തിരക്കുപിടിച്ച ഈ ജീവിതത്തിനിടയില്‍ ഭക്ഷണം കഴിക്കുന്നതില്‍ കൃത്യനിഷ്ഠ പാലിക്കാത്തവരാണ് മിക്കവരും. എന്നാല്‍ ഈ ശീലം ഏറെ നാള്‍ തുടര്‍ന്നാല്‍ പിന്നീട് അസിഡിറ്റിയുടെ ലക്ഷണങ്ങള്‍ ഓരോന്നായി പ്രത്യക്ഷപ്പെട്ടു തുടങ്ങും.

ഭക്ഷണം കഴിച്ചയുടന്‍ അനുഭവപ്പെടുന്ന വയറെരിച്ചിലാണ് അസിഡിറ്റിയുടെ പ്രാഥമിക ലക്ഷണം. ചിലരില്‍ വയറു വേദനയും മറ്റും കാണാറുണ്ട്. ചികിത്സിച്ചില്ലെങ്കില്‍ അള്‍സറും പിന്നീട് അതിലും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകാം. 

ഉദരഗ്രന്ഥികള്‍ അമിതമായി ആസിഡ് ഉത്പാദിപ്പിക്കുന്ന അവസ്ഥയാണ് അസിഡിറ്റി. കഴിക്കുന്ന ഭക്ഷണം ദഹിപ്പിക്കാനായി ശരീരം മിതമായ തോതില്‍ ഹൈഡ്രോക്ലോറിക് ആസിഡ് ഉത്പാദിപ്പിക്കുന്നുണ്ട്. അതുപോലെതന്നെ, ഭക്ഷണരീതിയില്‍ വരുന്ന മാറ്റങ്ങളും, മാനസിക സംഘര്‍ഷവും, പുകവലി, മദ്യപാനം എന്നിവയും ആസിഡിന്റെ ഉത്പാദന തോതിന് വ്യതിയാനം ഉണ്ടാകാന്‍ കാരണമാവും. 

അസിഡിറ്റിയെ തടയാന്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഇതാ....

ഒന്ന്...

എണ്ണയും കൊഴുപ്പും എരുവും നിറഞ്ഞ ഭക്ഷണം ഒഴിവാക്കുക എന്നതാണ് അസിഡിറ്റി വരാതിരിക്കാനായി ആദ്യം ചെയ്യേണ്ടത്. പകരം ആരോഗ്യകരമായ ഭക്ഷണ ശീലം ഉറപ്പാക്കുക. 

രണ്ട്...

പഴങ്ങളും പച്ചക്കറിയകളും ഉള്‍പ്പെടുന്ന ആരോഗ്യകരമായ ഒരു ഭക്ഷണശീലം പിന്തുടരുക. പച്ചക്കറികളിലും പഴങ്ങളിലും നിന്ന് ആന്റിഓക്സിഡന്റുകളും ഫൈറ്റോകെമിക്കലുകളും ലഭിക്കുന്നു. അവ വിറ്റമിൻ സിയാൽ സമ്പന്നമാണ്. ഇതിലെ ആന്റിഓക്സിഡന്റുകൾ അൾസർ സുഖപ്പെടുത്തുന്നു.

മൂന്ന്...

കൃത്യസമയത്ത് തന്നെ ഭക്ഷണം കഴിക്കുക. കഴിക്കുന്ന ഭക്ഷണത്തിനിടയിലുളള ഇടവേളകള്‍ ചുരുക്കി ഇടയ്ക്കിടയ്ക്ക് പഴങ്ങളും നട്സുമൊക്കെ കഴിക്കാം. 

നാല്...

ആസിഡ് അടങ്ങിയ ഓറഞ്ച്, നാരങ്ങ മുതലായ പഴങ്ങളുടെ അളവ് കുറയ്ക്കാനും ശ്രദ്ധിക്കാം. 

അഞ്ച്...

ഭക്ഷണം സാവധാനം കഴിക്കുക. അതുപോലെ ഭക്ഷണത്തിന് അരമണിക്കൂര്‍ മുമ്പോ അരമണിക്കൂറിന് ശേഷമോ വെള്ളം കുടിക്കുക. ദഹനം എളുപ്പത്തിലാക്കുന്നതിലും ആസിഡ് ഉത്പാദനത്തിന്റെ വ്യതിയാനം ക്രമപ്പെടുത്തുന്നതിനും വെള്ളം കുടിക്കുന്നത് നല്ലതാണ്. 

ആറ്...

ചായയും കാപ്പിയും ലഹരി ഉത്പന്നങ്ങളും ഒഴിവാക്കുക. അസിഡിറ്റി കൂട്ടുന്ന ഭക്ഷ്യവസ്തുക്കള്‍ കണ്ടെത്തി ഒഴിവാക്കുക. 

ഏഴ്...

അസിഡിറ്റിയെ തടയുന്ന ഒന്നാണ് ജീരകം. അതിനാല്‍ ജീരകവെള്ളം ദിവസവും കുടിക്കുന്നത് നല്ലതാണ്. 

എട്ട്...

അൾസറും അസിഡിറ്റി പ്രശ്നവുമുള്ളവർ പാല്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം. പാലിലെ പ്രൊട്ടീൻ അൾസറിനെ സുഖപ്പെടുത്തുന്നുണ്ട്. അതുപോലെ തന്നെ തൈരും കഴിക്കാം. 

ഒമ്പത്...

തേനും അസിഡിറ്റിയെ തടയാന്‍ സഹായിക്കും. ചെറുചൂടുവെള്ളത്തില്‍ തേന്‍ ചേര്‍ത്ത് കുടിക്കുന്നത് അസിഡിറ്റിയെ അകറ്റാന്‍ സഹായിക്കും. 

Also Read: രാവിലെ ഉണര്‍ന്നയുടന്‍ വെള്ളം കുടിച്ചോ? എന്തുകൊണ്ട് ഈ ചോദ്യം!