ദില്ലി: രാജ്യത്ത് കൊവിഡ് കേസുകള്‍ വര്‍ധിക്കുമ്പോഴും, ദില്ലി സര്‍ക്കാരിന് കീഴിലുള്ള ആശുപത്രികളില്‍ കൊവിഡ് രോഗമുക്തി കൂടുന്നതായി റിപ്പോര്‍ട്ട്. സര്‍ക്കാരിന് കീഴിലുള്ള എല്‍എന്‍ജെപി ആശുപത്രിയില്‍ നിന്ന് ഇതുവരെ 8066 പേര്‍ രോഗമുക്തരായി. 

ദില്ലിയില്‍ 77,000 പേരാണ് ഈ മാസം രോഗമുക്തി നേടിയത് എന്നും ആരോഗ്യമന്ത്രാലയത്തിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ദിവസവും 3500 പേരാണ് രോഗമുക്തി നേടുന്നത്. അതായത് രോഗമുക്തി നിരക്ക് ഏകദേശം 84 ശതമാനത്തില്‍ നിന്ന്  87 ശതമാനം ആയി ഉയര്‍ന്നു. രാജ്യതലസ്ഥാനത്തെ കൊവിഡ് പരിശോധനകൾ കൂട്ടിയതും, മികച്ച ചികിത്സയുമാണ് ഇത്തരത്തില്‍ രോഗമുക്തി കൂടാന്‍ കാരണമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. 

ദില്ലിയിലെ ലോക് നായക് ജയ് പ്രകാശ് നാരായണ്‍ (എല്‍എന്‍ജെപി) ആശുപത്രിയിലാണ് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളെ ചികിത്സിക്കുന്നത്. മാര്‍ച്ച് 17 മുതല്‍ ഏകദേശം 10,775 കൊവിഡ് രോഗികളാണ് വീടുകളിലേയ്ക്ക് മടങ്ങിയത് എന്നും എല്‍എന്‍ജെപി മെഡിക്കല്‍ ഡയറക്ടര്‍ ഡോ. സുരേഷ് കുമാര്‍ പറഞ്ഞു. വെറും രണ്ട് മുതല്‍ മൂന്ന് ദിവസം വരെ ആണ് രോഗബാധിതര്‍ അവരുടെ ഫലത്തിനായി കാത്തിരിക്കേണ്ടി വരുന്നത് എന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് രോഗികളില്‍ 1471 പേര്‍ ഡയാലിസിസിന് വിധേയമായെന്നും അദ്ദേഹം പറഞ്ഞു.

കൊവിഡ് രോഗികളായ ഗര്‍ഭിണികളില്‍ 143 പേര്‍ സിസേറിയനും 174 പേര്‍ക്ക് സുഖപ്രസവവുമായിരുന്നു. 3 മുതല്‍ 4 ശിശുക്കള്‍ മാത്രമാണ് കൊവിഡ് പോസിറ്റീവായത്. 415 കുട്ടികള്‍ രോഗമുക്തി നേടുകയും ചെയ്തുവെന്നും ഡോ സുരേഷ് പറയുന്നു. അതില്‍ കൂടുതലും 12 വയസ്സിന് താഴെയുള്ള കുട്ടികളായിരുന്നു. കൊവിഡ്  പോസിറ്റീവും ഡെങ്കിപ്പനിയും ബാധിച്ച പതിനൊന്ന് വയസ്സുള്ള പെണ്‍കുട്ടിയും ചികിത്സയിലൂടെ രോഗമുക്തയായി വീട്ടിലേയ്ക്ക് മടങ്ങി. കുട്ടികളില്‍‌ രോഗം പിടിപ്പെടുന്നത് കുറവാണെന്നും  പീഡിയാട്രിക്സ് വിഭാഗം ഡോ. ഊര്‍മ്മിള ജാംപ് പറയുന്നു. എല്‍എന്‍ജെപിയില്‍ പ്രവേശിപ്പിച്ച കൊവിഡ് രോഗബാധിതരായ 415 കുട്ടികളില്‍, 70 മുതല്‍ 80 ശതമാനം പേരും ഗുരുതരാവസ്ഥയിലായിരുന്നു. അതില്‍ ചിലര്‍ക്ക് ടിബിയും ഉണ്ടായിരുന്നു. മൂന്ന് മുതല്‍ നാല് കുട്ടികള്‍ മരണപ്പെട്ടു. 12 വയസ്സിന് താഴെയുള്ള രോഗബിധതരുടെ അമ്മമാര്‍ക്ക് ആശുപത്രിയില്‍ കഴിയാനുള്ള സൌകര്യവും ഒരുക്കിയിട്ടുണ്ട്.