Asianet News MalayalamAsianet News Malayalam

മഞ്ഞുകാലത്തും മുഖം ഭംഗിയായി സൂക്ഷിക്കാൻ വീട്ടില്‍ ചെയ്തുനോക്കൂ ഇവ...

വീട്ടില്‍ തന്നെ ചില പൊടിക്കൈകള്‍ ചെയ്യാനായാല്‍ ഒരു പരിധി വരെ ഈ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും മഞ്ഞുകാലത്തും മുഖം ഭംഗിയായി സൂക്ഷിക്കുന്നതിനും സാധിക്കും. ഇതിന് സഹായകമാകുന്ന പൊടിക്കൈകളാണിനി പങ്കുവയ്ക്കുന്നത്.

home remedies for dry skin during winter
Author
First Published Dec 6, 2022, 7:49 PM IST

മഞ്ഞുകാലമാകുമ്പോള്‍ ചര്‍മ്മം കൂടുതല്‍ വരണ്ടുപോവുകയും ചര്‍മ്മം പാളികളായി ചെറുതായി അടര്‍ന്നുപോരികയും തിളക്കം മങ്ങുകയെല്ലാം ചെയ്യുന്നത് പതിവാണ്. അന്തരീക്ഷം കൂടുതല്‍ വരണ്ടിരിക്കുന്നത് മൂലമാണ് അധികവും ചര്‍മ്മം ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ നേരിടുന്നത്.

അതിനാല്‍ തന്നെ മഞ്ഞുകാലത്ത് ചര്‍മ്മം കുറെക്കൂടി മോയിസ്ചറൈസ് ചെയ്യാനാണ് നാം ശ്രമിക്കേണ്ടത്. ഇതിനായി പതിവായി മോയിസ്ചറൈസര്‍ ഉപയോഗിക്കുന്നവര്‍ ഏറെയാണ്. എന്നാല്‍ വീട്ടില്‍ തന്നെ ചില പൊടിക്കൈകള്‍ ചെയ്യാനായാല്‍ ഒരു പരിധി വരെ ഈ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും മഞ്ഞുകാലത്തും മുഖം ഭംഗിയായി സൂക്ഷിക്കുന്നതിനും സാധിക്കും. ഇതിന് സഹായകമാകുന്ന പൊടിക്കൈകളാണിനി പങ്കുവയ്ക്കുന്നത്. 

ഒന്ന്...

പപ്പായ, തേൻ, പാല്‍ എന്നിവ ചേര്‍ത്തുള്ളൊരു ഫേസ് പാക്കിനെ കുറിച്ചാണ് ആദ്യം പങ്കുവയ്ക്കുന്നത്. പപ്പായ ചര്‍മ്മത്തിന് ഒരുപാട് ഗുണകരമാകുന്നൊരു ഫ്രൂട്ട് ആണ്. മോയിസ്ചറൈസ് ചെയ്യാനും മുഖചര്‍മ്മത്തിന്‍റെ തിളക്കം വീണ്ടെടുക്കാനുമെല്ലാം ഇത് സഹായിക്കും. 

എങ്ങനെയാണ് ഈ പാക്ക് തയ്യാറാക്കുന്നത് എന്ന് ചോദിച്ചാല്‍ ആദ്യം കാല്‍ക്കപ്പ് പപ്പായ അരച്ചത് എടുക്കണം. ഇതിലേക്ക് രണ്ട് ടേബിള്‍ സ്പൂണ്‍ തേൻ, ഒരു ടേബിള്‍ സ്പൂണ്‍ പാല്‍ എന്നിവ ചേര്‍ക്കുക. എല്ലാം നന്നായി യോജിപ്പിച്ച ശേഷം ഇത് മുഖത്തും കഴുത്തിലും തേച്ചുപിടിപ്പിക്കുക. പതിനഞ്ച് മിനുറ്റ് വച്ച ശേഷം വെള്ളത്തില്‍ കഴുകിയെടുക്കാം. ഇത് ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ ചെയ്യാവുന്നതാണ്.

രണ്ട്...

നേന്ത്രപ്പഴവും പപ്പായയും ചേര്‍ത്തുള്ളൊരു പാക്കിനെ കുറിച്ചാണ് ഇനി പങ്കുവയ്ക്കുന്നത്. മുഖചര്‍മ്മം അടര്‍ന്നിരിക്കുന്നതിന്‍റെ അഭംഗി ഒഴിവാക്കാനും മുഖം തിളങ്ങാനുമെല്ലാം നേന്ത്രപ്പഴവും പപ്പായയും സഹായിക്കും. 

ഇതിനായി കാല്‍ക്കപ്പ് പപ്പായ അരച്ചതിനൊപ്പം കാല്‍ക്കപ്പ് നേന്ത്രപ്പഴം അരച്ചത് കൂടെ ചേര്‍ത്ത് യോജിപ്പിച്ച് ഇത് മുഖത്തും കഴുത്തിലും തേച്ചുപിടിപ്പിക്കുക. പതിനഞ്ച് മിനുറ്റിന് ശേഷം വെള്ളത്തില്‍ കഴുകിക്കളയാം. ഇതും ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ ചെയ്യാം. 

മൂന്ന്...

തേനും കറുവപ്പട്ടയും ചേര്‍ത്ത് തയ്യാറാക്കുന്നൊരു മറ്റൊരു കൂട്ടാണിനി പരിചയപ്പെടുത്തുന്നത്. തേൻ, മിക്കവര്‍ക്കും അറിയാമായിരിക്കും, ഒരു 'നാച്വറല്‍ മോയിസ്ചറൈസര്‍' ആണ്. കറുവപ്പട്ടയാകട്ടെ ബാക്ടീരിയ- ഫംഗസ് പോലുള്ള സൂക്ഷ്മ രോഗാണുക്കള്‍ക്കെതിരെ പ്രവര്‍ത്തിക്കാൻ കഴിവുള്ളതാണ്. 

മൂന്ന് ടേബിള്‍ സ്പൂണ്‍ തേനും ഒരു ടീസ്പൂണ്‍ കറുവപ്പട്ട പൊടിയും ഒന്നിച്ച് ചേര്‍ത്ത് യോജിപ്പിച്ച് മുഖത്തും കഴുത്തിലും തേച്ചുപിടിപ്പിച്ച് പതിനഞ്ച് മിനുറ്റ് വച്ച് കഴുകിക്കളഞ്ഞാല്‍ മാത്രം മതി. ഇതും ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ ചെയ്യാം. 

നാല്...

കട്ടത്തൈരും തേനും യോജിപ്പിച്ചുള്ളൊരു മാസ്ക് ആണ് അടുത്തത്. തൈരും ഇപ്പറഞ്ഞത് പോലെ മുഖചര്‍മ്മത്തിന് ഏറെ ഗുണകരമായി വരുന്നൊരു ചേരുവയാണ്. 

മൂന്ന് ടേബിള്‍ സ്പൂണ്‍ തേനും മൂന്ന് ടേബിള്‍ സ്പൂണ്‍ കട്ടത്തൈരും ഒന്നിച്ച് ചേര്‍ത്ത് യോജിപ്പിച്ച് മുഖത്തും കഴുത്തിലും തേച്ചുപിടിപ്പിച്ച് പതിനഞ്ച് മിനുറ്റ് വച്ചാല്‍ മതി. ഇതും വെള്ളമുപയോഗിച്ച് തന്നെ വെറുതെ കഴുകിക്കളയാം. 

മഞ്ഞുകാലത്ത് ദിവസവും ആവശ്യത്തിന് വെള്ളം കുടിക്കാൻ ശ്രദ്ധിക്കണം. അതുപോലെ ആരോഗ്യകരമായ ഭക്ഷണങ്ങള്‍ കഴിക്കാൻ ശ്രമിക്കുക. ഇതെല്ലാം ചര്‍മ്മത്തിന്‍റെ ആരോഗ്യത്തെയും ഗുണകരമായി സ്വാധീനിക്കും. 

Also Read:- എന്തുകൊണ്ട് മുഖത്ത് പാടുകളും നിറവ്യത്യാസങ്ങളും?; പരിഹാരമായി ചെയ്യാവുന്നത്...

Follow Us:
Download App:
  • android
  • ios