പത്തുവയസ്സുള്ള  ഒരു റഷ്യൻ ബാലൻ, അവനിൽ നിന്ന് താൻ ഗർഭം ധരിച്ചു എന്നവകാശപ്പെടുന്ന പതിമൂന്നുകാരിയായ അവന്റെ കൂട്ടുകാരി. ആ വാദം പൂർണ്ണമായും ശരിവെക്കുന്ന പെൺകുട്ടിയുടെ സൈക്കോളജിസ്റ്റ്. ഇത്രത്തോളം ഭാഗത്ത് പ്രശ്നങ്ങൾ ഒന്നുമില്ല. എന്നാൽ, കുഞ്ഞിന്റെ പിതാവ് എന്നവകാശപ്പെടുന്ന പയ്യനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയ ഡോക്ടറുടെ അഭിപ്രായമാണ് അവിടെ പ്രശ്നങ്ങൾക്ക് കാരണമായത്.

ഡോക്ടർ പറയുന്നത് ഗർഭമുണ്ടാവാൻ അത്യാവശ്യമായി വേണ്ട സെക്ഷ്വൽ ഹോർമോണുകൾ പുറപ്പെടുവിച്ച് തുടങ്ങാനുള്ള പ്രായം ഈ ആൺകുട്ടിക്ക് ആയിട്ടില്ല എന്നാണ്. അവന്റെ ലൈംഗികാവയവങ്ങൾ ഇപ്പോഴും ശൈശവദശ പിന്നിട്ടിട്ടില്ല എന്നാണ്. സൈബീരിയയിലാണ് ഈ സംഭവം നടന്നിരിക്കുന്നത്.

ഈ രണ്ടു പേരുടെയും അച്ഛനമ്മമാരുടെ സമ്മതത്തോടെ ഒരു ടെലിവിഷൻ പ്രോഗ്രാം വഴിയാണ് ഇരുവരുടെയും പേരുവിവരങ്ങളും ഫോട്ടോയും സഹിതം വിവരങ്ങൾ പുറത്തുവന്നത്. ആ ഷോയിലെ ഡോ. യെവ്ജനി ഗ്രെക്കോവ് എന്ന പ്രസിദ്ധ യൂറോളജി/ആൻഡ്രോളജി സ്പെഷ്യലിസ്റ്റാണ് ദാരിയ എന്ന പതിമൂന്നുകാരിക്ക് ഗർഭമുണ്ടാക്കിയത് ഇവാൻ എന്ന പത്തുവയസ്സുകാരൻ ബാലനാകാനുള്ള സാധ്യതകളെ പാടെ തള്ളിയത്.

താൻ ലബോറട്ടറി ടെസ്റ്റുകളുടെ ഫലങ്ങൾ മൂന്നുതവണ പരിശോധിച്ചു എന്നും ഇക്കാര്യത്തിൽ തനിക്കുറപ്പാണ് എന്നും അദ്ദേഹം പറഞ്ഞു. " അവനൊരു കുട്ടിയാണ്, സ്പേം സെല്ലുകൾ ഉത്പാദിപ്പിച്ചു തുടങ്ങാറായിട്ടില്ല അവന്റെ വൃഷണങ്ങൾ", ഡോ. ഗ്രെക്കോവ് പറഞ്ഞു. 

താൻ മറ്റാരുമായും ബന്ധപ്പെട്ടിട്ടില്ലെന്നും തന്റെ കുഞ്ഞിന്റെ അച്ഛൻ ഇവാൻ തന്നെയാണെന്നും ഉറപ്പിച്ചു പറയുകയാണ് ദാരിയ. വിക്കിപീഡിയയിൽ 1910 കാലത്ത് ചൈനയിൽ ജീവിച്ചിരുന്ന ഒമ്പതു വയസ്സുള്ള ഒരു കുട്ടിക്ക്, പത്തുവയസ്സുള്ള പെൺകുട്ടിയിൽ കുഞ്ഞുണ്ടായതിന്റെ വിവരങ്ങളുണ്ട്. അതുപോലെ പതിനൊന്നു വയസ്സിൽ അച്ഛനായതിന്റെ മെക്സിക്കോ,  ന്യൂസിലൻഡ് എന്നിവടങ്ങളിൽ നിന്നുള്ള രണ്ടു കേസുകളും. പന്ത്രണ്ടു വയസ്സിൽ അച്ഛനായതിന്റെ നിരവധി കേസുകൾ ഇന്ത്യയിൽ നിന്നടക്കം പുറത്തുവന്നിട്ടുണ്ട്.

എന്തായാലും ഡിഎൻഎ ടെസ്റ്റ് അടക്കമുള്ള സങ്കേതങ്ങൾ നിലവിലുള്ളതുകൊണ്ട് ഇക്കാര്യത്തിൽ ഒരു സ്ഥിരീകരണമുണ്ടാക്കാവുന്നതാണ്. എന്തായാലും തല്ക്കാലം അതിനൊന്നും പോകാതെ അച്ഛനമ്മമാരുടെ സഹായത്തോടെ തങ്ങളുടെ കുഞ്ഞിനെ വളർത്താൻ തന്നെയാണ് കുഞ്ഞിന്റെ അച്ഛനമ്മമാരുടെ തീരുമാനം.