മുഖം സംരക്ഷിക്കുന്നത് പോലെ തന്നെ കഴുത്തും സംരക്ഷിക്കേണ്ടത് അത്യാവശ്യമാണ്. ചില സ്ത്രീകളിൽ കണ്ട് വരുന്ന പ്രശ്നങ്ങളിലൊന്നാണ് കഴുത്തിലെ കറുപ്പ്. കഴുത്തിലെ കറുപ്പ് മാറ്റാൻ പലതരത്തിലുള്ള ക്രീമുകളും ഉപയോ​ഗിച്ച് കാണും. പക്ഷേ വലിയ മാറ്റമൊന്നും ഉണ്ടായി കാണില്ല.

അമിതമായി രാസപദാർഥങ്ങൾ അടങ്ങിയ ക്രീമുകൾ ഉപ​യോഗിക്കുന്നതും കഴുത്തിലെ നിറക്കുറവിന്​ കാരണമാകും. കഴുത്തിലെ കറുപ്പ് നിറം മാറ്റാൻ വീട്ടിൽ ചെയ്യാവുന്ന അഞ്ച് പൊടിക്കെെകൾ ഏതൊക്കെയാണെന്ന് നോക്കാം...

കറ്റാർവാഴ ജെൽ...

സൗന്ദര്യസംരക്ഷണത്തിന് മിക്ക സ്ത്രീകളും ഉപയോ​ഗിച്ച് വരുന്ന ഒന്നാണ് കറ്റാർവാഴ ജെൽ. ചർമ്മസംരക്ഷണത്തിന് നല്ലൊരു മരുന്നാണ് കറ്റാർവാഴ ജെൽ. ദിവസവും രാത്രി ഉറങ്ങുന്നതിന് മുമ്പ് കഴുത്തിന് ചുറ്റും അൽപം കറ്റാർവാഴ ജെൽ പുരട്ടുക. ശേഷം രാവിലെ ചെറുചൂടുവെള്ളത്തിൽ കഴുകി കളയാം. 

ആപ്പിളിൽ നിന്നുള്ള വിനാഗിരി...

ആപ്പിളിൽ നിന്നുള്ള വിനാഗിരി ചർമത്തി​ന്‍റെ പി.എച്ച്​ ലെവൽ ക്രമീകരിച്ചുനിർത്താനും സ്വാഭാവിക തിളക്കം നൽകാനും സഹായിക്കും. ഇവ ചർമത്തിലെ നിർജീവ കോശങ്ങളെ നീക്കാനും സഹായിക്കുന്നു. മാലിക്​ ആസിഡിന്‍റെ സാന്നിധ്യം ഇതിന്​ സഹായിക്കുന്നു. രണ്ട്​ ടേബിൾ സ്​പൂൺ ആപ്പിൾ വിനാഗിരിയില്‍ നാല്  ടേബിൾ സ്​പൂൺ വെള്ളം ചേർക്കുക. ശേഷം​ പത്ത്​ മിനിറ്റ്​ കഴുത്തിൽ പുരട്ടുക. വെള്ളം ഉപയോഗിച്ച്​ കഴുകി കളയുക. ഇത്​ തുടർച്ചയായ ദിവങ്ങളിൽ ആവർത്തിക്കുക. ഇതിന്​ ശേഷം കഴുത്തിൽ ഈർപ്പം നിലനിർത്താൻ സഹായകമായ ക്രീം പുരട്ടുന്നത്​ ഗുണകരമായിരിക്കും. 

 ബേക്കിം​ഗ്​ സോഡ...

ചര്‍മത്തിലെ  നിർജീവ കോശങ്ങളെയും അഴുക്കിനെയും നീക്കാൻ ബേക്കിം​ഗ് സോഡ സഹായകരമാണ്​. ഇവ ചർമത്തെ പോഷിപ്പിക്കുകയും ചെയ്യുന്നു. രണ്ടോ മൂന്നോ ടേബിൾ സ്​പൂൺ ബേക്കിം​ഗ് സോഡ എടുത്ത്​ ആവശ്യത്തിന്​ വെള്ളം ചേർത്ത്​ കുഴമ്പുരൂപത്തിലാക്കുക. കഴുത്തിൽ തേച്ചുപിടിപ്പിക്കുകയും ഉണങ്ങു​മ്പോള്‍ വെള്ളം നന്നായി കഴുകി കളയുകയും ചെയ്യുക.

തെെര്​...

ചർമത്തെ വെളുപ്പിക്കാൻ സഹായിക്കുന്ന ഘടകങ്ങൾ തെെരിൽ അടങ്ങിയിട്ടുണ്ട്​. ഇരുണ്ട പാടുകൾ നീക്കി ചർമത്തിന്​ സ്വാഭാവിക തിളക്കം നൽകാൻ ഇവ സഹായിക്കുന്നു. രണ്ട് സ്പൂൺ തെെരിൽ അൽപം റോസ് വാട്ടർ ചേർത്ത് കഴുത്തിലിടുക. ഉണങ്ങിയ ശേഷം ഇളം ചൂടുള്ള വെള്ളത്തിൽ കഴുകി കളയുകയും ചെയ്യുക. എല്ലാദിവസവും ഇത് പുരട്ടാം.

 മഞ്ഞൾ...

മഞ്ഞൾ ഉപയോഗിച്ചുള്ള മിശ്രിതം ചർമത്തിന്‍റെ നിറം വർധിപ്പിക്കാൻ പരമ്പരാഗതമായി ഉപയോഗിച്ചുവരുന്നു. കഴുത്തിലെ നിറവ്യത്യാസം ഇല്ലാതാക്കാനും സ്വഭാവികമായ തിളക്കം നൽകാനും ഇവ സഹായിക്കുന്നു.  രണ്ട്​ ടേബിൾ സ്​പൂൺ കടലമാവും ഒരു നുള്ള്​ മഞ്ഞൾ പൊടിയും അര ടീ സ്​പൂൺ ചെറുനാരങ്ങാ നീരും അൽപ്പം റോസ്​ വാട്ടറും ചേർത്തുള്ള മിശ്രിതം തയാറാക്കുക. അയഞ്ഞ രൂപത്തിലുള്ള മിശ്രിതം 15 മിനിറ്റ്​ കഴുത്തിൽ പുരട്ടുക. ശേഷം ഇളം ചൂടുവെള്ളത്തിൽ നന്നായി കഴുകി കളയുക. ഇത്​ ആഴ്​ചയിൽ രണ്ട്​ തവണ പ്രയോഗിക്കാം.