടത്...

1. മധുരം കഴിയുന്നതും ഒഴിവാക്കുക. (ചോക്ലേറ്റ്, ഐസ്ക്രീം പോലുള്ളവ പ്രത്യേകിച്ചും )                  
2.  ഇലക്കറികൾ, സാലഡ്, പയറുവർഗങ്ങൾ എന്നിവ ഭക്ഷണത്തിൽ കൂടുതൽ ഉൾപ്പെടുത്തുക.                     
3. ഒരേസമയം കൂടുതൽ അളവിൽ ഭക്ഷണം കഴിക്കുന്നതിന് പകരം ചെറിയ ഇടവേളകളിൽ കുറഞ്ഞ അളവിൽ ഭക്ഷണം കഴിക്കുക.              
4. ഫാസ്റ്റ്ഫുഡ്, പപ്പടം, പൊരിച്ച ഭക്ഷണങ്ങൾ എന്നിവ നിയന്ത്രിക്കുക.     

വ്യായാമം...

പ്രായത്തിനും ആരോഗ്യാവസ്ഥയ്ക്കുമനുസരിച്ചുള്ള വ്യായാമം പ്രമേഹത്തിന് നല്ലതാണ്. വേഗത്തില്‍ ഉള്ള നടത്തം അമിതവണ്ണം കുറയ്ക്കാനും പ്രമേഹത്തിന്‍റെ മറ്റ് സങ്കീർണതകള്‍ തടയാനും സഹായകമാണ്. വ്യായാമം ചെയ്യുമ്പോൾ ശരീരം നന്നായി വിയർക്കുന്ന തരത്തിലാണ് ചെയ്യേണ്ടത്.

നടക്കുമ്പോൾ 40 മിനുറ്റ് എങ്കിലും നടക്കാൻ ശ്രമിക്കുക. നീന്തൽ, സൈക്ലിംഗ് തുടങ്ങിയവയും ചെയ്യാവുന്നതാണ്. വ്യായാമത്തിൽ സ്ഥിരത പുലർത്തണം.

പ്രമേഹം നിയന്ത്രിച്ചില്ലെങ്കില്‍...

ഒരുപാട് കാലം ഷുഗർ നിയന്ത്രിക്കാതെ ഇരുന്നാൽ ശരീരമാകെ പല തരത്തിലുള്ള പ്രശ്നങ്ങൾ ഉടലെടുക്കും. കണ്ണുകൾ, വൃക്കകൾ, ഹൃദയം, നാഡീവ്യൂഹം എന്നിവയുടെ പ്രവർത്തനത്തെ സാരമായി ബാധിക്കുന്നു. അതിനാൽ തന്നെ രോഗം നിയന്ത്രിച്ചുനിർത്തേണ്ടത് അത്യാവശ്യമാണ്. 

പ്രമേഹവും ഹോമിയോപതിയും...

ഹോമിയോപ്പതിയിൽ പ്രമേഹനിയന്ത്രണത്തിന് ഫലപ്രദമായ മരുന്നുകൾ ലഭ്യമാണ്. രോഗിയുടെ മാനസിക- ശാരീരിക തലങ്ങൾ കൃത്യമായി മനസിലാക്കി പാർശ്വഫലങ്ങളില്ലാതെയുള്ള മരുന്നുകളാണ് ഹോമിയോപ്പതിയിൽ ഉപയോഗിക്കുന്നത്. രോഗനിർണയം നടത്തി ഒട്ടും അമാന്തിക്കാതെ ചികിത്സ എടുത്തുകഴിഞ്ഞാൽ പ്രമേഹത്തെ നേരിടാൻ ഒരു പ്രയാസവുമില്ല.  

ലേഖനം തയ്യാറാക്കിയത്: ഡോ. റൈസ. പി
ഡോ. ബാസില്‍സ് ഹോമിയോ ഹോസ്പിറ്റല്‍
പാണ്ടിക്കാട്, മലപ്പുറം

Also Read:- പ്രമേഹം നിയന്ത്രിക്കുന്നതിന് പച്ച പപ്പായ? അറിയാം ഇതിലെ യാഥാര്‍ത്ഥ്യം...

Follow Us:
Download App:
  • android
  • ios