Asianet News MalayalamAsianet News Malayalam

കൊവിഡ് ചികിത്സയിൽ ഹോമിയോപ്പതി; പ്രതിരോധമരുന്നോ പഞ്ചസാര മിഠായിയോ?

ശാസ്ത്രലോകം അംഗീകരിച്ചിട്ടുള്ള  പരീക്ഷണങ്ങൾ കൂടി വിജയകരമായി പൂർത്തിയാക്കിയാൽ മാത്രമേ കൊവിഡ് പ്രതിരോധത്തിൽ ഹോമിയോപ്പതി എന്ന ചികിത്സാരീതിക്ക് വഹിക്കാനായേക്കാവുന്ന പങ്കിനെപ്പറ്റി ഒരു അവസാനവാക്ക് പറയാനാകൂ.

Homoeopathy in Covid prevention and cure, immuno booster or a sugar coated lie?
Author
Trivandrum, First Published Sep 10, 2020, 5:44 PM IST
  • Facebook
  • Twitter
  • Whatsapp

കൊവിഡ് ചികിത്സയിൽ ഹോമിയോപ്പതി എന്ന ചികിത്സാ ശാഖയുടെ ഫലസിദ്ധിയെപ്പറ്റി ആരോഗ്യമന്ത്രി കെകെ ശൈലജടീച്ചർ നടത്തിയ പരാമർശങ്ങൾ അലോപ്പതി ഡോക്ടർമാരുടെ സമൂഹത്തിൽ നിന്ന് കടുത്ത പ്രതിഷേധങ്ങളും വിമർശനങ്ങളും ക്ഷണിച്ചു വരുത്തിയിരുന്നു. 'ആഴ്‌സനിക്കം ആൽബം 30CH' എന്ന ഹോമിയോ പ്രതിരോധ മരുന്ന് നൽകിയിരുന്നു എന്നും, ഈ ഹോമിയോ പ്രതിരോധമരുന്ന് കഴിച്ചവരില്‍ കുറച്ചുപേര്‍ മാത്രമേ വൈറസ് ബാധിതരായുള്ളൂ എന്നും, അവർക്കുതന്നെ രോഗം വളരെ വേഗം ഭേദപ്പെട്ടെന്നും മന്ത്രി കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രി പറഞ്ഞിരുന്നു. എന്നാൽ ശൈലജ ടീച്ചറുടെ ഈ പ്രസ്‍താവനയ്ക്ക് പിന്നാലെ അതിനെതിരെ അലോപ്പതി ഡോക്ടർമാരുടെ സംഘടനയായ ഐഎംഎ(ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ) രംഗത്ത് വന്നിരുന്നു. ആരോഗ്യ മന്ത്രി തന്നെ ഇങ്ങനെ അശാസ്ത്രീയമായ കാര്യങ്ങള്‍ സമൂഹത്തിൽ പ്രചരിപ്പിക്കരുതെന്നും, അതുവഴി ആരോഗ്യപ്രവര്‍ത്തകരെ അവഹേളിക്കരുതെന്നും ഐഎംഎ പ്രതികരിക്കുകയുണ്ടായി.

 

Homoeopathy in Covid prevention and cure, immuno booster or a sugar coated lie?


അതേ സമയം, ഈ വിവാദങ്ങൾക്കിടയിൽ തന്നെ ആരോഗ്യമന്ത്രിയെ പിന്തുണച്ചുകൊണ്ട് ഹോമിയോ ഡോക്ടർമാരുടെ സംഘടനയും അന്ന് രംഗത്തെത്തിയിരുന്നു. ഹോമിയോ മരുന്ന് കഴിച്ചാല്‍ കൊവിഡിന് പ്രതിരോധ ശേഷി ലഭിക്കുമെന്ന് ഹോമിയോ മെഡിക്കല്‍ അസോസിയേഷന്‍ അവകാശപ്പെട്ടിരുന്നു. മറ്റ് ചികിത്സാ വിഭാഗങ്ങളോടുള്ള അസഹിഷ്ണുതയാണ് അലോപ്പതി ഡോക്ടർമാർക്കെന്ന് ഹോമിയോ ഡോക്റും സംവിധായകനും സർക്കാർ സർവീസിൽ ഡിഎംഒയുമായ  ഡോ.ബിജുവും പറയുകയുണ്ടായി.

 

Homoeopathy in Covid prevention and cure, immuno booster or a sugar coated lie?

 

ഹോമിയോ ചികിത്സക്ക് അനുകൂലമായ ആരോഗ്യമന്ത്രിയുടെ പ്രസ്‍താവന വിവാദമായതിന് പിന്നാലെ, താൻ ഒരിക്കലും അശാസ്ത്രീയമായത് ചെയ്യാന്‍ പ്രേരിപ്പിക്കില്ല എന്ന് ആരോഗ്യ മന്ത്രിയുടെ തുടർ പ്രതികരണം വന്നു. പ്രതിരോധ ശേഷി വർധിപ്പിക്കാൻ സഹായിക്കുന്ന  മരുന്നുകള്‍ ഹോമിയോയിലുണ്ടെന്നാണ് ആയുഷ് വകുപ്പിലെ ഡോക്ടർമാർ പറഞ്ഞത് എന്നും അങ്ങനെ  പ്രതിരോധ ശേഷി കൂട്ടുന്ന മരുന്നുണ്ടെങ്കില്‍ അത് നല്‍കിക്കൊള്ളാനാണ് പറഞ്ഞത്, അല്ലാതെ കൊവിഡിന് ഹോമിയോയിൽ ചികിത്സിക്കാനല്ല  പറഞ്ഞതെന്നും ആരോഗ്യമന്ത്രിവിശദീകരണം നൽകി. അലോപ്പതി വിഭാഗത്തിൽ നിന്നുള്ള വിമർശനം വീണ്ടും രൂക്ഷമായതോടെ, ആരോഗ്യമന്ത്രിയും പ്രതിരോധത്തിലായി. ഹോമിയോ വിഭാഗത്തിന്‍റെ പഠനം ശരിയോ തെറ്റോ എന്നു പറയാൻ താൻ ആളല്ല എന്നും പരീക്ഷിച്ച് തെളിയിച്ച് കഴിഞ്ഞാൽ മാത്രമേ മരുന്നുകൾ ഫലപ്രദം എന്നു പറയാൻ കഴിയൂ എന്നും ഇതുവരെ കൊവിഡ് ചികിത്സയ്ക്ക് ആശ്രയിച്ചത് അലോപ്പതി മേഖലയെ തന്നെ ആയിരുന്നു  എന്നും  ആരോഗ്യമന്ത്രി അറിയിച്ചു.

അതിനിടെ മന്ത്രിയുടെ പ്രസ്താവനയ്ക്ക് അലോപ്പതി ഡോക്ടർമാരുടെ ഇടയിൽ നിന്ന് ഒറ്റപ്പെട്ട ഒരു പിന്തുണയും എത്തി. അത് എംഇഎസ് ഡയറക്ടറും പ്രമുഖ ന്യൂറോളജി സ്പെഷ്യലിസ്റ്റും ആയ ഫസൽ ഗഫൂർറിന്റെ ഭാഗത്തുനിന്നായിരുന്നു.

 

Homoeopathy in Covid prevention and cure, immuno booster or a sugar coated lie?

 

"എന്റെ പിതാവ് പനിയും ജലദോഷവുമൊക്കെ വരുമ്പോൾ കോഴിക്കോട്ടുള്ള ഒരു ഹോമിയോ ഡോക്ടറെ ആയിരുന്നു കൺസൾട്ട് ചെയ്തിരുന്നത്. ഞാനും ഹോമിയോ മരുന്നുകൾ കഴിച്ചിട്ടുണ്ട്. നമ്മളെല്ലാവരും കഴിച്ചിട്ടുണ്ട്, എന്തെങ്കിലും ഗുണമുള്ളത് കൊണ്ടാവുമല്ലോ അത് കഴിച്ചിരുന്നത്. നടു വേദന വന്നപ്പോ ഞാൻ ആയുർവേദത്തിലാണ് പോയത്, കോട്ടയ്ക്കൽ. അത് നമുക്കൊരു വിശ്വാസമാണ്. ഇതൊക്കെ പണ്ടേ ഇവിടുള്ളതല്ലേ? ഈ ഫിസിയോ തെറാപ്പി എന്നാലെന്താ? ആയുർവേദം തന്നെ " എന്നായിരുന്നു. ഫസൽ ഗഫൂർ ഒരു ചാനൽ ചർച്ചക്കിടെ പറഞ്ഞത്. ഹോമിയോ ചികിത്സക്ക് ഫലമുണ്ടോ എന്ന് പഠനത്തിലൂടെ ഉറപ്പിച്ച ശേഷം മാത്രമേ അത് പൊതുജനങ്ങളിലേക്ക് പ്രയോഗിക്കാൻ അനുവദിക്കാവൂ എന്നും അദ്ദേഹം ചർച്ചയിൽ പറഞ്ഞു.
 
ഇവിടെ അവശേഷിക്കുന്ന ചോദ്യം ഇതാണ്. ഹോമിയോപ്പതി എന്ന ചികിത്സാശാഖ, കൊവിഡിന്റെ പ്രതിരോധത്തിന് ഗുണകരമാണോ? 100% ഫലപ്രദമാണ്  എന്നും പരീക്ഷണത്തിന് തങ്ങൾ തയ്യാറാണ് എന്നും ഹോമിയോ ഡോക്ടർമാരുടെ സംഘടന പറയുമ്പോഴും, കൊവിഡെനെന്നല്ല ഒരു രോഗവും ഈ മരുന്നുകൾ കൊണ്ട് ഭേദമുണ്ടാവുന്നില്ല എന്നും ഇത് കേവലം ഒരു പ്ലസീബോ അഥവാ യാതൊരുവിധ ഔഷധഗുണങ്ങളും ഇല്ലാത്ത പഞ്ചസാര മിഠായി മാത്രമാണ് എന്നുമാണ് ഐഎംഎ അടക്കമുള്ള സംഘടനകളും അവയിൽ അംഗങ്ങളായ അലോപ്പതി ഡോക്ടർമാരും പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഇതിൽ ഏതാണ് സത്യം ?

എന്താണ് ഹോമിയോപ്പതി ?

ജർമ്മൻ ഭിഷഗ്വരനായ സാമുവൽ ഹാനിമാൻ പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനം സാക്ഷാത്കരിച്ച ഒരു ചികിൽസാസമ്പ്രദായമാണ്‌ ഹോമിയോപ്പതി. ഗ്രീക്ക്‌ ഭാഷയിലെ 'Homoios' അഥവാ 'സാമ്യമുള്ള', 'Pathos' അഥവാ 'രോഗം' എന്നീ വാക്കുകൾ ചേർന്നാണ് ഹോമിയോപ്പതി എന്ന വാക്കുണ്ടായിട്ടുള്ളത്. എല്ലാ രോഗങ്ങൾക്കും കാരണം 'ജീവശക്തി'യുടെ അസന്തുലിതാവസ്ഥ'യാണെന്ന് എന്നായിരുന്നു സാമുവൽ ഹാനിമാന്റെ വാദം. ഈ അസന്തുലിതാവസ്ഥയെ അദ്ദേഹം വിളിച്ചത് മയാസം(Miasm) എന്നായിരുന്നു. രോഗത്തെ കാടടക്കി ചികിത്സിക്കുന്നതിന് പകരം ഓരോ രോഗിയുടെയും രോഗപീഡിതമായ ജീവശക്തിയെ ചികിത്സിക്കുകയാണ് അസുഖം മാറാനുള്ള മാർഗമെന്നും അദ്ദേഹം പറഞ്ഞു വെച്ചു. 'സാമ്യമുള്ളത് സാമ്യമുള്ളതിനെ സുഖപ്പെടുത്തുന്നു' എന്നർത്ഥം വരുന്ന 'Similia Similibus Curantur' എന്നതാണ് ഹോമിയോപ്പതിയുടെ അടിസ്ഥാന സിദ്ധാന്തം. 

 

Homoeopathy in Covid prevention and cure, immuno booster or a sugar coated lie?

 

കേരളത്തിൽ പൊതുമേഖലയിൽ മാത്രം 669 ഹോമിയോ ഡിസ്പൻസറികളും കിടത്തി ചികിൽസിക്കാൻ സൗകര്യമുള്ള 34 ഹോമിയോ ആശുപത്രികളുമുണ്ട്. സ്വകാര്യമേഖലയിലെ കണക്കെടുത്താൽ അതിന്റെ എത്രയോ ഇരട്ടി വരും സംഖ്യ. ഹോമിയോ ഡിപ്പാർട്ട്മെന്റിന്റെ കീഴിൽ തന്നെ ക്യാൻസർ പരിചരണ സെന്ററുകൾ മുതൽ വന്ധ്യതാ ചികിത്സക്കുള്ള കേന്ദ്രങ്ങൾ വരെയുണ്ട്, ശബരിമലയിലും ഹജ്ജ് കാമ്പിലും വരെ താൽകാലിക ഹോമിയോ ക്ലിനിക്കുകൾ സ്ഥാപിക്കാറുണ്ട്. ഇന്ത്യയിൽ ആയുഷ് മന്ത്രാലയത്തിന്റെ കീഴിൽ ആയുർവേദ, സിദ്ധ, യുനാനി എന്നീ മറ്റുള്ള പരമ്പരാഗത വൈദ്യശാസ്ത്രശാഖകൾക്കൊപ്പം കേന്ദ്ര സർക്കാർ തന്നെ പിന്തുണയ്ക്കുന്ന, കേരളത്തിലും പുറത്തുമായി നിരവധി മെഡിക്കൽ കോളേജുകൾ ഉള്ള, പല രോഗങ്ങളെയും ചികിത്സിച്ചു മാറ്റുന്നു എന്ന് അവകാശപ്പെടുന്ന ഒന്നാണ് ഹോമിയോപ്പതി.
  
ഹോമിയോപ്പതിക്കെതിരെയുള്ള വിമർശനങ്ങൾ 

എന്നാൽ ഈ ചികിത്സാ ശാഖയ്ക്കെതിരെ സംഘടിതമായ രീതിയിൽ തന്നെ വ്യാപകമായ വിമർശനങ്ങളും നടക്കുന്നുണ്ട്. ഇന്ന്, ഹോമിയോപ്പതിയെപ്പറ്റി ശാസ്ത്രസമൂഹത്തിൽ പൊതുവെയും, വിശിഷ്യാ ആധുനിക വൈദ്യശാസ്ത്രമെന്നറിയപ്പെടുന്ന അലോപ്പതി പ്രാക്ടീസ് ചെയ്യുന്ന ഡോക്ടർമാർക്കും, റിച്ചാർഡ് ഡോക്കിൻസ് അടക്കമുള്ള യുക്തിവാദികൾക്കും ഒക്കെ ഇടയിൽ ഉള്ള അഭിപ്രായം ഇതൊരു കപടശാസ്ത്രമാണ് (pseudo science) എന്നതാണ്.എന്നാൽ, മറ്റു പല രാജ്യങ്ങളിലും നിരോധനം ഉണ്ടെങ്കിലും, ഇന്നും ഹോമിയോപ്പതി എന്നത് ഇന്ത്യയിൽ നിയമപ്രകാരം അംഗീകാരമുള്ള ഒരു ചികിത്സാ രീതിയാണ്. 

Homoeopathy in Covid prevention and cure, immuno booster or a sugar coated lie?

അതുപോലെ ഹോമിയോയുടെ അടിസ്ഥാന രീതിശാസ്ത്രമായ 'നേർപ്പിക്കൽ' പ്രക്രിയ തന്നെ അശാസ്ത്രീയമാണ് എന്നും വിമർശകർ പറയുന്നുണ്ട്. 'നേർപ്പിക്കും തോറും വീര്യം കൂടും' എന്ന ഹോമിയോയുടെ ബോധ്യം, ശാസ്ത്ര തത്വങ്ങൾക്ക് വിരുദ്ധമാണ് എന്ന് അവർ അഭിപ്രായപ്പെടുന്നു. ഏകദേശം സാമുവൽ ഹാനിമാന്റെ തന്നെ  സമകാലികനായിരുന്ന അമാഡിയോ അവോഗാഡ്രോ എന്ന ഭൗതികശാസ്ത്രജ്ഞന്റെ, 'പദാർഥങ്ങളിലെ തന്മാത്രകളുടെ അളവി'നെക്കുറിച്ചുള്ള വിഖ്യാതമായ പരികൽപ്പനക്ക് കടകവിരുദ്ധമാണത്രെ ഹോമിയോക്കാരുടെ ഈ നേർപ്പിക്കൽ തത്വം. ഹോമിയോ മരുന്നുകളുടെ നിർമ്മാണത്തിലെ ആവർത്തിക്കൽ പ്രക്രിയക്കു ശേഷം കിട്ടുന്ന ഔഷധങ്ങളിൽ , അവയുടെ നിർമാണത്തിന്റെ ആദ്യഘട്ടങ്ങളിൽ കൂട്ടുചേരുന്ന അടിസ്ഥാന ഔഷധവസ്‌തുവിന്റെ ഒരു തന്മാത്ര പോലും ഉണ്ടാവില്ലെന്നാണ് ഹോമിയോ വിമർശകർ ആരോപിക്കുന്നത്. 

പിന്നെങ്ങനെ ഹോമിയോ മരുന്ന് കഴിക്കുന്നവർക്ക് രോഗം മാറുന്നു?

ഇതിനെ വിശദീകരിക്കാൻ ഹോമിയോ വിമർശകർ പറയുന്ന കാരണങ്ങൾ ഇനി പറയുന്നവയാണ്.

പ്ലസീബോ ഇഫക്റ്റ്: മരുന്നിനു പകരം, മരുന്നെന്ന അടിയുറച്ച വിശ്വാസത്തോടെ, മരുന്ന് പോലെ തോന്നിക്കുന്ന ആൽക്കഹോൾ കലർന്ന പഞ്ചസാര മിഠായി, മരുന്ന് എന്ന പേരിൽ കഴിക്കുന്ന രോഗിയുടെ ശരീരത്തിൽ ഉണ്ടാകുന്ന 'പ്ലസീബോ ഇഫക്റ്റ്' മാത്രമാണ് ഹോമിയോ ചികിത്സയുടെ ഫലസിദ്ധിക്ക് കാരണം എന്നാണ് വിമർശകരുടെ പക്ഷം. 

സ്വാഭാവികമായി രോഗം മാറുന്നു : ജലദോഷപ്പനി, തലവേദന, ഉദരരോഗങ്ങൾ എന്നിവ ശരീരത്തിന്റെ സ്വാഭാവികമായ രോഗപ്രതിരോധ ശേഷികൊണ്ട് ദിവസങ്ങൾ കഴിയുമ്പോൾ, വിശേഷിച്ച് ഒരു മരുന്നും കഴിച്ചില്ലെങ്കിലും ഭേദപ്പെടും. എങ്ങനെയോ, അല്ലെങ്കിൽ ഹോമിയോ ചികിത്സക്ക് മുമ്പ് രോഗികൾ ആശ്രയിച്ച അലോപ്പതി ചികിത്സയുടെ വൈകിയുണ്ടാകുന്ന ഫലങ്ങളുടെ സ്വാധീനത്താലോ രോഗം മാറുന്നു. അതിനെ അവർ ഹോമിയോയുടെ ഫലസിദ്ധിയായി തെറ്റിദ്ധരിക്കുന്നു. 

ഡയറ്റിൽ ഉണ്ടാകുന്ന അച്ചടക്കത്താൽ രോഗം മാറുന്നു : 'പനിക്ക് മരുന്ന് പട്ടിണി' എന്നൊരു സിദ്ധാന്തമുണ്ടായിരുന്നു പണ്ട്. രോഗബാധിതമായ ശരീരത്തിന്റെ ഡയറ്റ്, രോഗത്തിന്റെ കാഠിന്യത്തിന് അനുസൃതമായി മാറ്റിയാൽ അത് രോഗം പെട്ടെന്ന് മാറാൻ സഹായിക്കും. ഉദാഹരണത്തിന് വെള്ളം ധാരാളം കുടിക്കുക, ദഹിക്കാൻ പ്രയാസമുള്ള ഭക്ഷണങ്ങൾ കഴിക്കാതിരിക്കുക തുടങ്ങിയ ചില മുൻകരുതലുകൾ പല രോഗത്തിന്റെയും ശീഘ്രശാന്തിക്ക് നിമിത്തമാവും. 

ഹോമിയോ ചികിത്സകരുടെ വാദങ്ങൾ 

എന്നാൽ, ഹോമിയോ മരുന്നുകൾ സേവിക്കുമ്പോൾ ഉണ്ടാകുന്ന രോഗശാന്തി കേവല യാദൃച്ഛികതയോ, അല്ലെങ്കിൽ പ്ലസീബോ എഫക്റ്റോ ഒന്നും അല്ല എന്നും, അങ്ങനെ ആണെങ്കിൽ കിഡ്‌നി സ്റ്റോൺ പോലുള്ള രോഗങ്ങളിൽ എങ്ങനെയാണ് മരുന്നു കഴിച്ച് ദിവസങ്ങൾക്കുള്ളിൽ കല്ലുകൾ അലിഞ്ഞു പോകുന്നതും, അസഹ്യമായ വേദനക്ക് ശമനമുണ്ടാകുന്നതും ഒക്കെ എന്നും ഹോമിയോ ഡോക്ടർമാർ ചോദിക്കുന്നു.

മറ്റുള്ള എല്ലാ ചികിത്സാ രീതികളെയും അടച്ചാക്ഷേപിക്കാനും, അവയെ നിയമംകൊണ്ട് നിരോധിക്കാനുമുള്ള അലോപ്പതി ഡോക്ടർമാരുടെ ഈ ആവേശത്തിന് പിന്നിൽ അന്താരാഷ്ട്ര അലോപ്പതി മരുന്നു ലോബിയുടെയും രോഗപരിശോധനാ/സർജറി ലോബിയുടെയും സമ്മർദ്ദങ്ങളാണ് എന്നാണ് ഹോമിയോ ഡോക്ടർമാരിൽ പലരും ആക്ഷേപിക്കുന്നത്.

കൊവിഡ് വന്നതോടെ ആശുപത്രികളിൽ പഴയ ആൾത്തിരക്കില്ലാത്ത മരുന്നുകളുടെ വില്പനയും, ഡോക്ടർമാരുടെ കൺസൾട്ടേഷനും, സ്കാനിങ്, എക്സ്റേ, ബ്ലഡ് ടെസ്റ്റുകൾ തുടങ്ങിയ പരിശോധനകളുടെയും, സർജറികളുടെയും ഒക്കെ എണ്ണം വല്ലാതെ കുറയാൻ കാരണമായി എന്നും, അതുകാരണം അവയുടെ പിന്നിൽ പ്രവർത്തിക്കുന്ന ലോബിയിൽ നിന്നുള്ള സമ്മർദ്ദമാണ് ഐഎംഎ പോലുള്ള സംഘടനകളെ പരിഭ്രാന്തരാക്കുന്നത് എന്നും ഹോമിയോ ഡോക്ടർമാർ ആക്ഷേപിക്കുന്നു.  അലോപ്പതി അല്ലാതെ മറ്റൊരു ചികിത്സാ മാർഗവുമില്ല എന്നും, മറ്റെല്ലാം അശാസ്ത്രീയമാണ്, നിരോധിക്കപ്പെടേണ്ടതാണ് എന്നുമുള്ള അലോപ്പതി ഡോക്ടർമാരുടെ വാദം മെഡിക്കൽ ഫാസിസമാണ് എന്നും അവർ അഭിപ്രായപ്പെടുന്നു. വിവിധ രോഗചികിത്സാപദ്ധതികളുടെ സമന്വയത്തിലൂടെയുള്ള ഒരു 'ഹോളിസ്റ്റിക്' അപ്പ്രോച്ച് ആണ് രോഗചികിത്സയുടെ ഭാവി എന്ന് കരുതുന്നവരാണ് ഹോമിയോ ഡോക്ടർമാരിൽ ഭൂരിഭാഗവും. 

കൊവിഡ് പ്രതിരോധത്തിന്റെയും ചികിത്സയുടെയും ഭാവി 

അതിനിടെ ലോകം ഏറെ പ്രത്യാശയോടെ ഉറ്റുനോക്കിയ കൊവിഡ് വാക്‌സിന്റെ പരീക്ഷണം ഓക്സ്ഫോഡ് സർവകലാശാല നിർത്തിവെക്കുകയുണ്ടായി. ബ്രിട്ടീഷ് സ്വീഡിഷ് ബഹുരാഷ്ട്ര മരുന്ന് കമ്പനിയായ അസ്ട്ര സെനേക്കയുമായി ചേർന്ന് അവർ വികസിപ്പിച്ചുകൊണ്ടിരുന്ന വാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണമാണ് നിർത്തിയത്. വാക്സിൻ കുത്തിവെച്ച സന്നദ്ധ സേവകരില്‍ ഒരാൾക്ക്  'അജ്ഞാത രോഗം' ബാധിച്ചതിനാലാണ്  പരീക്ഷണം നിർത്തുന്നതെന്നാണ് കമ്പനി ആദ്യം പറഞ്ഞത്. പിന്നാലെ ഈ അജ്ഞത രോഗം, ട്രാന്‍സ്‌വേര്‍സ് മൈലൈറ്റീസ് എന്ന രോഗമാണ് ഇയാള്‍ക്ക് ബാധിച്ചത് എന്നും വിവിധ അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സുഷുമ്ന നാഡിയെ സംരക്ഷിക്കുന്ന മൈലിനുണ്ടാകുന്ന വീക്കമാണ് ട്രാന്‍സ്‌വേര്‍സ് മൈലൈറ്റീസ് എന്ന് പറയുന്നത്. വാക്സിന്‍ എടുത്ത ശേഷം ശരീരത്തിലെ പ്രതിരോധ ശേഷിയിലുണ്ടായ മാറ്റം മൂലം ഇങ്ങനെ സംഭവിക്കാം, നിര്‍ജീവമായ വൈറസുകള്‍ വീണ്ടും സജീവമായ അവസ്ഥയില്‍ ഇത് ഉണ്ടാകാം, ഓട്ടോ ഇമ്യൂണ്‍ എന്ന അവസ്ഥയില്‍ ഇത്തരം അവസ്ഥയുണ്ടാകാം - ഇവയെല്ലാം വിശദമായി പരിശോധിച്ചുറപ്പിച്ച ശേഷം മാത്രമേ വാക്സിൻ പരീക്ഷണം തുടരാനാകൂ. 

പുണെ സെറം ഇൻസ്റ്റിറ്റ്യൂട്ട് നടത്തുന്ന, ഇതേ വാക്സിന്റെ ഇന്ത്യൻ പരീക്ഷണം തുടരും  എന്ന് ആദ്യം അറിയിപ്പുണ്ടായി. എന്നാൽ, അമേരിക്കയിൽ മരുന്ന് പരീക്ഷണം നിർത്തിയിട്ടും ഇന്ത്യയിൽ തുടരാൻ ഇടയായ സാഹചര്യം വിശദികരിക്കാനാവശ്യപ്പെട്ട്, ഇന്ത്യയിലെ ഡ്രഗ്സ് കൺട്രോൾ അതോറിറ്റി സെറം ഇൻസ്റ്റിറ്റ്യൂറ്റിന്  കഴിഞ്ഞ ദിവസം നോട്ടീസ് നൽകിയതോടെ, ഡിസിജിഐ തീരുമാനത്തിന് ശേഷം മതി തുടർ പരീക്ഷണം എന്ന് സിറം തീരുമാനിച്ചതായി പിന്നീട് അറിയിപ്പുണ്ടായി. 

ഇനി കൊവിഡ് പ്രതിരോധത്തിൽ അവശേഷിക്കുന്ന ഒരു പ്രധാന പ്രതീക്ഷ റഷ്യയുടെ  സ്പുട്‌‌നിക് V വാക്സിനാണ്. മോസ്‌കോയിലെ ഗമലേയ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടാണ് വാക്സിൻ വികസിപ്പിച്ചത്. ഈ വാക്സിന്റെ മൂന്നാം ഘട്ട ട്രയൽ ഇനിയുള്ള ദിവസങ്ങളിൽ ഇന്ത്യയിലും നടക്കാനിരിക്കുകയാണ്. ഇതുവരെയുള്ള പരീക്ഷണ വിശദാംശങ്ങള്‍ റഷ്യ ഇന്ത്യയ്ക്ക് കൈമാറിയിട്ടുണ്ട്.  ഇന്ത്യ കൂടാതെ സൗദി, യു എ ഇ, ഫിലിപ്പിൻസ്, ബ്രസീൽ എന്നീ രാജ്യങ്ങളും വാക്സിന്റെ പരീക്ഷണം നടത്തും. ഇപ്പോൾ തന്നെ ഇരുപതിലധികം ലോക രാഷ്ട്രങ്ങളിൽ നിന്നായി വാക്സിന്റെ  നൂറുകോടിയിലധികം ഡോസിനുള്ള ഓർഡർ കിട്ടിയിട്ടുണ്ട് എന്നാണ് റഷ്യൻ ഗവണ്മെന്റ് പറയുന്നത്. അതേസമയം, ലോകാരോഗ്യ സംഘടന റഷ്യയോട് സ്പുട്‌‌നിക് വാക്‌സിൻ ഗവേഷണത്തിന്റെ എല്ലാ ഘട്ടങ്ങളിലും ലോകവ്യാപകമായി നിലവിലുള്ള ഗുണനിലവാര മാർഗനിർദേശങ്ങൾ കർശനമായി പാലിക്കുന്നുണ്ട് എന്നുറപ്പുവരുത്തണം എന്ന് അഭ്യർത്ഥിച്ചിട്ടുണ്ട്. 

അലോപ്പതി ചികിത്സകരുടെ ഭാഗത്തുനിന്ന് ഇപ്പോഴും വാക്സിനുകൾ ഒന്നും തന്നെ പൊതുജനങ്ങളിലേക്ക് എത്തിയിട്ടില്ല എങ്കിലും ഇപ്പോൾ, ഏറെക്കുറെ വിജയകരമായിത്തന്നെ രോഗബാധിതരുടെ കൊവിഡ് ലക്ഷണങ്ങൾ മാനേജ് ചെയ്യാൻ, അവരെ തിരികെ കൊവിഡ് നെഗറ്റീവ് അവസ്ഥയിലേക്ക് എത്തിക്കാൻ, രോഗം സങ്കീർണ്ണവസ്ഥ പ്രാപിക്കുന്നവർക്ക് വെന്റിലേറ്റർ സപ്പോർട്ട് പോലുള്ള ആധുനിക തീവ്രപരിചരണങ്ങൾ നൽകി അവരുടെ ജീവൻ പൊലിയാതെ കാക്കാൻ ഒക്കെ തല്ക്കാലം സംസ്ഥാനവും, രാജ്യവും, ഈ ലോകവും തന്നെ ആശ്രയിക്കുന്നത് അലോപ്പതിയെ ആണ്. ഹോമിയോപ്പതിയുടെ അവകാശവാദങ്ങൾ ഇതുവരെ എന്തായാലും 'രോഗപ്രതിരോധത്തിന് ഉതകും' എന്നും 'രോഗമുക്തി വേഗത്തിലാക്കും' എന്നതിലൊക്കെ ഒതുങ്ങി നിൽക്കുകയാണ്. ശാസ്ത്രലോകം അംഗീകരിച്ചിട്ടുള്ള പരീക്ഷണങ്ങളിലൂടെ തെളിയിക്കപ്പെടേണ്ട അവകാശവാദങ്ങൾ മാത്രമായാണ് അവ പോലും  ഇപ്പോഴും അവശേഷിക്കുന്നത്. അത്യന്താപേക്ഷിതമായ ആ പരീക്ഷണങ്ങൾ കൂടി വിജയകരമായി പൂർത്തിയാക്കിയാൽ മാത്രമേ, കൊവിഡ് പ്രതിരോധത്തിൽ ഹോമിയോപ്പതി എന്ന ചികിത്സാരീതിക്ക് വഹിക്കാനായേക്കാവുന്ന പങ്കിനെപ്പറ്റി ഒരു അവസാനവാക്ക് പറയാനാകൂ. 

Follow Us:
Download App:
  • android
  • ios