ചൈനയിൽ കൊറോണാവൈറസ് വ്യാപനം നിയന്ത്രണാതീതമായി തുടരുന്ന സാഹചര്യത്തില്‍ എച്ച്ഐവി പ്രതിരോധ മരുന്നുകളാണ് കൊറോണാവൈറസ് ബാധിതയേറ്റവര്‍ക്കും ഇപ്പോള്‍ നല്‍കിവരുന്നത്. ഇത്തരമൊരു പരീക്ഷണം നടത്തുന്ന വിവരം ബ്ലൂംബേര്‍ഗ് ആണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 

എച്ച്ഐവി രോഗത്തെ തടയാന്‍ ഉപയോഗിക്കുന്ന  'AbbVie'യുടെ മരുന്നകളാണ് ചൈനയില്‍ കൊറോണാവൈറസ് ബാധിതയേറ്റവര്‍ക്ക് പ്രാഥമിക ചികിത്സയ്ക്കായി നല്‍കുന്നത് എന്ന് നാഷണല്‍ ഹെല്‍ത്ത് കമ്മിഷന്‍ (NHC) പറയുന്നു. AbbVieയുടെ ഈ മരുന്നുകള്‍ ആന്‍റി വൈറല്‍ മരുന്നുകളായി പ്രവര്‍ത്തിക്കുന്നു എന്നും എന്‍എച്ച്സി പറയുന്നു.

അതേസമയം, കൊറോണവൈറസിന്റെ ജനിതക പാറ്റേൺ കണ്ടെത്തപ്പെട്ടു കഴിഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞ ജനുവരി 10 -ന് ഷാങ്ഹായിലെ ഫുഡാൻ യൂണിവേഴ്സിറ്റിയിലെ പ്രൊഫസറായ യോങ് സെൻ സാങ് ആണ് വുഹാൻ ഔട്ട് ബ്രേക്കിലെ ഈ വൈറസിന്റെ ജീനോം കോഡ് കണ്ടുപിടിച്ച്, അതിനെ പൊതുജന താത്പര്യാർത്ഥം ജീൻബാങ്കിൽ ആർക്കുവേണമെങ്കിലും ഡൌൺലോഡ് ചെയ്തെടുക്കാവുന്ന പരുവത്തിൽ അപ്‌ലോഡ് ചെയ്‌തത്‌. അസുഖത്തെപ്പറ്റിയുള്ള ആദ്യ റിപ്പോർട്ടുകൾ വന്നതിനു പിന്നാലെ, ഇത്ര പെട്ടന്ന് അസുഖത്തിന് കാരണമായ വൈറസിന്റെ ജീനോം ഡീകോഡ് ചെയ്തെടുക്കാൻ സാധിച്ചത് അഭിമാനാർഹമായ നേട്ടമാണ് എന്ന് ടെക്സസ് സർവകലാശാലയിലെ വൈദ്യശാസ്ത്ര ഗവേഷകനും, സുപ്രസിദ്ധ വൈറോളജിസ്റ്റുമായ വിനീത് മേനാച്ചേരി പറഞ്ഞു.  

അമേരിക്കൻ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ സഹകരണവും വാക്സിൻ നിർമ്മാണത്തിനുണ്ടാകും. അസുഖം തിരിച്ചറിഞ്ഞ് മൂന്നുമാസത്തിനകം തന്നെ വാക്സിൻ ആദ്യത്തെ മനുഷ്യരിലുള പരീക്ഷണത്തിന് പോകുന്നത് വളരെ അപൂർവമായി മാത്രം കൈവരിച്ചിട്ടുള്ള നേട്ടമാണ്. ലോകത്തെ നിരവധി ഫാർമസ്യൂട്ടിക്കൽ കമ്പനികൾ കൊറോണ വൈറസ് വാക്സിനേഷൻ കണ്ടുപിടിച്ച് പരീക്ഷണങ്ങൾക്കു ശേഷം എത്രയും പെട്ടെന്ന് വിപണിയിൽ ഇറക്കാനുള്ള അശ്രാന്തപരിശ്രമത്തിലാണ്.