കൊവിഡിന്റെ രണ്ടാം തരം​ഗത്തിലാണ് രാജ്യം. ഈ സമയത്ത് കൊവിഡിനെ ചെറുക്കാൻ പ്രധാനമായി ശ്രദ്ധിക്കേണ്ടത് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുക എന്നുള്ളതാണ്. പ്രതിരോധശേഷി കുറഞ്ഞവരിൽ രോ​ഗം വളരെ പെട്ടെന്ന് പിടിപെടാമെന്ന് വിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നു. പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുക എന്നത് കൊവിഡിനെ ചെറുക്കാന്‍ മാത്രമല്ല, മറ്റേത് രോഗങ്ങള്‍ ചെറുക്കാനും സഹായകമാണ്. പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് ആയുഷ് മന്ത്രാലയം വ്യക്തമാക്കുന്നു.

പച്ചക്കറികളും പഴവര്‍ഗങ്ങളും കഴിക്കുക...

ഭക്ഷണം ഏറെ പ്രധാനമാണ്. ഭക്ഷണത്തില്‍ ധാരാളം പച്ചക്കറികളും പഴവര്‍ഗങ്ങളുമെല്ലാം ഉള്‍പ്പെടുത്തുകയെന്നതാണ് ഏറെ പ്രധാനം. ഇതിലെ വൈറ്റമിനുകളും പോഷകങ്ങളും രോഗപ്രതിരോധ ശേഷി നല്‍കുന്നു. മാത്രമല്ല, വയറ്റിലെ ആരോഗ്യകരമായ ബാക്ടീരിയകളുടെ വളര്‍ച്ചയെ സഹായിക്കുന്നു. ഇവ രോഗ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. 

 

 

തെെര് കഴിക്കൂ...

പഴങ്ങളിലെയും പച്ചക്കറികളികളിലെയും ഫൈബറുകളാണ് ആരോഗ്യകരമായ ബാക്ടീരിയകളുടെ വളര്‍ച്ചയ്ക്കു സഹായിക്കുന്നത്. മോര്, തൈര് എന്നിവയെല്ലാം പ്രോബയോട്ടിക്‌സ് ഉറവിടമാണ്. നല്ല ബാക്ടീരിയകളുടെ വളര്‍ച്ചയ്ക്കു സഹായിക്കുകയും ദോഷം ബാക്ടീരിയകളെ ഒഴിവാക്കാനും ഇത് ​ഗുണം ചെയ്യും. ശരീരത്തിന്റെ ആകെയുള്ള ആരോഗ്യത്തിനും വയറിന്റെ ആരോഗ്യത്തിനുമെല്ലാം തന്നെ തൈര് ഏറെ നല്ലതാണെന്ന് ആയുഷ് മന്ത്രാലയം വ്യക്തമാക്കി.

ചൂടുവെള്ളം കുടിക്കൂ...

ധാരാളം ചൂടുവെള്ളം കുടിക്കാൻ ആയുഷ് മന്ത്രാലയം നിർദ്ദേശിക്കുന്നു. ചൂടുവെള്ളത്തിൽ ഒരു നുള്ള് ഉപ്പും മഞ്ഞളും ചേർത്ത് കുടിക്കുന്നത് അണുബാധയെ ചെറുക്കാൻ സഹായകമാണ്.

നെല്ലിക്ക കഴിക്കൂ...

വീട്ടിലുള്ള ഭക്ഷണം തന്നെ കഴിക്കുക. എളുപ്പം ദഹിക്കാവുന്ന ഭക്ഷണങ്ങൾ കഴിക്കുക. മഞ്ഞൾ, ജീരകം, മല്ലി,  ഇഞ്ചി, വെളുത്തുള്ളി തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങൾ ഭക്ഷണത്തിൽ ഉപയോഗിക്കുക. ശക്തമായ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് നെല്ലിക്ക ജ്യൂസായോ വെറുതെയോ കഴിക്കുന്നത് ശീലമാക്കുക എന്ന് ആയുഷ് മന്ത്രാലയം
നിർദേശിക്കുന്നു. 

 

 

യോ​ഗ ശീലമാക്കൂ...

യോഗാസനങ്ങളും പ്രാണായാമങ്ങളും ധ്യാനവും പ്രതിദിനം 30 മിനിറ്റെങ്കിലും ചെയ്യാൻ ശ്രമിക്കുക. പകൽ ഉറങ്ങുന്നത് ഒഴിവാക്കുക, രാത്രിയിൽ ഏഴോ എട്ടോ മണിക്കൂർ ഉറങ്ങുക. 

മഞ്ഞൽ പാൽ...

വെറും വയറ്റിൽ ഇളം ചൂടുള്ള വെള്ളത്തിൽ 20 ഗ്രാം ചവനപ്രാശ് രണ്ട് തവണ കഴിക്കുക. ഇത് 
പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് സഹായിക്കും. പാലിൽ അൽപം മഞ്ഞൾ ചേർത്ത് കുടിക്കുന്നത് ശീലമാക്കണമെന്നും ആയുഷ് മന്ത്രാലയം നിർദേശിക്കുന്നു.

കറുവാപ്പട്ട, ഇഞ്ചിയും...

കറുവാപ്പട്ട, ഇഞ്ചി, കുരുമുളക് എന്നിവ ചേർത്ത പാനീയം കുടിക്കുന്നത് ദഹനപ്രശ്നങ്ങൾ അകറ്റുകയും പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും സഹായിക്കും.  

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona