കൊറോണ എന്ന മാരകരോഗം വളരെവേഗത്തിൽ ലോകമെമ്പാടും പടർന്നുപിടിക്കുമ്പോൾ, പൊതുജനങ്ങൾക്കായി പുറപ്പെടുവിക്കപ്പെടുന്ന പ്രാഥമിക നിർദേശങ്ങളിൽ ഏറ്റവും ആദ്യത്തേത്, 'കൈ കഴുകി വൃത്തിയാക്കുന്നതാണ് പ്രതിരോധത്തിന്റെ ആദ്യപടി' എന്നതാണ്. രോഗാണുക്കൾ എന്ന സങ്കൽപം വളരെ കൃത്യമായി ജനങ്ങളുടെ മനസ്സിൽ അടയാളപ്പെടുത്തപ്പെട്ടിരിക്കുന്ന ഇക്കാലത്ത് വളരെ സ്വാഭാവികമായിത്തന്നെ എല്ലാവർക്കും ഉള്ളിലേക്കെടുക്കാൻ പറ്റുന്ന ഒരു സങ്കല്പമാണ് 'കൈകൾ സോപ്പോ അണുനാശക ലായനിയോ ഉപയോഗിച്ച് വൃത്തിയായി കഴുകിയില്ലെങ്കിൽ നിങ്ങൾക്ക് അണുബാധ ഉണ്ടാകാം' എന്നത്. എന്നാൽ, അങ്ങനെയൊന്ന് ആദ്യമായി ഉപദേശിക്കപ്പെട്ടപ്പോൾ, അത് ജനങ്ങൾക്ക് വളരെ അപമാനജനകമായ ഒന്നായിട്ടാണ് തോന്നിയിരുന്നത്.

തങ്ങളോട് അങ്ങനെ ആദ്യമായി നിർദ്ദേശിച്ച ഡോക്ടറെ അവർ പരിഹസിച്ചു, തള്ളിപ്പറഞ്ഞു, എന്തിന് ഭ്രാന്തനെന്നു മുദ്രകുത്തി ഒരു ചിത്തരോഗാശുപത്രിയിൽ വരെ അടച്ചു. അവിടെ നിന്ന് രക്ഷപെടാൻ ശ്രമിച്ച ഡോക്ടറെ ആശുപത്രി അധികൃതർ ക്രൂരമായി മർദ്ദിച്ചു. ബൂട്ട്സിട്ട് ചവിട്ടി. ആ മർദ്ദനങ്ങളിൽ നിന്നേറ്റ മുറിവുകളിലൂടെ വന്ന 'അണുബാധ' തന്നെ ഒടുവിൽ അദ്ദേഹത്തിന്റെ ജീവനെടുത്തു. എന്തൊരു വിരോധാഭാസം അല്ലേ? ഇനി പറയാൻ പോവുന്നത് രോഗചികിത്സയിൽ തന്റെ ഇടപെടലും കണ്ടുപിടിത്തവും കൊണ്ട് വലിയൊരു വിപ്ലവം തന്നെ കുറിച്ച ആ ഡോക്ടറുടെ കഥയാണ്. 

പലരും കരുതുന്നത്, പണ്ടത്തെ ജനങ്ങൾക്കിടയിൽ വൃത്തി(hygiene ) ഇന്നത്തേക്കാൾ കുറവായിരുന്നിരിക്കും എന്നാണ്. എന്നാൽ അതല്ല സത്യം. അവർ, വിശിഷ്യാ അന്നത്തെ ആരോഗ്യപ്രവർത്തകർ, തങ്ങളുടെ കൈകാലുകൾ ഇടയ്ക്കിടെ സോപ്പിട്ട് കഴുകി അണുവിമുക്തമാക്കി സൂക്ഷിച്ചു പോന്നിരുന്നു. അത് അന്ന് പഠിപ്പിച്ചു പോന്നിരുന്ന നല്ല ശീലങ്ങളുടെ ഭാഗമായി മാത്രം വന്ന ഒരു പതിവല്ല. മറിച്ച്, വൃത്തിയില്ലായ്മയും രോഗബാധയും തമ്മിലുള്ള ബന്ധത്തെപ്പറ്റി അന്നത്തക്കാലത്തെ ജനങ്ങൾ വളരെ കൃത്യമായി അറിഞ്ഞുവെച്ചിരുന്നു എന്നതാണ്.  അതിന് അവരെ പ്രേരിപ്പിച്ചത് 1846 -ൽ, വിയന്നക്കാരനായ ഡോ. ജെയിംസ് ഗാർഫീൽഡ് സെമ്മെൽവെയ്‌സ് നടത്തിയ സങ്കീർണ്ണമായ പഠനങ്ങളും, അവയിൽ നിന്നുണ്ടായ വിപ്ലവകരമായ ഒരു കണ്ടെത്തലുമാണ്. 

വിയന്ന ജനറൽ ഹോസ്പിറ്റലിലെ പ്രസവ ചികിത്സാ വിദഗ്ധൻ (Obstetrician) ആയിരുന്നു ഡോ. സെമ്മെൽവെയ്‌സ്. അദ്ദേഹത്തെ ഒരു യാഥാർഥ്യം, ഒരു നിരീക്ഷണം വല്ലാതെ അലട്ടുന്നുണ്ടായിരുന്നു. അത് ആ ആശുപത്രിയിലും, പുറത്ത് വീടുകളിലും  വെച്ച് നടക്കുന്ന പ്രസവങ്ങളിലെ മരണനിരക്കുകളുടെ താരതമ്യമായിരുന്നു. വിയന്നയിലെ യുവതികൾ ജനറൽ ആശുപത്രിയിലേക്ക് വരാൻ ഏറെ മടിച്ചിരുന്ന കാലമായിരുന്നു അത്. അവർക്ക് വിയന്നയിലെ 'ഫസ്റ്റ് ക്ലിനിക്കിൽ'(നമ്മുടെ മെഡിക്കൽ കോളേജുകൾക്ക് സമം) പ്രവർത്തിച്ചിരുന്ന ഗൈനക്കോളജിസ്റ്റുകളെക്കാൾ വിശ്വാസം അവിടത്തെ സെക്കൻഡ് ക്ലിനിക്കുകളിലെ വയറ്റാട്ടികളെ ആയിരുന്നു.

മികച്ച പരിശീലനം കിട്ടിയിട്ടുള്ള ഡോക്ടർമാർ നടത്തുന്ന ഫസ്റ്റ് ക്ലിനിക്കുകളിൽ, അത്രയ്ക്ക് പരിശീലനം സിദ്ധിച്ചിട്ടില്ലാത്ത അവിടത്തെ വയറ്റാട്ടികൾ നടത്തുന്ന സെക്കൻഡ് ക്ലിനിക്കുകളുടേതിനേക്കാൾ എത്രയോ അധികമായിരുന്നു പ്രസവാനന്തരം അമ്മയോ കുഞ്ഞോ രണ്ടുപേരുമോ ഒക്കെ മരിക്കുന്നതിന്റെ നിരക്കുകൾ. അതുകൊണ്ടെന്തായി, ഫസ്റ്റ് ക്ലിനിക്കിൽ വന്നു പ്രസവിച്ച് മരിക്കുന്നതിനേക്കാൾ നല്ലത് ആശുപത്രിക്ക് പുറത്ത് തെരുവിൽ പ്രസവിക്കുന്നതാണ് എന്നായി ജനങ്ങൾക്കിടയിൽ സംസാരം. 

തന്റെ ആശുപത്രിയിലെ ഡോക്ടർമാരെ ഇങ്ങനെ പരിഹസിക്കുന്നതും, അപമാനിക്കുന്നതും ഒന്നും ഡോ. സെമ്മെൽവെയ്‌സിന് ഇഷ്ടപ്പെടുന്നുണ്ടായിരുന്നില്ല. അവർ നല്ല കർമ്മശേഷിയുള്ളവരാണ് എന്നും അദ്ദേഹത്തിന് ഉറപ്പുണ്ടായിരുന്നു. എന്നാൽ, ഈ പ്രസവാനന്തര മരണ നിരക്കുകളിൽ വ്യത്യാസത്തിന് കൃത്യമായ ഒരു കാരണം കണ്ടെത്താനും അദ്ദേഹത്തിന് സാധിച്ചിരുന്നില്ല. അദ്ദേഹം അതിന്റെ മൂലകാരണം തേടി വിശദമായ പഠനങ്ങൾ പലതും നടത്തി. ഒടുവിൽ ഏറെ നാളത്തെ പരിശ്രമത്തിനു ശേഷം അദ്ദേഹം തന്റെ ആശുപത്രിയെ ഗ്രസിച്ചിരുന്ന,  പ്രസവമരണങ്ങൾക്ക് നിദാനമായ 'ആ ഘടകം' അദ്ദേഹം കണ്ടെത്തി. 

അന്നത്തെ ഡോക്ടർമാർ പ്രസവിക്കാനെത്തുന്ന ഗർഭിണികളെ നോക്കുന്നതോടൊപ്പം തന്നെ മറ്റുള്ള രോഗികളെ പരിശോധിക്കുകയും, മറ്റു പല അസുഖങ്ങൾക്ക് ചികിത്സ നൽകുകയും, പലതരത്തിലുള്ള സർജറികൾ നടത്തുകയും ഒക്കെ ചെയ്തു പോന്നിരുന്നു. അങ്ങനെ ആ ഡോക്ടർമാർ പല തരത്തിലുള്ള രോഗികളെ കണ്ടു കറങ്ങി വന്നൊടുവിൽ ഗർഭിണിയിൽ എത്തുമ്പോൾ അവരുടെ കൂടെ കൊണ്ടുവരുന്ന എന്തോ ഒന്ന് ഈ ഗർഭിണികളിലേക്ക് പകർന്നു നൽകുന്നതുകൊണ്ടാണ് അവർ മരിക്കുന്നതെന്ന് അദ്ദേഹം കണ്ടെത്തി. അതെന്താണ് എന്ന് കൃത്യമായി പറയാൻ അന്ന് അദ്ദേഹത്തിനായില്ല എങ്കിലും, അന്ന് എന്തോ ഒരു ഉൾവിളിയുടെ പുറത്ത് അദ്ദേഹം കർശനമായി നിഷ്കർഷിച്ച ഒരു കീഴ്വഴക്കമാണ് നമ്മളിൽ പലരും ഇന്ന് ജീവനോടിരിക്കാൻ വരെ കാരണം. നമ്മുടെ പൂർവികരിൽ പലരും പകർച്ച വ്യാധികളെ അതിജീവിച്ചത്, പ്രസവങ്ങളിൽ മരിച്ചു പോകാതിരുന്നത് ഒക്കെ അദ്ദേഹത്തിന്റെ ഈ നിർദേശം ജനങ്ങളും മറ്റുള്ള ആശുപത്രികളും ഒക്കെ അനുസരിച്ചതുകൊണ്ടാണ്. 

ഡിസെക്ഷൻ റൂമിൽ നിന്ന് പുറത്തിറങ്ങുന്ന ഡോക്ടർമാർ, മറ്റുരോഗികളെ, പ്രത്യേകിച്ച് ഗർഭിണികളെ പരിശോധിക്കാൻ ചെല്ലുന്നതിന് മുമ്പ് അവരുടെ കൈകൾ ക്ളോറിനേറ്റഡ് ലൈം കൊണ്ട് കഴുകണം എന്നതായിരുന്നു ആ നിർദ്ദേശം. ദിവസങ്ങൾക്കുള്ളിൽ ഫസ്റ്റ് ക്ലിനിക്കിൽ നിന്നുള്ള പ്രസവാനുബന്ധമരണങ്ങളും, നവജാതശിശു മരണങ്ങളും 90 ശതമാനത്തോളം കുറഞ്ഞു. ഒന്നോ രണ്ടോ മാസത്തിനുള്ളിൽ തന്നെ ഫസ്റ്റ് ക്ലിനിക്കിൽ ഒരു ഗർഭിണി പോലും മരിക്കുന്നില്ല എന്ന അവസ്ഥയായി. അതോടെ അദ്ദേഹത്തിന് ആ അണുബാധകളുടെ മാർഗം കൃത്യമായി വെളിപ്പെട്ടു. 'കൈകൾ..!' വൃത്തിഹീനമായ കൈകളിലൂടെയാണ് ഈ അണുബാധകൾ കടന്നുവരുന്നത്. 

സാധാരണഗതിക്ക് ഇങ്ങനെ ഒരു കണ്ടുപിടുത്തമുണ്ടായാൽ, നമ്മുടെ നാട്ടിലൊക്കെ അതിനെ സർക്കാർ ആദരിക്കും, പൊതു സംഘടനകൾ ആദരിക്കും, ക്ലബ്ബുകളും സഹകരണസംഘങ്ങളും ഒക്കെകയാണെങ്കിൽ ഒരു ഷീൽഡെങ്കിലും കൊടുത്ത് അഭിനന്ദിക്കും. എന്നാൽ അന്നോളമുള്ള മുൻധാരണകൾ പൊളിച്ചെഴുതിയ ആ നിർദ്ദേശത്തിന്റെ പേരിൽ  ഡോ. സെമ്മെൽവെയ്‌സിന് നേരിടേണ്ടി വന്നത് എതിർപ്പുകളും അപമാനങ്ങളും പരിഹാസങ്ങളും മാത്രമായിരുന്നു. രോഗികൾക്ക് ഡോക്ടർമാർ വഴി രോഗബാധയുണ്ടാകാം എന്ന  ഡോ. സെമ്മെൽവെയ്‌സിന്റെ കണ്ടെത്തലിനോട് വളരെ അക്രമാസക്തമായിട്ടാണ് മറ്റുള്ള ഡോക്ടർമാർ പ്രതികരിച്ചത്. ഗർഭിണികളുടെ വാർഡിലെ മരണനിരക്കിൽ ഉണ്ടായ ഇടിവിനെ അവർ ഒരു ശാസ്ത്രീയ തെളിവായി പരിഗണിച്ചതേയില്ല. അത് ചെയ്യുന്നത് നിർത്തിയില്ല എങ്കിലും. 

വിയന്നയിലെ പരീക്ഷണ വിജയത്തിന് ശേഷം അതിലെ കണ്ടെത്തലുകൾ ക്രോഡീകരിച്ചുകൊണ്ട് ഒരു പുസ്തകമാക്കാൻ  ഡോ. സെമ്മെൽവെയ്‌സിന് പിന്നെയും പത്തുവർഷം എടുത്തു. ആ പുസ്തകത്തിന്റെ പേര്, "The Etiology, Concept and Prophylaxis of Childbed Fever " എന്നായിരുന്നു. എന്നാൽ ഡോക്ടർ നടത്തിയ ഇടപെടലുകളുടെ ഫലസിദ്ധി ഉയർത്തിയ പ്രതീക്ഷകൾക്ക് കടക വിരുദ്ധമായി അദ്ദേഹത്തിന്റെ കണ്ടെത്തലുകൾ അവഗണിക്കപ്പെട്ടു.  അദ്ദേഹത്തിന്റെ കണ്ടെത്തലുകൾക്ക് അംഗീകാരം നൽകാൻ അന്നത്തെ ആരോഗ്യരംഗത്തെ കോക്കസുകളുടെ രാഷ്ട്രീയവൈരവും അഹങ്കാരവും അനുവദിച്ചില്ല. ഫലമോ, അദ്ദേഹത്തിന്റെ ഈ പഠനം തമസ്കരിക്കപ്പെട്ടു. അതിൽ നിരാശാമഗ്നനായ ഡോ. സെമ്മെൽവെയ്‌സ് തന്റെ കുടുംബത്തിൽ നിന്നും സുഹൃദ് വലയത്തിൽ നിന്നും ഒക്കെ അകന്നുമാറി ഏകാന്തജീവിതം നയിച്ചുതുടങ്ങി. 

സമർത്ഥനായ, അതീവ ബുദ്ധിമാനായ ആ ഭിഷഗ്വരൻ ഒടുവിൽ മരണത്തിന് കീഴടങ്ങുന്നത് ഒരു ചിത്തരോഗാശുപത്രിയിൽ കിടന്നു നരകിച്ചിട്ടാണ്. എന്നാൽ ആ മരണം സ്വാഭാവികമായിരുന്നില്ല എന്നതാണ് അതിനേക്കാൾ സങ്കടകരമായ വസ്തുത. ഡോക്ടറുടെ ശത്രുക്കൾ അദ്ദേഹത്തെ ചതിച്ച് ആ ഭ്രാന്താശുപത്രിക്കുള്ളിലേക്ക് കൊണ്ടിടുകയായിരുന്നു. അകത്തു ചെന്ന ശേഷമാണ് താൻ എത്തിയിരിക്കുന്ന സ്ഥലത്തെ അപകടം ഡോക്ടർ തിരിച്ചറിയുന്നത്. അവിടെ നിന്ന് രക്ഷപ്പെട്ടുകടക്കാൻ ശ്രമിച്ച അദ്ദേഹത്തെ അവിടത്തെ ഗാർഡുമാർ ക്രൂരമായി മർദ്ദിച്ചു. അദ്ദേഹത്തിന്റെ മുഖത്ത് ബൂട്ട്സിട്ട് ചവിട്ടി. ആ ആക്രമണങ്ങളിൽ മുറിവേറ്റ ഡോക്ടർക്ക് ഒടുവിൽ പയീമിയ എന്ന ഒരു പ്രത്യേകതരം അണുബാധ, ഈ മർദ്ദനങ്ങൾ കാരണം വന്ന ഒരു രോഗം, ബാധിക്കുന്നു. ആ അണുബാധ ദേഹം മുഴുവൻ പടർന്നു പിടിച്ചിട്ടും അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാൻ വേണ്ട ചികിത്സ ആ ചിത്തരോഗാശുപത്രിക്കാർ നിഷേധിക്കുന്നു. ഒടുവിൽ അണുബാധകൊണ്ടുണ്ടാകുന്ന മരണത്തിൽ നിന്ന് നൂറുകണക്കായ രോഗികളെ രക്ഷിക്കാൻ ജീവിതം ഉഴിഞ്ഞുവെച്ച ആ മഹാനായ ഡോക്ടറുടെ മരണത്തിനു കാരണമായത് മനഃപൂർവം ഉണ്ടാക്കിയ മറ്റൊരു 'അണുബാധ' തന്നെയായിരുന്നു എന്നത് എത്ര വലിയ വിരോധാഭാസമാണ് ?

ഡോ. സെമ്മെൽവെയ്‌സിന്റെ മഹത്വം എന്തെന്നോ? തന്റെ ആശുപത്രിയിൽ ഗർഭിണികളിങ്ങനെ മരിച്ചുകൊണ്ടിരുന്നപ്പോൾ അതിന്റെ കാരണം കണ്ടുപിടിക്കണം എന്ന് അദ്ദേഹത്തിന് വാശിയുണ്ടാകാനുള്ള കാരണം ഡോക്ടർ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ കുതൂഹലം മാത്രമായിരുന്നില്ല. തന്റെ സഹപ്രവർത്തകരായ മറ്റു ഡോക്ടർമാരെ ജനം ഒന്നിനും കൊള്ളാത്തവരായി കാണുന്നത്, അവരുടെ കർമ്മശേഷിയെ സംശയദൃഷ്ടിയോടെ കാണുന്നത് അദ്ദേഹത്തിന് സഹിക്കാൻ പറ്റാതിരുന്നതുകൊണ്ടുകൂടിയാണ്. അദ്ദേഹം കണ്ടുപിടിക്കാൻ ശ്രമിച്ചത് തന്റെ മാലോകർക്കുമുന്നിൽ തന്റെ സ്റ്റാഫിന്റെ ആത്മാഭിമാനം പുനഃസ്ഥാപിക്കാൻ ഉതകുന്ന ഒരു പരിഹാരമാണ്. 

ഹൈജീൻ അഥവാ വൃത്തിയുടെ വില, കൈകൾ നല്ലപോലെ കഴുകി അണുവിമുക്തമാക്കിയ ശേഷം മാത്രം ഒരു രോഗിയെ സ്പർശിക്കേണ്ടതിന്റെ ആവശ്യം, ഇന്ന് കൊറോണ പോലുള്ള അസുഖങ്ങൾ പടർന്നു പിടിക്കുന്ന വേളയിൽ ലോകം കൂടുതൽ കൂടുതൽ തിരിച്ചറിഞ്ഞു കൊണ്ടിരിക്കുകയാണ്.'കൈകൾ കഴുകി വൃത്തിയാക്കുക' എന്നത് ഇന്ന് ഏറെ ലളിതമെന്നും, ഏറെക്കുറെ സാമാന്യബുദ്ധി എന്നും ഒക്കെ തോന്നാവുന്ന ഒരു ആശയമാണ്. എന്നാൽ, അത് അങ്ങനെ അല്ലാതിരുന്ന കാലത്ത് അത് കണ്ടുപിടിക്കാൻ, മറ്റുളള ഡോക്ടർമാരെയും പൊതുജനങ്ങളെയും അത് പറഞ്ഞു മനസ്സിലാക്കാൻ ഏറെ ത്യാഗങ്ങൾ സഹിച്ചും ശ്രമിച്ച ആ മഹാനായ ഡോക്ടറെ ഈ അവസരത്തിൽ നമ്മൾ വിസ്മരിച്ചുകൂടാ. അതിനുവേണ്ടി സ്വജീവൻ കൂടി ത്യജിക്കേണ്ടി വന്ന ഒരാളാണ് അദ്ദേഹം എന്നിരിക്കെ വിശേഷിച്ചും.