Asianet News MalayalamAsianet News Malayalam

ദിവസത്തില്‍ എത്ര തവണ മലവിസര്‍ജ്ജനം നടത്തുന്നുവെന്നത് പ്രധാനം; കാരണം...

ഭക്ഷണക്രമം, ഉറക്കം, കായികാധ്വാനം, വിശ്രമം ഇത്തരത്തിലുള്ള നമ്മുടെ അടിസ്ഥാനപരമായ ആവശ്യങ്ങളില്‍ ഉള്‍ക്കൊള്ളുന്ന പ്രക്രിയയാണ് വിസര്‍ജ്ജനവും. മലമൂത്ര വിസര്‍ജ്ജനത്തിന്‍റെ രീതികളും തോതുമെല്ലാം അനുസരിച്ച് നമ്മുടെ ആരോഗ്യാവസ്ഥ വിലയിരുത്താനും വിവിധ അസുഖങ്ങളടക്കം ആരോഗ്യം നേരിടുന്ന വെല്ലുവിളികള്‍ മനസിലാക്കാനുമെല്ലാം സാധിക്കും.

how often you visit toilet on a single day is more important in bowel cancer detection
Author
First Published Dec 8, 2022, 7:14 PM IST

നിത്യജീവിതത്തില്‍ പതിവായി നമ്മുടെ ശരീരവും മനസും പ്രവര്‍ത്തിച്ചുപോകുന്ന ഒരു ചിട്ടയുണ്ടായിരിക്കും. എത്ര ചിട്ടയില്ലാത്ത ആളുകളായാല്‍ പോലും അവര്‍ക്കെന്നൊരു താളമുണ്ടായിരിക്കും. ഇതിന് അനുസരിച്ചാണ് ആരും മുന്നോട്ട് പോവുക.

ഭക്ഷണക്രമം, ഉറക്കം, കായികാധ്വാനം, വിശ്രമം ഇത്തരത്തിലുള്ള നമ്മുടെ അടിസ്ഥാനപരമായ ആവശ്യങ്ങളില്‍ ഉള്‍ക്കൊള്ളുന്ന പ്രക്രിയയാണ് വിസര്‍ജ്ജനവും. മലമൂത്ര വിസര്‍ജ്ജനത്തിന്‍റെ രീതികളും തോതുമെല്ലാം അനുസരിച്ച് നമ്മുടെ ആരോഗ്യാവസ്ഥ വിലയിരുത്താനും വിവിധ അസുഖങ്ങളടക്കം ആരോഗ്യം നേരിടുന്ന വെല്ലുവിളികള്‍ മനസിലാക്കാനുമെല്ലാം സാധിക്കും.

ഇത്തരത്തില്‍ മല വിസര്‍ജ്ജനത്തില്‍ വരുന്ന വ്യത്യാസങ്ങളും അത് നല്‍കുന്ന പ്രധാനപ്പെട്ടൊരു അപകടസൂചനയുമാണിനി പങ്കുവയ്ക്കുന്നത്. 

ഒരു ദിവസത്തില്‍ തന്നെ പല തവണകളിലായി മല വിസര്‍ജ്ജനം നടക്കുന്നുവെങ്കില്‍ അത് വയറുമായി ബന്ധപ്പെട്ട അസാധാരണമായ അവസ്ഥകളെയാണ് സൂചിപ്പിക്കുന്നത്. ദഹനപ്രശ്നങ്ങള്‍, ഐബിഎസ് (ഇറിറ്റബിള്‍ ബവല്‍ സിൻഡ്രോം), ഐബിഡി (ഇൻഫ്ലമാറ്ററി ബവല്‍ ഡിസീസ്) എന്നീ പ്രശ്നങ്ങളിലെല്ലാം മലവിസര്‍ജ്ജനത്തില്‍ അസാധാരണമായ രീതികളുണ്ടാകാം.

എന്നാല്‍ ബവല്‍ ക്യാൻസര്‍ അഥവാ വയറിനെ ബാധിക്കുന്ന അര്‍ബുദത്തിന്‍റെ വലിയൊരു സൂചനയായും ഈ പ്രശ്നം വരാം. ബവല്‍ ക്യാൻസര്‍ മിക്ക കേസുകളിലും ആദ്യഘട്ടങ്ങളിലൊന്നും കാര്യമായ ലക്ഷണങ്ങള്‍ കാണിച്ചെന്ന് വരില്ല. അല്ലെങ്കില്‍ കാണിക്കുന്ന ലക്ഷണങ്ങള്‍ രോഗി എളുപ്പത്തില്‍ തിരിച്ചറിയണമെന്നുമില്ല. അതിനാല്‍ തന്നെ മലവിസര്‍ജ്ജനവുമായി ബന്ധപ്പെട്ട് അസാധാരണമായി പ്രശ്നങ്ങള്‍ നേരിട്ടുതുടങ്ങിയാല്‍ നിര്‍ബന്ധമായും ഇതിന്‍റെ കാരണം പരിശോധിച്ച് തന്നെ മനസിലാക്കുക. 

അടിവയറ്റില്‍ വേദന, മലത്തില്‍ രക്തം, വയര്‍ എപ്പോഴും വീര്‍ത്തുകെട്ടിയിരിക്കുന്ന അവസ്ഥ, വിശപ്പില്ലായ്മ, ശരീരഭാരം പെട്ടെന്ന് കുറയുന്ന അവസ്ഥ എന്നിങ്ങനെയുള്ള ലക്ഷണങ്ങള്‍ കൂടി കാണുന്നുണ്ടോയെന്ന് പരിശോധിക്കുക. ഇവയെല്ലാം തന്നെ ബവല്‍ ക്യാൻസര്‍ ലക്ഷണങ്ങളായി വരുന്നവയാണ്. ആദ്യമേ സൂചിപ്പിച്ചത് പോലെ ഇവയില്‍ പലതും മറ്റ് പല പ്രശ്നങ്ങളുടെ കൂടി ലക്ഷണമായി വരുന്നവയാകാം. അതിനാല്‍ തന്നെ ഇതെല്ലാം ക്യാൻസര്‍ സൂചനകളാണെന്ന് സ്വയം ഉറപ്പിക്കേണ്ടതില്ല. ക്യാൻസര്‍ ഏത് അവയവത്തെ ബാധിച്ചാലും സമയത്തിന് കണ്ടെത്താനായാല്‍ ഫലപ്രദമായി ചികിത്സിക്കാൻ സാധിക്കും. അതിനാല്‍ തന്നെ ലക്ഷണങ്ങളിലൂടെ രോഗത്തെ പെട്ടെന്ന് തിരിച്ചറിയുന്നതിനുള്ള അവബോധമാണ് ആവശ്യം. മറിച്ച് ഇത് സ്വയം സ്ഥിരീകരിച്ച് സമ്മര്‍ദ്ദത്തിന് അടിപ്പെടാതിരിക്കുക. 

Also Read:- ഇന്ത്യയില്‍ ഇന്ന് ഏറ്റവുമധികം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന 10 രോഗങ്ങള്‍ ഏതെല്ലാമാണെന്ന് അറിയാമോ?

Follow Us:
Download App:
  • android
  • ios