കൊവിഡ് ഭീതിയില്‍ മാനസികാരോഗ്യവും ശ്രദ്ധിക്കേണ്ടതുണ്ട്. കൊവിഡ് കാലത്തെ മാനസികാരോഗ്യത്തിന്‍റെ കാര്യത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചാണ് ഡോ. ജിതിൻ.ടി. ജോസഫ് ഇന്‍ഫോക്ലിനിക്കിന്‍റെ പേജില്‍ കുറിക്കുന്നത്. അവ എന്തൊക്കെയാണെന്ന് നോക്കാം.

പകർച്ചവ്യാധികൾ എന്നും മനുഷ്യനെ ഭീതിയിൽ ആഴ്ത്തിയിട്ടുണ്ട്. വേഗത്തിൽ പടരുന്ന രോഗവും, ആവശ്യത്തിന് പരിചരണം ലഭിക്കാതെ വരുന്നതും, ഒറ്റപ്പെടലും , പട്ടിണിയും മരണങ്ങളും ഒക്കെ ഏതൊരു വ്യക്തിയുടെയും മനസ്സിനെ മുറിപ്പെടുത്തും. അതുകൊണ്ട് തന്നെ ശാരീരികമായ ചികിത്സകളും പരിചരണവും പോലെതന്നെ പ്രധാനമാണ് ഈ കാലയളവിലെ മാനസികാരോഗ്യ സംരക്ഷണം. ഇത്തരം വെല്ലുവിളികളെ അതിജീവിച്ച് മുന്നോട്ട് പോകാൻ ജനങ്ങളെയും ആരോഗ്യ പ്രവർത്തകരെയും സഹായിക്കുന്നത് അവരുടെ മികച്ച മാനസികാരോഗ്യമാണ്‌. പെട്ടന്നുള്ള പകർച്ചവ്യാധികൾ ഏതൊരു വ്യക്തിയുടെയും മാനസികാരോഗ്യം തകർക്കാം. അതുകൊണ്ട് തന്നെ പകർച്ചവ്യാധികൾ കൈകാര്യം ചെയ്യുന്ന മെഡിക്കൽ ടീമുകളുടെ ഒരു പ്രധാന ചുമതല ഇതിൽ പെടുന്നവരെ മാനസികാരോഗ്യ സംരക്ഷണമാണ്. പ്രത്യേകിച്ചും സംസ്ഥാനം മുഴുവനുമായി അടച്ചിടുക എന്ന തീരുമാനം നടപ്പാക്കിയസ്ഥിതിക്ക്.

എന്തുകൊണ്ടാണ് പകർച്ചവ്യാധികൾ മാനസികാരോഗ്യം മോശമാക്കുക?

വളരെപെട്ടന്നുള്ള ഏതൊരു ദുരന്തങ്ങളും നമ്മുടെ മാനസികാരോഗ്യത്തെ ബാധിക്കാം. അതിജീവിക്കാനുള്ള കഴിവ് ഓരോ വ്യക്തിയിലും വ്യത്യസ്തമാണ്. അതുകൊണ്ട് തന്നെയാണ് ഒരേ ദുരന്തങ്ങളിൽ പെടുന്നവരിൽ ചിലരിൽ മാത്രം മാനസികാരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുക. ഒറ്റപ്പെടൽ, രോഗത്തിന്റെ ദുരിതങ്ങളും കഷ്ടതയും, മരിക്കുമോ എന്ന പേടി, ഇനി എന്ത് ചെയ്യും എന്ന ഉത്കണ്ഠ, തന്റെ ഉറ്റവരെ കുറിച്ചുള്ള ചിന്തകൾ, രോഗം പകരുമോ എന്ന പേടി , പട്ടിണി , സാമ്പത്തികമായ ഞെരുക്കങ്ങൾ ഇവയൊക്കെ മാനസികാരോഗ്യത്തെ സാരമായി ബാധിക്കും.

വേർതിരിവും ഒറ്റപ്പെടുത്തലും മാനസികാരോഗ്യവും

മാനസികാരോഗ്യ പ്രശ്നങ്ങൾക്കുള്ള മറ്റൊരു പ്രധാന കാരണം രോഗബാധിതരോടും , അവരുടെ ബന്ധുക്കളോടും , ആരോഗ്യ പ്രവർത്തകരോടും സമൂഹം കാണിക്കുന്ന വേർതിരിവും , മാറ്റി നിർത്തലുമാണ് . തൃശൂര് അത്തരത്തിൽ ഒരു കുടുംബത്തെ വീട്ടിൽ അയൽക്കാർ പൂട്ടിയിട്ട വാർത്ത ശ്രദ്ധിച്ചിരിക്കുമല്ലോ ? അതുപോലെ ആശുപത്രിയിൽ ജോലി ചെയ്യുന്നവരെ വീട്ടിൽ നിന്നും ഇറക്കിവിടുന്ന കാഴ്ചയും നമ്മൾ കണ്ടു . എബോള രോഗം ആഫ്രിക്കയിൽ പടർന്ന സമയത്തും ഇത്തരം ഒറ്റപ്പെടുത്തലും , സമൂഹഭ്രഷ്‌ട്ടും ഉണ്ടായിട്ടുണ്ട് . മരിച്ചവരുടെ ബന്ധുക്കളെ മാസങ്ങളോളം ഗ്രാമത്തിൽ പ്രവേശിപ്പിക്കാത്ത സാഹചര്യവും ഉണ്ടായി . ചിലർക്ക് ഗ്രാമങ്ങൾ വിട്ടുപോകേണ്ടിയും വന്നു . ഇത്തരം വേർതിരിവുകളും ഒറ്റപ്പെടുത്തലും ആരെയും മാനസികമായി തളർത്താം.

ആർക്കാണ് മാനസികാരോഗ്യ പ്രശ്നങ്ങൾക്ക് സാധ്യത കൂടുതൽ ?

 

 • രോഗികളായവർക്ക്

പെട്ടന്ന് രോഗാവസ്ഥയിൽ ആകുന്നത്, പ്രത്യേകിച്ച് ചികിത്സ ഒക്കെ കൃത്യമായി ഇല്ലാത്ത രോഗങ്ങൾ വരുന്നത്, മരിക്കുമോ എന്ന ഭയം ഇവയൊക്കെ വളരെ ഭീതിജനകമായ ഒരു കാര്യമാണ്. രോഗികളോട് സമൂഹം കാണിക്കുന്ന വേർതിരിവുകൾ , അവജ്ഞ , ഐസൊലേഷനിൽ ഉള്ള ചികിത്സ ഇവയൊക്കെ മാനസികാരോഗ്യത്തെ ബാധിക്കാം .

 • രോഗികളുടെ അടുത്ത ബന്ധുക്കൾ

പകരുന്ന അസുഖങ്ങൾ ആയതിനാൽ സമൂഹത്തിൽ ഒറ്റപ്പെടുത്താനുള്ള സാധ്യത കൂടുതലാണ്. രോഗം നിങ്ങൾ മൂലം വന്നതാണ് എന്നുള്ള സംസാരവും മറ്റും മനസ്സിനെ മുറിപ്പെടുത്തും. ബന്ധുവിനെ പരിചരിച്ചത് വഴിയായി തങ്ങൾക്കും രോഗം വരുമോ എന്ന പേടിയും ആകുലതയും
ബന്ധുക്കൾക്ക് ഉണ്ടാകും

 • Quarantine/ isolation ചെയ്യപെട്ടവർ

രോഗം ഇല്ലെങ്കിൽകൂടിയും ഒറ്റക്ക് ആക്കുന്നത് വളരെ ബുദ്ധിമുട്ടുള്ള സംഗതിയാണ്. രോഗം ഉണ്ടോ ഇല്ലെയോ എന്ന പേടി എല്ലാവർക്കും ഉണ്ടാകും. ഉറ്റവരെയും ബന്ധുക്കളെയും കാണാൻ പറ്റാതെ വരുന്നതും സംഘർഷം കൂട്ടും . സാമൂഹികമായ വേർതിരിവും ഒറ്റപ്പെടലും ഇവരും സഹിക്കേണ്ടി വരും

 • ആരോഗ്യ പ്രവർത്തകർ

എതുതരത്തിലുള്ള പകർച്ചവ്യാധികൾ വന്നാലും അവരെ പരിചരിക്കുക എന്നത് ആരോഗ്യ പ്രവർത്തകരുടെ ചുമതലയാണ്. പെട്ടന്ന് പടരുന്നതും മരണ ശേഷി കൂടുതൽ ഉള്ളതുമായ രോഗങ്ങളുള്ളവരെ പരിചരിക്കുക ബുദ്ധിമുട്ടേറിയ കാര്യമാണ് .രോഗത്തെ കുറിച്ചുള്ള അറിവ് കുറവും, രോഗത്തിന് കൃത്യമായ ചികിത്സ ഇല്ല എന്നുള്ള ബോധ്യവും സംഘർഷം വർദ്ധിപ്പിക്കാം.

തനിക്ക് അസുഖം പകരുമോ എന്ന പേടിയും അവർക്ക് ഉണ്ടാകും. താൻ വഴി തന്റെ കുടുംബത്തിൽ ഉള്ളവർക്കും അസുഖം വരാൻ സാധ്യത ഉണ്ടെന്ന് അറിയുന്നത് ആകുലതകൾ കൂട്ടും. തുടർച്ചയായി മരണങ്ങൾ കാണുകയും കൈകാര്യം ചെയ്യേണ്ടിയും വരിക, തുടർച്ചയായ ജോലി, ആവശ്യത്തിന് വിശ്രമം ലഭിക്കാതെ വരുന്നത് ഇവയൊക്കെ മാനസികാരോഗ്യത്തെ ബാധിക്കാം

 • നിലവിൽ മാനസികാരോഗ്യ പ്രശ്നങ്ങൾക്ക് ചികിത്സ തേടുന്നവർ

ഇതോടൊപ്പം പ്രത്യേക കരുതൽ വേണ്ടത് നിലവിൽ മാനസികാരോഗ്യ പ്രശ്നങ്ങൾ ഉള്ളവരും അതിനായി ചികിത്സ എടുക്കുന്നവരുടെയും കാര്യത്തിലാണ്. തുടർചികിത്സ ആവശ്യമായി വരുന്ന ഇത്തരം ആളുകൾക്കുള്ള സേവനങ്ങൾ എങ്ങനെ നൽകും എന്നതിൽ കൃത്യമായ മാർഗ്ഗനിദ്ദേശങ്ങൾ ഉണ്ടാവണം.

 1. നിലവിൽ ചികിത്സ എടുക്കുന്നവർ അവരുടെ ഡോക്ടർമാരുടെ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണം.
 2. ആവശ്യത്തിന് മരുന്ന് മുൻകൂറായി കരുതി വെക്കണം.
 3. അത്യാവശ്യഘട്ടങ്ങളിൽ ഒഴിച്ച് ആശുപത്രി സന്ദർശനം ഒഴിവാക്കണം.
 4. മരുന്ന് ചികിത്സയുടെ കൂടെ നിർദ്ദേശിച്ചിട്ടുള്ള മറ്റു കാര്യങ്ങളും കൃത്യമായി പാലിക്കണം.
 5. ഇവരെ പരിചരിക്കുന്ന ആളുകളും ,ബന്ധുക്കളും ഇവർക്ക് പ്രത്യക പരിഗണനയും കരുതലും നൽകണം.

 

മാനസികാരോഗ്യ പ്രശ്നങ്ങൾ എങ്ങനെയൊക്കെ പ്രത്യക്ഷപ്പെടാം ?

 • ഉറക്കക്കുറവ്
 • അമിതമായ ഉത്കണ്ഠ
 • വിഷാദം
 • പെട്ടന്നുള്ള ദേഷ്യം
 • ലഹരി ഉപയോഗം കൂടുന്നത്
 • ജോലിസ്ഥലത്തും മറ്റും തുടർച്ചയായി തെറ്റുകൾ വരുത്തുക
 • ചുമതലകളിൽ നിന്നും ഒഴിഞ്ഞു മാറുക
 • PTSD (Post traumatic stress disorder) തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടാകാം .

ഇതിൽ വിഷാദം , അമിതമായ ഉത്ക്കണ്ഠ , ലഹരി ഉപയോഗം , PTSD എന്നിവ കാര്യമായി വ്യക്തിയെ ബാധിക്കാം . ആഫ്രിക്കയിലും മറ്റും പടർന്നുപിടിച്ച എബോള രോഗത്തെ തുടർന്ന് ഏകദേശം 50% രോഗത്തെ അതിജീവിച്ചവരിലും അവരുടെ ബന്ധുക്കളിലും ഇത്തരം ലക്ഷണങ്ങൾ കണ്ടിരുന്നു എന്ന് പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട് . വിഷാദം , PTSD എന്നിവ രോഗം മാറിയതിനു ശേഷവും കാലങ്ങൾ നിലനിൽക്കും .

പരിഹാരം എങ്ങനെ ?

 • പകർച്ചവ്യാധി നിയന്ത്രണത്തിനുള്ള ആദ്യ നീക്കങ്ങൾ തൊട്ടു മാനസികാരോഗ്യ സംരക്ഷണത്തിന് ഉള്ള നടപടികൾ എടുക്കണം .
 • ആവശ്യത്തിനു മാനസികാരോഗ്യ വിദഗ്‌ധരെ ഇത്തരം ടീമിൽ ഉൾപ്പെടുത്തണം
 • മാനസികാരോഗ്യ പ്രശ്നങ്ങൾക്ക് സാധ്യത കൂടുതലുള്ളവരെ കണ്ടെത്തുകയും അവർക്കു പ്രഥമ പരിഗണന നൽകുകയും വേണം.
 • മുൻപ് മാനസികരോഗങ്ങൾ ഉണ്ടായിട്ടുള്ളവർ , നിലവിൽ മാനസിക പ്രശ്‌നങ്ങൾക്കു ചികിത്സ എടുക്കുന്നവർ , ഗുരുതരമായ രോഗം ഉണ്ടായവർ , അടുത്ത ബന്ധുക്കൾ മരണപ്പെട്ടവർ , നീണ്ട കാലം ഐസൊലേഷൻ ചെയ്യേണ്ടി വന്നവർ ഇവർക്ക്‌ ഒക്കെ പ്രത്യേക ശ്രദ്ധ വേണ്ടിവരും.
 • ഈ വിഭാഗത്തിൽ പെടുന്നവർക്ക് നിർബന്ധമായും മാനസികാരോഗ്യ ശുശ്രുഷ ഉറപ്പാക്കണം .
 • പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ആരോഗ്യ പ്രവർത്തകർക്കും , മറ്റു ജീവനക്കാർക്കും വേണ്ട കരുതൽ നൽകേണ്ടതുണ്ട്
 • ആവശ്യമാവർക്കു എത്രയും വേഗത്തിൽ മനഃശാസ്ത്ര പരമായതോ , മരുന്ന് ഉപയോഗിച്ചുള്ള ചികിത്സയോ ലഭ്യമാക്കണം.

 

മുൻകരുതലുകൾ

 • ആവശ്യമായ മാനസികാരോഗ്യ സേവനങ്ങൾ നല്കാൻ പറ്റുന്നവരെ കണ്ടെത്തി തയ്യാറാക്കുക.
 • രോഗ പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന മറ്റു ആരോഗ്യപ്രവർത്തകർ ഉൾപ്പടെയുള്ളവർക്കു വേണ്ട പരിശീലനം നൽകുക .
 • രോഗത്തെ കുറിച്ചും അതിന്റെ അപകട സാധ്യതകളെ കുറിച്ചും ജനങ്ങൾക്ക് കൃത്യമായ ബോധവൽകരണം നൽകുക .
 • മാനസികാരോഗ്യ പ്രശ്നങ്ങൾക്ക് സാധ്യത കൂടുതലുള്ളവരെ കണ്ടെത്തി പ്രത്യേക പരിഗണന നൽകുക
 • കൗൺസിലിംഗ് അടക്കമുള്ള സേവനങ്ങൾ ഉറപ്പാക്കുക
 • മാനസിക സംഘർഷങ്ങൾ കുറക്കാൻ സഹായിക്കുന്ന വ്യായാമ മുറകൾ പഠിപ്പിക്കുക , പരിശീലിപ്പിക്കുക .
 • മാനസികാരോഗ്യ പ്രശ്നങ്ങൾ കണ്ടെത്തിയാൽ മാനസികാരോഗ്യ പ്രഥമ ശിശ്രുഷ നൽകുക .
 • സാമൂഹികമായും , വ്യക്തിതലത്തിലും നൽകേണ്ട സേവനങ്ങൾ കണ്ടെത്തുക.
 • പൊതു നിർദ്ദേശങ്ങൾ അറിയിക്കുക