'കൊറോണ വൈറസ്' എന്ന പേര് നമുക്ക് പരിചിതമായിട്ട് അധികകാലം ആയിട്ടില്ല. ഏറെ ആശങ്കകള്‍ സൃഷ്ടിച്ചു കൊണ്ടാണ് കൊറോണ എന്ന മഹാമാരി നമുക്കിടയിൽ എത്തിയത്. രോഗപ്രതിരോധ ശേഷി കുറഞ്ഞവരില്‍ വൈറസ് പിടിപെടാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നു.

ബാക്ടീരിയയോ അല്ലെങ്കിൽ മറ്റേതെങ്കിലും വൈറൽ അണുബാധയോടോ പോരാടുന്നതിനുള്ള ഒരു പ്രധാന മാർഗമാണ് ശക്തമായ രോഗപ്രതിരോധ സംവിധാനം. വ്യായാമത്തോടൊപ്പം പോഷക​ഗുണമുള്ള ഭക്ഷണം കഴിച്ചാൽ മാത്രമേ പ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ സാധിക്കൂ. രോ​​ഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ ശ്രദ്ധിക്കേണ്ട നാല് കാര്യങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം... 

ഒന്ന്...

 ആരോഗ്യകരമായ കൊഴുപ്പുകൾ( good fat) പ്രതിരോധ ശേഷി വർധിപ്പിക്കാൻ സഹായിക്കുന്നതിൽ വലിയ പങ്കുവഹിക്കുന്നു. ഒലീവ് ഓയിൽ, സാൽമൺ ഫിഷ്, അവോക്കാഡോ തുടങ്ങിയ ഭക്ഷണങ്ങളിൽ ഒമേഗ 3 ഫാറ്റി ആസിഡുകൾ പോലുള്ള ആരോഗ്യകരമായ കൊഴുപ്പുകൾ അടങ്ങിയിട്ടുണ്ട്. ആരോഗ്യകരമായ കൊഴുപ്പുകൾ കൊളസ്ട്രോൾ കുറയ്ക്കുന്നതിനും രക്തസമ്മർദ്ദം നിലനിർത്തുന്നതിനും സഹായിക്കുന്നു.

 

രണ്ട്...

'പ്രോബയോട്ടിക്സ്' അടങ്ങിയ ഭക്ഷണങ്ങൾ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. ഇത് ദഹന സംബന്ധമായ രോഗങ്ങളെ തടയാനും സഹായിക്കുന്നു. തെെര്, അച്ചാർ, തേൻ, ഓട്സ്, വാഴപ്പഴം, പയറുവർ​ഗങ്ങൾ തുടങ്ങിയ ഭക്ഷണങ്ങളിൽ പ്രോബയോട്ടിക്സ് ധാരാളമായി അടങ്ങിയിരിക്കുന്നു. 'പ്രോബയോട്ടിക്സ്' രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണത്തിലാക്കാനും ഹൃദ്രോഗ സാധ്യത കുറയ്ക്കാനും സഹായിക്കുന്നു. (നല്ല ബാക്ടീരിയ അല്ലെങ്കില്‍ സഹായകരമായ ബാക്ടീരിയ എന്നറിയപ്പെടുന്നതാണ് 'പ്രോബയോട്ടിക്സ്'. കാരണം അവ നിങ്ങളുടെ കുടലിനെ ആരോഗ്യകരമായി നിലനിർത്താൻ സഹായിക്കുന്നു). ‌

 

മൂന്ന്...

ധാരാളം വെള്ളം കുടിക്കുക എന്നതാണ് രോ​ഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം. നിർജ്ജലീകരണം നിങ്ങളുടെ ശരീരത്തെ കൂടുതൽ രോഗബാധിതരാക്കും. ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളാനും രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും ജലാംശം സഹായിക്കുന്നു.

 

നാല്...

രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിന് നല്ല ഉറക്കവും (കുറഞ്ഞത് ആറ് മണിക്കൂറെങ്കിലും) വ്യായാമവും ചെയ്യേണ്ടത് വളരെ അത്യാവശ്യമാണെന്ന് വിദ​ഗ്ധർ പറയുന്നു.