അടച്ചിട്ട ഒരിടത്ത് രണ്ട് പേര്‍ മാസ്‌കില്ലാതെ തുടര്‍ന്നാല്‍ പത്ത് മിനുറ്റിനകം തന്നെ രോഗമുള്ളയാളില്‍ നിന്ന് അടുത്തയാളിലേക്ക് വൈറസ് പകരാം. അതേസമയം ഇരുവരും എന്‍-95 മാസ്‌ക് ആണ് ഉപയോഗിക്കുന്നതെങ്കില്‍ വൈറസ് പകരാന്‍ 600 മണിക്കൂറെങ്കിലും എടുക്കുമെന്നാണ് വിദഗ്ധരുടെ കണ്ടെത്തല്‍

കൊവിഡ് 19 രോഗം ( Covid 19 Disease ) പരത്തുന്ന വൈറസിന്റെ പുതിയ വകഭേദമാണ് ഒമിക്രോണ്‍ ( Omicron Variant ). നേരത്തേ വന്ന ഡെല്‍റ്റ എന്ന വകഭേദത്തെക്കാള്‍ ( delta Variant )വേഗതയില്‍ രോഗവ്യാപനം നടത്താനാകുമെന്നതും വാക്‌സിനെതിരെ ചെറുത്തുനില്‍ക്കാന്‍ സാധിക്കുമെന്നതുമാണ് ഒമിക്രോണിന്റെ സവിശേഷതകള്‍. 

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ദക്ഷിണാഫ്രിക്കയിലാണ് ഒമിക്രോണ്‍ ആദ്യമായി ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെടുന്നത്. പിന്നീട് ചുരുങ്ങിയ സമയത്തിനകം തന്നെ മറ്റ് പല രാജ്യങ്ങളിലും ഒമിക്രോണ്‍ സാന്നിധ്യം സ്ഥിരീകരിച്ചു. ഇന്ത്യയിലും മൂന്നോളം കേസുകള്‍ ഇത്തരത്തില്‍ സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. 

മുമ്പുണ്ടായിരുന്ന വൈറസ് വകഭേദങ്ങളെക്കാള്‍ രോഗവ്യാപനം എളുപ്പത്തിലാക്കുന്ന ഒമിക്രോണ്‍ ആശങ്കകള്‍ ഉയര്‍ത്തുന്ന പശ്ചാത്തലത്തില്‍ കൊവിഡ് പ്രതിരോധമാര്‍ഗങ്ങള്‍ ജാഗ്രതാപൂര്‍വ്വം പിന്തുടരേണ്ടതിന്റെ പ്രാധാന്യം വര്‍ധിക്കുകയാണ്. 

എന്നാല്‍ മാസ്‌ക് ധരിക്കുന്ന കാര്യത്തില്‍ പോലും ശ്രദ്ധയില്ലാത്ത രീതിയിലാണ് നാം മുന്നോട്ടുപോകുന്നതെന്നാണ് പുതിയൊരു സര്‍വേ ചൂണ്ടിക്കാട്ടുന്നത്. ഡിജിറ്റല്‍ കമ്മ്യൂണിറ്റ് പ്ലാറ്റ്‌ഫോം ആയ 'ലോക്കല്‍ സര്‍ക്കിള്‍സ്' ആണ് സര്‍വേ നടത്തിയിരിക്കുന്നത്. 

ഇന്ത്യയില്‍ മൂന്നിലൊരാള്‍ മാസ്‌ക് വയ്ക്കാതെയാണ് വീടിന് പുറത്തിറങ്ങുന്നതെന്നാണ് സര്‍വേയുടെ കണ്ടെത്തല്‍. രാജ്യത്തെ 364 ജില്ലകളില്‍ നിന്നായി 25,000ത്തിലധികം പേരാണ് സര്‍വേയില്‍ പങ്കെടുത്തത്. അവരവരുടെ നാട്ടിലെ സാഹചര്യങ്ങളാണ് ഇവര്‍ സര്‍വേയില്‍ രേഖപ്പെടുത്തിയത്. 

മാസ്‌ക് ധരിക്കുന്ന കാര്യത്തില്‍ മുന്നോട്ടുപോകുംതോറും അശ്രദ്ധ വര്‍ധിച്ചുവരികയാണെന്നും സര്‍വേ വ്യക്തമാക്കുന്നു. പോയ മാസങ്ങളിലെ കണക്കുകള്‍ വച്ചാണ് സര്‍വേ ഇത്തരമൊരു നിഗമനം പങ്കുവയ്ക്കുന്നത്. സെപ്തംബര്‍, ഒക്ടോബര്‍, നവംബര്‍ മാസങ്ങളെടുത്താല്‍ നവംബര്‍ ആയപ്പോഴേക്ക് മാസ്‌ക് ധരിക്കുന്നവരുടെ എണ്ണം കുത്തനെ കുറഞ്ഞതായാണ് സര്‍വേ ചൂണ്ടിക്കാട്ടുന്നത്. 

'കേന്ദ്ര സര്‍ക്കാരും അതത് സംസ്ഥാന സര്‍ക്കാരുകളും ജില്ലാ ഭരണകൂടങ്ങളും ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. കഴിയാവുന്ന മാര്‍ഗങ്ങളെല്ലാം ഇതിനായി അവലംബിക്കാം. മാസ്‌ക് ധരിക്കുന്ന കാര്യത്തില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരെ നടപടിയും സ്വീകരിക്കണം...'- 'ലോക്കല്‍ സര്‍ക്കിള്‍സ്' സ്ഥാപകന്‍ സച്ചിന്‍ തപാരിയ പറയുന്നു. 

അടച്ചിട്ട ഒരിടത്ത് രണ്ട് പേര്‍ മാസ്‌കില്ലാതെ തുടര്‍ന്നാല്‍ പത്ത് മിനുറ്റിനകം തന്നെ രോഗമുള്ളയാളില്‍ നിന്ന് അടുത്തയാളിലേക്ക് വൈറസ് പകരാം. അതേസമയം ഇരുവരും എന്‍-95 മാസ്‌ക് ആണ് ഉപയോഗിക്കുന്നതെങ്കില്‍ വൈറസ് പകരാന്‍ 600 മണിക്കൂറെങ്കിലും എടുക്കുമെന്നാണ് വിദഗ്ധരുടെ കണ്ടെത്തല്‍. അത്രമാത്രം പ്രധാനമാണ് മാസ്‌ക് എന്ന് ചുരുക്കം. അതുകൊണ്ട് തന്നെ മാസ്ക് ധരിക്കുന്ന കാര്യത്തിൽ നിലവിലെ സാഹചര്യത്തിൽ ആരും മടി കാണിക്കാതിരിക്കുക. ജാഗ്രതയോടെ മുന്നോട്ടുനീങ്ങുന്നതിലൂടെ കുറെയധികം സങ്കീർണതകൾ നമുക്ക് ഒഴിവാക്കാം.

Also Read:- 40ന് മുകളില്‍ പ്രായമുള്ളവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് പരിഗണിക്കണമെന്ന് ജനിതകശാസ്ത്രജ്ഞര്‍