പബ്ലിക്ക് ടോയ്‌ലറ്റുകള്‍ ഉപയോ​ഗിക്കാത്തവരായി ആരും കാണില്ല. പുറത്ത് കറങ്ങാൻ പോയാൽ പുരുഷന്മാരും സ്ത്രീകളും കുട്ടികളുമെല്ലാം പബ്ലിക്ക് ടോയ്‌ലറ്റുകള്‍ ഉപയോ​ഗിക്കാറുണ്ട്. എന്നാൽ പബ്ലിക്ക് ടോയ്‌ലറ്റുകള്‍ ഉപയോ​ഗിക്കുന്നതിലൂടെ ചിലർക്ക് മൂത്രത്തിൽ അണുബാധയുണ്ടാകുന്നു.

സ്ത്രീകളിലും കുട്ടികളിലുമാണ് ഇത് കൂടുതലും കണ്ട് വരുന്നത്. വൃത്തിയില്ലാത്ത പൊതു വിശ്രമമുറികളിൽ കുമിഞ്ഞു കൂടുന്ന രോഗാണുക്കൾ നിങ്ങളിൽ പലതരം അണുബാധകൾക്കും രോഗങ്ങൾക്കുമെല്ലാം ഇടയാക്കിയേക്കും. പൊതുശൗചാലയങ്ങൾ ഉപയോ​ഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് അറിയാം...

ഒന്ന്...

പബ്ലിക്ക് ടോയ്‌ലറ്റുകള്‍ വാതിൽ തുറക്കുമ്പോഴാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. ഒരിക്കലും വാതിലിന്റെ കെെപിടിയിൽ പിടിക്കാതിരിക്കുക. വാതിൽ തുറക്കുമ്പോൾ കെെയ്യിൽ ടിഷ്യൂ പേപ്പർ കരുതണം. ഒരു പൊതു ടോയ്‌ലറ്റിന്റെ വാതിൽ ഹാൻഡിലുകൾ പലയാളുകളും മാറി മാറി ഉപയോഗിക്കുന്ന ഒന്നായതുകൊണ്ടുതന്നെ ബാക്ടീരിയകൾ കുന്നു കൂടുന്നതിനുള്ള സാധ്യത വർദ്ധിക്കുന്നു. അതിനാൽ ഇവിടെ നേരിട്ട് സ്പർശിക്കുന്നത് ഒഴിവാക്കുക. നിങ്ങളുടെ കൈമുട്ട് ഉപയോഗിച്ച് വാതിൽ തള്ളാം. അല്ലെങ്കിൽ വാതിൽ തുറക്കാൻ ടിഷ്യു പേപ്പർ ഉപയോഗിക്കാം.

രണ്ട്...

തിടുക്കത്തിൽ തന്നെ കാര്യം നടത്താനായി ടോയ്‌ലറ്റ് സീറ്റിൽ പെട്ടെന്ന് കയറി ഇരിക്കരുത്. ഇരിപ്പിടത്തിൽ കറയും നനവുമുണ്ടോ എന്ന് ആദ്യമേ നിരീക്ഷിക്കുക. അത് ഒരുപക്ഷേ മൂത്രത്തിന്റെ അടയാളങ്ങൾ ആയിരിക്കാം. കുറച്ച് ടോയ്‌ലറ്റ് പേപ്പർ ഉപയോഗിച്ച് സീറ്റ് നന്നായി തുടച്ചു വൃത്തിയാക്കുക. ഇത് ചെയ്യുമ്പോൾ നിങ്ങൾ ഒന്നിലും തൊടുന്നില്ലെന്ന് ഉറപ്പാക്കുക. കഴിയുമെങ്കിൽ സീറ്റിൽ ഇരിക്കുന്നതിനുമുമ്പ് ടോയ്‌ലറ്റ് സീറ്റ് കവർ ഉപയോഗിക്കുക. സീറ്റ് കവറുകൾ ലഭ്യമല്ലെങ്കിൽ, ഉപയോഗിക്കുന്നതിന് മുമ്പ് നിങ്ങൾക്ക് സീറ്റിൽ ടോയ്‌ലറ്റ് പേപ്പർ ഇടാവുന്നതാണ്.

മൂന്ന്...

വെസ്റ്റേൺ ടോയ്‌ലറ്റുകള്‍ ഉപയോ​ഗിക്കാതിരിക്കുന്നതാണ് നല്ലത്. അണുക്കൾ കൂടുതലും തങ്ങി നിൽക്കുന്നത് വെസ്റ്റേൺ ടോയ്ലറ്റിലാണ്. ഫ്ലഷ് ചെയ്തിട്ടു വേണം വെസ്റ്റേൺ ടോയ്‌ലറ്റുകള്‍  ഉപയോ​ഗിക്കേണ്ടത്. ഫ്ലഷ് ബട്ടൺ അമർത്തുമ്പോഴും ടിഷ്യൂ ഉപയോ​ഗിക്കാൻ മറക്കരുത്. 

നാല്...

ടോയ്‌ലറ്റ് പേപ്പർ ഉപയോഗിച്ച് ഒരു പൊതു ടോയ്‌ലറ്റിന്റെ ഇരിപ്പിടം വൃത്തിയാക്കുക എന്ന ആശയം നിങ്ങൾക്ക് മികച്ചതായി തോന്നുന്നിലെങ്കിൽ, നിങ്ങൾക്ക് ഒരു ടോയ്‌ലറ്റ് സാനിറ്റൈസർ ഉപയോഗിക്കാവുന്നതാണ്. ഇതിനായി എല്ലായ്പ്പോഴും ബാഗിൽ ഒരു സാനിറ്റൈസർ സൂക്ഷിക്കാം. ചില ഹെർബൽ സാനിറ്റൈസർ സ്പ്രേ രൂപത്തിൽ വിപണിയിൽ ലഭ്യമാണ്.

7-8 ഇഞ്ച് അകലെ നിന്നുകൊണ്ട് ഇത് ടോയ്‌ലറ്റ് സീറ്റിലേക്ക് തളിച്ച ശേഷം കുറച്ച് നിമിഷങ്ങൾ കാത്തിരുന്നാൽ മതി. ഈ ഹെർബൽ സ്പ്രേ നിമിഷങ്ങൾക്കുള്ളിൽ അണുക്കളെ നശിപ്പിച്ചു കളയും. കൂടാതെ, വാതിൽ പിടികൾ, ഫോസെറ്റുകൾ, ഫ്ലഷ് ഹാൻഡിലുകൾ തുടങ്ങിയവയിലെല്ലാം ഇത് ഉപയോഗിക്കാനാവും. അണുബാധ വിമുക്തമാക്കാനും ഒപ്പം ടോയ്‌ലറ്റിൽ നിന്നുള്ള ദുർഗന്ധം അകറ്റാനുമെല്ലാം ഇത് സഹായിക്കും.

അഞ്ച്...

പബ്ലിക്ക് ടോയ്‌ലറ്റിൽ നിന്ന് ഇറങ്ങുന്നതിന് മുമ്പ് കെെകൾ സോപ്പ് ഉപയോ​ഗിച്ച് കഴുകണം. കെെ കഴുകിയ ശേഷം ഉണക്കാനായി എയർ ഡ്രെെയർ ഉപയോ​ഗിക്കാതിരിക്കുന്നതാണ് നല്ലത്. തൂവാല ഉപയോ​ഗിച്ച് കെെ തുടക്കാൻ ശ്രമിക്കുക.

ആറ്...

പെട്ടെന്നുള്ള തിടുക്കത്തിൽ നിങ്ങൾ ടോയ്ലറ്റുകളിലേക്ക് ഓടിക്കയറുമ്പോൾ, നിങ്ങളുടെ സാധനങ്ങൾ ഹാൻഡ്‌ബാഗ് അല്ലെങ്കിൽ മൊബൈൽ പോലുള്ളവ ഒരിക്കലും ടോയ്‌ലറ്റിന്റെ ഉപരിതലത്തിൽ സൂക്ഷിക്കരുത്. ഇവയൊക്കെ ഒരു ഉപരിതലത്തിൽ ഉപേക്ഷിക്കുമ്പോൾ അവിടെ നിന്നും അപകടകരമായ ബാക്ടീരിയകൾ ഇതിലേക്ക് കടന്നു കൂടി നിങ്ങളിലേക്ക് എത്തിച്ചേരാൻ സാധ്യതയുണ്ട്. അതിനാൽ, നിങ്ങളുടെ ഹാൻഡ്‌ബാഗ് തറയിൽ വയ്ക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. നിങ്ങൾക്ക് അത് വാതിലിന്റെ പിൻഭാഗത്തുള്ള ഹുക്കിൽ തൂക്കിയിടാം.