Asianet News MalayalamAsianet News Malayalam

'പ്രസവത്തിന് ശസ്ത്രക്രിയ വേണ്ട, അക്യുപങ്ചര്‍ രീതിയിൽ പ്രസവിക്കാൻ കഴിയുമെന്ന് പറയുന്നുണ്ടെങ്കിൽ അത് തെറ്റാണ്'

കേരളീയ സമൂഹം വളരെ കരുതലോടെയും ഗൗരവത്തോടെയും കാണേണ്ട സംഭവമാണിത്,   കേട്ടുകേൾവിയില്ലാത്തതത്, ഹീനമായ മനസിന്റെ ഉടമ കൂടിയാണ് നയാസ്

If anybody say that you don t need surgery for childbirth  you can give birth with acupuncture  it s wrong ppp
Author
First Published Feb 23, 2024, 9:29 PM IST | Last Updated Feb 23, 2024, 9:29 PM IST

തിരുവനന്തപുരം; മികച്ച ചികിത്സകള്‍ നിലവില്‍ ഉണ്ടായിരുന്നിട്ടും അതു പിന്തുടരാതെ തികച്ചും തെറ്റായ രീതിയില്‍ ഷമീറയുടെ പ്രസവം നടത്തിയത് ആധുനിക സമൂഹത്തിന് യോജിച്ച രീതി അല്ലെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി. നേമത്തിന് അടുത്ത് കാരയ്ക്ക മണ്ഡപത്തിനു സമീപമുള്ള വാടകവീട്ടില്‍ മരണപെട്ട പുത്തന്‍പീടികയില്‍ ഷമീറ താമസിച്ചിരുന്ന സ്ഥലവും പരിസരവും വനിതാ കമ്മിഷന്‍ അംഗം വി.ആര്‍. മഹിളാമണി, വനിതാ കമ്മിഷന്‍ ഡയറക്ടര്‍ ഷാജി സുഗുണന്‍ എന്നിവര്‍ക്കൊപ്പം സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു വനിതാ കമ്മിഷന്‍ അധ്യക്ഷ. 

കേരളീയ സമൂഹത്തില്‍ കേട്ടു കേള്‍വി ഇല്ലാത്ത അത്യന്തം ദാരുണമായ സംഭവമാണിത്. ഗര്‍ഭിണികള്‍ക്കു നല്‍കേണ്ട ചികിത്സയെപ്പറ്റിയും പ്രതിമാസം ചികിത്സ നടത്തേണ്ടതിനെ കുറിച്ചും എല്ലാവര്‍ക്കും അവബോധം നല്‍കുകയും ആവശ്യമായ എല്ലാ സംവിധാനവും സംസ്ഥാന സര്‍ക്കാര്‍ ഒരുക്കുകയും ചെയ്തിട്ടുള്ളതാണ്. 2023 ഓഗസ്റ്റ് മാസത്തില്‍ ഷമീറ ഗര്‍ഭിണിയാണെന്ന് ആശവര്‍ക്കര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഗര്‍ഭിണിയായ വിവരം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പിന്നീട് ജെപിഎച്ച്എന്‍ ഷമീറയെ നേരിട്ടു വന്നു കണ്ട് ആരോഗ്യ വിവരങ്ങള്‍ അന്വേഷിച്ചിരുന്നു. അപ്പോഴെല്ലാം തന്റെ ഭാര്യയെ ചികിത്സിക്കാന്‍ തനിക്കറിയാം എന്നാണ് ഭര്‍ത്താവ് നയാസ് പറഞ്ഞിരുന്നത്. അതിനു വേറെ ആരുടേയും ഉപദേശം വേണ്ട എന്ന രൂപത്തിലുള്ള തികച്ചും നിഷേധാത്മകമായ സമീപനമാണ് നയാസ് കൈക്കൊണ്ടതെന്ന്  മെഡിക്കല്‍ സൂപ്രണ്ടുമായി സംസാരിച്ചതില്‍ നിന്നു മനസിലായി.  

ആശ വര്‍ക്കര്‍ നിരന്തരം ഷമീറയെയും മൂന്നു കുട്ടികളെയും നിരന്തരം എത്തി കാണാറുണ്ടായിരുന്നെന്ന് അയല്‍വാസികള്‍ പറഞ്ഞു. മൂന്നു കുട്ടികളെയും സിസേറിയനിലൂടെയാണ് ജന്മം നല്‍കിയിട്ടുള്ളത്. നാലാമത്തെ പ്രസവത്തിലാണ് അക്യുപങ്ചര്‍ ചികിത്സാരീതി അവലംബിക്കാന്‍ നയാസ് തുനിഞ്ഞത്. എന്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് നയാസ് എത്തിയതെന്ന് അത്ഭുതപ്പെടുത്തുന്ന കാര്യമാണ്.  കേരളത്തെ സംബന്ധിച്ചിടത്തോളം ഗര്‍ഭിണികളായ സ്ത്രീകളുടെ പരിരക്ഷ, കുഞ്ഞുങ്ങളുടെ ആരോഗ്യം, ഗര്‍ഭസ്ഥ ശിശുവിന്റെ ആരോഗ്യം തുടങ്ങിയവ സ്ഥിരമായി പരിശോധിക്കാനും ആരോഗ്യമുള്ള കുഞ്ഞിന്റെ പിറവി ഉറപ്പു വരുത്താനുള്ള ഏറ്റവും മികവുറ്റ സംവിധാനം ഇവിടെയുണ്ട്.

എല്ലാ വീടുകളിലും ആശാ വര്‍ക്കര്‍മാരുടെ സേവനം ലഭ്യമാക്കിയിട്ടുണ്ട്. ഇതെല്ലാമുണ്ടായിട്ടും തികച്ചും നിഷേധാത്മകമായ സമീപനമാണ് നയാസിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ളത്. നയാസിന്റെ രണ്ടാമത്തെ ഭാര്യയാണ് ഷമീറ എന്നാണ് മനസിലാക്കുന്നത്. എട്ടുമാസത്തോളമായി ഇവിടെ വാടകയ്ക്ക് താമസിക്കുകയായിരുന്നു. ഇവിടെ താമസിപ്പിച്ച ശേഷം കുട്ടികളെയും ഭാര്യയെയും നയാസ് പരിരക്ഷിച്ചു എന്നു പറയാന്‍ ആവില്ല. കുട്ടികളെയും ഭാര്യയെയും ഇവിടെയാക്കി നയാസ് ജോലിയുമായി ബന്ധപ്പെട്ട് പുറത്തേക്ക് പോകാറാണ് ഉണ്ടായിരുന്നതെന്നാണ് അയല്‍വാസികള്‍ പറയുന്നത്. 

വലിയ കരുതലോ, പരിരക്ഷയോ ഇല്ലാതെ കഴിഞ്ഞു വന്നിരുന്ന അവസ്ഥയിലാണ് അഡ്വാന്‍സ്ഡ് സ്‌റ്റേജ് ഓഫ് പ്രഗ്നെന്‍സിയില്‍ ഷമീറ രക്തസ്രാവം മൂലം മരണപ്പെട്ടത്. അത്യന്തം ദാരുണമായ ഈ സംഭവത്തിന് ഇടവരുത്തിയ ഹീനമായ മനസിന്റെ ഉടമ കൂടിയാണ് നയാസ് എന്ന കാര്യത്തില്‍ സംശയമില്ല. ഇതുമായി ബന്ധപ്പെട്ട്  പൊലീസ് കൃത്യമായി കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അശാസ്ത്രീയമായ ചികിത്സാ രീതികള്‍ അവലംബിച്ചു കൊണ്ട് ഒരു അമ്മയുടെയും കുഞ്ഞിന്റെയും ജീവന്‍ അപകടപ്പെടുത്താന്‍ ഇടയായിട്ടുള്ള ഈ സംഭവവുമായി ബന്ധപ്പെട്ട് ചികിത്സ നടത്തിയ ക്ലിനിക്കിന്റെ ഉടമ ഷിഹാബുദീനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കേരളീയ സമൂഹം വളരെ കരുതലോടെയും ഗൗരവത്തോടെയും കാണേണ്ട സംഭവമാണിത്. നമ്മള്‍ ചികിത്സാ രീതികളെ കുറിച്ചും ആരോഗ്യ പരിരക്ഷയെ കുറിച്ചും ബോധവല്‍ക്കരിക്കപ്പെട്ടിട്ടുണ്ട് എന്നു പറയുമ്പോഴും ഇത്തരത്തിലുള്ള തെറ്റായ പ്രവണതകള്‍ പല പ്രദേശങ്ങളിലും ഉണ്ടാകുന്നു എന്നത് വളരെ ഗൗരവത്തോടെ കാണേണ്ടതാണ്. 

അന്ധവിശ്വാസമോ, തികച്ചും തെറ്റായ ചിന്താഗതിയോ പിടികൂടുന്ന ആളുകളുണ്ടെങ്കില്‍ അവരെ കുറിച്ച് കൃത്യമായി മനസിലാക്കുന്നതിനു വേണ്ടിയുള്ള ഇടപെടല്‍ താഴെതലത്തില്‍ എല്ലായിടങ്ങളിലും വളരെ കരുതലോടു കൂടി നടക്കണം. തദ്ദേശ സ്ഥാപനതലത്തിലുള്ള ജാഗ്രതാ സമിതികള്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരം കാര്യങ്ങള്‍ മനസിലാക്കി കഴിഞ്ഞാല്‍ ജീവന്‍ രക്ഷിക്കുന്നതിനുള്ള നടപടി ജനപ്രതിനിധികള്‍ ഇടപെട്ട് സ്വീകരിക്കണം. ഇനിയൊരിക്കലും ഇത്തരത്തിലുള്ള സംഭവം ആവര്‍ത്തിക്കാതിരിക്കാനുള്ള ജാഗ്രത പുലര്‍ത്തണം. 

അക്യുപങ്ചര്‍ ചികിത്സാ രീതി കേരളത്തില്‍ പലയിടത്തും നടന്നു വരുന്നതായി അറിയാം. സ്ത്രീയുടെ ഗര്‍ഭസ്ഥ അവസ്ഥയുമായി ബന്ധപ്പെട്ട് പ്രസവത്തിന് ശസ്ത്രക്രിയ വേണ്ട, അക്യുപങ്ചര്‍ ചികിത്സാ രീതിയിലൂടെ പ്രസവിക്കാന്‍ കഴിയുമെന്ന് പ്രചരിപ്പിക്കുന്നുണ്ടെങ്കില്‍ അത് തെറ്റാണ്. നമ്മുടെ ആരോഗ്യ സംവിധാനത്തിന് ഒട്ടും നിരക്കാത്ത രീതിയുമാണ് അത്. അതു കൊണ്ടാണ് ചികിത്സ നടത്തിയവര്‍ക്കെതിരേ കര്‍ശനമായ നടപടി ഉണ്ടായിട്ടുള്ളതെന്നും വനിതാ കമ്മിഷന്‍ അധ്യക്ഷ പറഞ്ഞു. 

പ്രസവത്തിനിടെ യുവതിയുടേയും കുഞ്ഞിന്റെയും മരണം:അക്യുപങ്ചർ ചികിത്സ നടത്തിയ ഷിഹാബുദ്ദീൻ അറസ്റ്റിൽ

ഗര്‍ഭിണിയാണെന്ന വിവരം ഷമീറയുടെ  വീട്ടുകാരില്‍  നിന്നടക്കം മറച്ചുവച്ചെന്നും ഭര്‍ത്താവായ നയാസില്‍ നിന്ന്  യാതൊരു വിധത്തിലുള്ള പരിഗണനയും ഷമീറയ്ക്ക് ലഭിച്ചിട്ടില്ലെന്നും പരിസരവാസിയായ മാജിത വനിതാ കമ്മിഷന്‍ അധ്യക്ഷയോടു പറഞ്ഞു. നേമം താലൂക്ക് ആശുപത്രിയിലെ മെഡിക്കല്‍ സൂപ്രണ്ടുമായി കമ്മിഷന്‍ അധ്യക്ഷ ഫോണില്‍ സംസാരിച്ചു.     ആരോഗ്യപ്രവര്‍ത്തകരെ അടക്കം വീട്ടിലേക്ക് കയറ്റാത്ത സ്ഥിതിയാണ് ഉണ്ടായിട്ടുള്ളതെന്ന്  അദ്ദേഹം വിശദീകരിച്ചു. അക്യുപങ്ചര്‍  ചികിത്സാരീതിയാണ് ഇവര്‍  പിന്‍തുടര്‍ന്നിരുന്നതെന്നും ഈ ചികിത്സകരായ രണ്ടുപേര്‍ സ്ഥിരമായി  ഇവരുടെ വീട്ടിലെത്തിയിരുന്നതായും പരിസരവാസികള്‍ പറഞ്ഞു. ഈ പ്രദേശത്തിന്റെ ചുമതലയുള്ള ആശാവര്‍ക്കര്‍ നസീമ സ്ഥലത്ത് എത്തി വനിതാ കമ്മിഷന്‍ അധ്യക്ഷയും സംഘവുമായും സംസാരിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios