കോണ്ടം ഉപയോഗിക്കാതെ അടക്കമുള്ള ലൈംഗിക ബന്ധത്തിലൂടെ എച്ച്‌ഐവി പിടിപെട്ടവരില്‍ ഏറ്റവും കൂടുതല്‍ പേര്‍ ആന്ധ്ര പ്രദേശിലുള്ളവരാണ്. ആന്ധ്രയിലെ 3,18,814 പേര്‍ ഒരു ദശകത്തിനിടെ എച്ച്‌ഐവി ബാധിതരായി. മഹാരാഷ്ട്ര (2,84,577), കര്‍ണാടക (2,12,982), തമിഴ്‌നാട് (1,16,536), ഉത്തര്‍ പ്രദേശ് (1,10,911), ഗുജറാത്ത് (87,440) എന്നിവയാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.
ദില്ലി: സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിലൂടെ കഴിഞ്ഞ പത്ത് വർഷത്തിനിടെ രാജ്യത്തെ 17 ലക്ഷത്തിലേറെ പേർക്ക് എച്ച്‌ഐവി (human immunodeficiency virus) ബാധിച്ചതായി റിപ്പോർട്ട്. വിവരാവകാശ അപേക്ഷയ്ക്ക് നാഷണൽ എയ്ഡ്‌സ് കൺട്രോൾ ഓർഗനൈസേഷൻ നൽകിയ മറുപടിയിലാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്.
2011-12ൽ 2.4 ലക്ഷം ആളുകളിൽ സുരക്ഷിതമല്ലാത്ത ലൈംഗികബന്ധത്തിലൂടെ എച്ച്ഐവി പകരുന്നതായി രേഖപ്പെടുത്തിയപ്പോൾ 2020-21ൽ അത് 85,268 ആയി കുറഞ്ഞു. ആക്ടിവിസ്റ്റ് ചന്ദ്ര ശേഖർ ഗൗർ നൽകിയ വിവരാവകാശ ചോദ്യത്തിന് മറുപടിയായി 2011-2021 കാലയളവിൽ ഇന്ത്യയിൽ 17,08,777 പേർക്ക് സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിലൂടെ എച്ച്ഐവി ബാധിച്ചതായി ദേശീയ എയ്ഡ്സ് നിയന്ത്രണ സംഘടന (നാക്കോ) പറഞ്ഞു.
കോണ്ടം ഉപയോഗിക്കാതെ അടക്കമുള്ള ലൈംഗിക ബന്ധത്തിലൂടെ എച്ച്‌ഐവി പിടിപെട്ടവരിൽ ഏറ്റവും കൂടുതൽ പേർ ആന്ധ്ര പ്രദേശിലുള്ളവരാണ്. ആന്ധ്രയിലെ 3,18,814 പേർ ഒരു ദശകത്തിനിടെ എച്ച്‌ഐവി ബാധിതരായി. മഹാരാഷ്ട്ര (2,84,577), കർണാടക (2,12,982), തമിഴ്‌നാട് (1,16,536), ഉത്തർ പ്രദേശ് (1,10,911), ഗുജറാത്ത് (87,440) എന്നിവയാണ് തുടർന്നുള്ള സ്ഥാനങ്ങളിൽ.
2011-2021 കാലയളവിൽ രക്തം വഴി എച്ച്‌ഐവി ബാധിച്ചവർ 15,782 പേരാണ്. അമ്മമാരിൽ നിന്ന് എച്ച്‌ഐവി ബാധിച്ച 4,423 കുട്ടികൾ ഇക്കൂട്ടത്തിൽ ഉണ്ടെന്നും നാഷണൽ എയ്ഡ്‌സ് കൺട്രോൾ ഓർഗനൈസേഷൻ വെളിപ്പെടുത്തുന്നു. എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും, എച്ച്ഐവി പകരുന്ന കേസുകളിൽ സ്ഥിരമായ കുറവുണ്ടായതായി ഡാറ്റയിൽ പറയുന്നു.
പ്രീ-ടെസ്റ്റ്/പോസ്റ്റ് ടെസ്റ്റ് കൗൺസിലിംഗ് സമയത്ത് എച്ച്ഐവി പോസിറ്റീവ് വ്യക്തികൾ നൽകിയ പ്രതികരണത്തിൽ നിന്ന് എച്ച്ഐവി പകരുന്ന രീതികളെക്കുറിച്ചുള്ള വിവരങ്ങൾ കൗൺസിലർ രേഖപ്പെടുത്തിയിട്ടുണ്ടെന്നും ഡാറ്റയിൽ വ്യക്തമാക്കുന്നു. എച്ച്ഐവി ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ ആക്രമിക്കുന്നു. എച്ച്‌ഐവി ചികിത്സിച്ചില്ലെങ്കിൽ, അത് എയ്ഡ്‌സിന് (അക്വയേർഡ് ഇമ്മ്യൂണോ ഡിഫിഷ്യൻസി സിൻഡ്രോം) കാരണമാകും. രോഗം ബാധിച്ച രക്തം, ശുക്ലം അല്ലെങ്കിൽ യോനി സ്രവങ്ങൾ എന്നിവയുമായി സമ്പർക്കം പുലർത്തുന്നതിലൂടെ വൈറസ് പകരാം.
എച്ച്ഐവി ബാധിച്ച് ഏതാനും ആഴ്ചകൾക്കുള്ളിൽ, പനി, തൊണ്ടവേദന, ക്ഷീണം തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടാകാം. ശരീരഭാരം കുറയൽ, പനി അല്ലെങ്കിൽ രാത്രി വിയർപ്പ്, ക്ഷീണം, ആവർത്തിച്ചുള്ള അണുബാധകൾ എന്നിവ എയ്ഡ്സിന്റെ ലക്ഷണങ്ങളിൽ ഉൾപ്പെടുന്നു.
എച്ച്ഐവിക്ക് ഫലപ്രദമായ ചികിത്സയില്ല. എന്നിരുന്നാലും, ശരിയായ വൈദ്യ പരിചരണത്തിലൂടെ ഇത് കൈകാര്യം ചെയ്യാൻ കഴിയുമെന്ന് ഗുരുഗ്രാമിലെ ഫോർട്ടിസ് മെമ്മോറിയൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ഇന്റേണൽ മെഡിസിൻ ഡയറക്ടർ സതീഷ് കൗൾ പറഞ്ഞു.
