പൊണ്ണത്തടി കുറയ്ക്കാൻ ഡയറ്റ് എന്ന പേരിൽ ഭക്ഷണം കഴിക്കാതെ പട്ടിണി കിടക്കുന്ന നിരവധി പേരുണ്ട്. തടി കുറയ്ക്കാൻ ബ്രേക്ക്ഫാസ്റ്റ് പോലും ചിലർ ഒഴിവാക്കാറുണ്ട്. ബ്രേക്ക് ഫാസ്റ്റ് ഒഴിവാക്കിയാൽ അതിറോസ്‌ക്ലീറോസിസ് എന്ന ഹൃദ്രോഗത്തിന് കാരണമാകുമെന്ന് പഠനം. അമേരിക്കന്‍ കോളേജ് ഓഫ് കാര്‍ഡിയോളജി എന്ന ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. 

മൈഗ്രേയ്ന്‍, ഓര്‍മ്മക്കുറവ്, ചിന്താശേഷിക്കുറവ് എന്നീ പ്രശ്‌നങ്ങള്‍ക്കും രാവിലത്തെ ഭക്ഷണം ഒഴിവാക്കുന്നതു വഴി ഇടയാക്കും. രാവിലത്തെ ഭക്ഷണം ഒഴിവാക്കുന്നവരില്‍ രക്തത്തിലെ ഗ്ലൂക്കോസ് നില നല്ല രീതിയില്‍ കുറയുന്നു. ഇത് ശരീരത്തിലെ ഛയാപചയപ്രവര്‍ത്തനങ്ങളെയും ബാധിക്കുന്നു. 

പ്രഭാതഭക്ഷണം ഒഴിവാക്കുന്നതും ഒന്നും കഴിക്കാതിരിക്കുന്നതും തടി കുറയ്ക്കുകയല്ല മറിച്ച് തടി കൂട്ടുകയേ ചെയ്യുകയുള്ളൂ എന്നാണ് പഠനങ്ങൾ പറയുന്നത്. ഭക്ഷണം കഴിക്കാതിരുന്നാൽ ശരീരം മെറ്റബോളിക് റേറ്റ് (ബിഎംആർ) കുറയ്ക്കും. ഇതോടെ ഫാറ്റ് കൂടുകയും വണ്ണം കൂടാൻ കാരണമാകുകയും ചെയ്യും. 

മെലിഞ്ഞിരിക്കുന്നത് ആരോഗ്യത്തിന്റെയും തടിച്ചിരിക്കുന്നത് അനാരോഗ്യത്തിന്റെയും ലക്ഷണമാണെന്നാണ് പലരും ചിന്തിച്ച് വച്ചിരിക്കുന്നത്. ഒരാളുടെ ശരീരഭാരത്തെ രണ്ടായി വിഭജിക്കാം. ശരീരത്തിലുള്ള ഫാറ്റിന്റെ ഭാരവും പിന്നെ എല്ലിന്റെയും മസിലിന്റെയും ഭാരവും. ഇതിൽ പുറമേക്ക് നോക്കുമ്പോൾ മെലിഞ്ഞ ആളാണെങ്കിലും ഫാറ്റിന്റെ അളവ് കൂടുതലാണെങ്കിൽ അപകടമാണ്. 

പാരമ്പര്യമായി അമിതവണ്ണമുള്ളവരാണെങ്കിൽ പിൻതലമുറയ്ക്കും അമിതവണ്ണത്തിനുള്ള സാധ്യത കൂടുതലാണ്. എന്നാൽ അമിത വണ്ണം കുറയ്ക്കുന്ന ജീനുകളെ പ്രവർത്തന സജ്ജരാക്കാൻ നല്ല ഭക്ഷണശീലവും വ്യായാമവും കുറഞ്ഞത് നാലുമാസമെങ്കിലും തുടർന്നാൽ സാധിക്കുമെന്നാണ് സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആന്റ് പ്രിവെൻഷൻ വ്യക്തമാക്കുന്നത്.