ഫിറ്റ്നസിന്റെ കാര്യത്തിൽ ഒരു വിട്ടുവീഴ്ച്ചയും ചെയ്യാത്ത നടിയാണ് മലൈക അറോറ. ക്രിസ്മസ് ആഘോഷങ്ങളുടെ ഭാ​ഗമായി കുടുംബാം​ഗങ്ങൾക്കൊപ്പം ​ഗോവയിലാണ് താരം ഇപ്പോൾ. ആഘോഷങ്ങൾക്കിടയിലെ ഭക്ഷണവിരുന്നിന്റെ ചിത്രങ്ങളും മലൈക സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചു. 

ഇഷ്ടമുള്ള എല്ലാ ഭക്ഷണങ്ങളും കഴിക്കും. അത് പോലെ തന്നെ നന്നായി വർക്കൗട്ട് ചെയ്യുന്നയാളാണ് താനെന്ന് മലൈക പറയുന്നു. ഓരോ ആഘോഷങ്ങളും ഭക്ഷണങ്ങളും താൻ ആസ്വദിക്കാറുണ്ട്. ഓണസദ്യയായാലും ക്രിസ്മസ് വിഭവങ്ങളായാലും ആസ്വദിച്ചാണ് കഴിക്കാറുള്ളത്. അത് കൊണ്ട് തന്നെ ഭാരം കൂടാതിരിക്കാൻ അടുത്ത ദിവസം രാവിലെ 
തന്നെ കൂടുതൽ സമയം വർക്കൗട്ട് ചെയ്യാൻ മാറ്റിവയ്ക്കാറുണ്ടെന്ന് മലൈക പറയുന്നു.

ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് മലൈക ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. ഏത് ഭക്ഷണം കഴിച്ചാലും ​ദിവസവും അര മണിക്കൂറെങ്കിലും വ്യായാമം ചെയ്യാൻ സമയം മാറ്റിവയ്ക്കണമെന്നാണ് താരം പറയുന്നത്. കൊവിഡ് കാലത്ത് ഫിറ്റ്നസ് ശീലങ്ങൾ എങ്ങനെ പഴയപടി കൊണ്ടുപോകുമെന്നതിനെ ഓർത്ത് പേടിയുണ്ടായിരുന്നു. അങ്ങനെ ഓൺലൈൻ യോ​ഗാ ക്ലാസ്സുകളിൽ ചേർന്നു. അത് അത്ഭുതപ്പെടുത്തുന്ന മാറ്റങ്ങളുണ്ടാക്കിയെന്നും താരം പറയുന്നു.