വാഷിങ്ടണ്‍: ആശുപത്രിക്കിടക്കയില്‍ അവള്‍ ഉണര്‍ന്നിരുന്നപ്പോള്‍ പ്രാര്‍ത്ഥനയോടെ കൂട്ടു നില്‍ക്കാന്‍ ലോകം മുഴുവനുണ്ടായിരുന്നു. തലച്ചോര്‍ കീറിമുറിക്കുമ്പോള്‍ ശ്വാസമടക്കി അവര്‍ ഒരു നിമിഷം കണ്ണുകളടച്ചു, അവളുടെ ജീവനു വേണ്ടി പ്രാര്‍ത്ഥിച്ചു. തലച്ചോറിലെ ശസ്ത്രക്രിയ ഫേസ്ബുക്കിലൂടെ ലൈവായി കാണിച്ചാണ് ജെന ഷാര്‍ഡത്ത് എന്ന യുവതി സോഷ്യല്‍ മീഡിയ ഉപയോക്താക്കളെ ഞെട്ടിച്ചത്. 

യുഎസിലെ ടെക്സാസ് സ്വദേശിയായ ജെനയ്ക്ക് 25 വയസ്സാണ് പ്രായം. തലച്ചോറിലെ ശസ്ത്രക്രിയയെക്കുറിച്ച് ആളുകളെ ബോധവത്ക്കരിക്കണമെന്ന ആഗ്രഹമാണ് ശസ്ത്രക്രിയയ്ക്ക് മുമ്പ് ജെന തന്‍റെ ഡോക്ടര്‍മാരോട് പറഞ്ഞത്. ആശുപത്രിക്കിടക്കയില്‍ കത്തിയും കത്രികയും ഉപയോഗിച്ച് രോഗിയെ മയക്കിക്കിടത്തി നടത്തുന്ന ശസ്ത്രക്രിയകളെക്കുറിച്ച് പുറംലോകത്തിന് കാര്യമായ ധാരണകളില്ല. മെഡിക്കല്‍ ജാര്‍ഗണ്‍സ് ഉപയോഗിച്ച് വാക്കുകള്‍ കൊണ്ട് വിശദീകരിച്ച് നല്‍കാറുള്ള ശസ്ത്രക്രിയ ലൈവായി കാണിക്കാന്‍ യുഎസിലെ ആശുപത്രി അധികൃതര്‍ തയ്യാറായി. ആശുപത്രിയുടെ ഫേസ്ബുക്ക് അക്കൗണ്ട് അവര്‍ അതിനായി ഉപയോഗിച്ചു. 

ഒരു സ്ട്രോക്ക് വന്നതോടെയാണ് ഷാര്‍ഡത്തിന്‍റെ സംസാരശേഷി തകരാറിലായത്. തലച്ചോറിലെ ഇടത് വശത്തുള്ള ടെംപോറല്‍ ലോബില്‍ കൂടിച്ചേര്‍ന്ന രക്തക്കുഴലുകളുടെ പിണ്ഡമാണ് ഇതിന് കാരണമായത്. ഓര്‍മ്മശക്തിയെയും സംസാരശേഷിയെയും ബാധിക്കുന്ന അവസ്ഥ മാറാന്‍ ശസ്ത്രക്രിയ ആവശ്യമായിരുന്നു. ഡോകടര്‍മാരുടെ നിര്‍ദ്ദേശപ്രകാരം അവള്‍ പക്ഷികളെയും നായകളെയും ഓര്‍ത്തെടുത്തു. പിണ്ഡം നീക്കം ചെയ്യുന്നതിന് മുമ്പ് തലച്ചോറിന്‍റെ ഏതൊക്കെ ഭാഗങ്ങളാണ് പ്രവര്‍ത്തനക്ഷമം എന്നറിയാനാണ് ഇങ്ങനെ ചെയ്തതെന്ന് മെതഡിസ്റ്റ് ഡെല്ലാസ് മെഡിക്കല്‍ സെന്‍ററിലെ ന്യൂറോളജി വിഭാഗം മേധാവി നിമേഷ് പട്ടേല്‍ എഎഫ്പിയോട് പറഞ്ഞു.

ഒരു ലക്ഷത്തിന് മുകളില്‍ ആളുകളാണ് ഫേസ്ബുക്ക് ലൈവിലൂടെ ശസ്ത്രക്രിയ കണ്ടത്. ലോകം മുഴുവന്‍ പിന്തുണ നല്‍കി കൂടെ നിന്നപ്പോള്‍ ഡോക്ടര്‍മാരുടെ മികവില്‍ ജെന ജീവിതത്തിലേക്ക് തിരിച്ചു വന്നു. ശസ്ത്രക്രിയ വിജയകരമായി. ഒക്യുപേഷണല്‍ തെറാപ്പി വിദ്യാര്‍ത്ഥിനിയാണ് ഷാര്‍ഡത്ത്. വ്യാഴാഴ്ച രാവിലയോടെ ഷാര്‍ഡത്തിനെ ഡിസ്ചാര്‍ജ് ചെയ്യാന്‍ കഴിയുമെന്നാണ് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചത്.