കഴിഞ്ഞ ദിവസം ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ എന്ന ഇന്ത്യയിലെ ഡോക്ടർമാരുടെ സംഘടന 382 പേരുടെ വിവരങ്ങളടങ്ങിയ ഒരു പട്ടിക പുറത്തുവിട്ടു. കൊവിഡ് മഹാമാരിക്കെതിരായി, രാജ്യത്തെ ആരോഗ്യപ്രവർത്തകർ ഒറ്റക്കെട്ടായി നിന്ന് നടത്തിയ വീറുറ്റ പോരാട്ടത്തിനിടെ മരിച്ച ഡോക്ടർമാരുടെ പട്ടികയായിരുന്നു അത്.

കൊവിഡിനെതിരായ പോരാട്ടത്തിൽ എത്ര ആരോഗ്യപ്രവർത്തകർ മരിച്ചു എന്ന ചോദ്യത്തിന് 'കൃത്യമായ കണക്കില്ല'എന്ന മറുപടി കേന്ദ്ര ആരോഗ്യമന്ത്രിയിൽ നിന്നുണ്ടായതിനു മണിക്കൂറുകൾക്കുള്ളിലാണ് ഐഎംഎയുടെ ഈ പ്രതികരണം പുറത്തുവന്നത്. 

ആരോഗ്യമന്ത്രിയോട് ആവശ്യപ്പെട്ടത് പ്രതിരോധ സേനയിലെ ആരോഗ്യപ്രവർത്തകരായ ഡോക്ടർമാർ, നഴ്‌സുമാർ, അറ്റൻഡർമാർ, മറ്റുള്ള ആരോഗ്യ പ്രവർത്തകർ, ആശാ വർക്കർമാർ, ജെപിഎച്ച്എന്നുമാർ തുടങ്ങിയവരുടെ ഇനം തിരിച്ച മരണക്കണക്ക് ചോദിച്ചപ്പോഴാണ് അദ്ദേഹം കൈമലർത്തിയത്. അതിനുള്ള മറുപടിയായിട്ടാണ് ഇപ്പോൾ ഐഎംഎ ആദ്യമായി ഡോക്ടർമാരുടെ മാത്രം മരണപ്പട്ടിക പുറത്തുവിട്ടത്. കോവിഡ് മരണങ്ങളുടെ പട്ടികയിലെ ഏറ്റവും ഇളപ്പമുള്ള ഡോക്ടറുടെ പ്രായം വെറും 27 വയസ്സ് മാത്രമാണ്.

കൊവിഡിനെതിരായ തങ്ങളുടെ 'ലൈൻ ഓഫ് ഡ്യൂട്ടിയിൽ' ചെല്ലാൻ നിര്ബന്ധിതരായതുകൊണ്ടുമാത്രമാണ് അവർക്ക് രോഗം ബാധിച്ചത് എന്നും, ആ സാഹചര്യത്തിൽ, ഈ ഡോക്ടർമാർ നാടിനുവേണ്ടി ജീവൻ ത്യജിച്ച രക്തസാക്ഷികൾ തന്നെയാണ് എന്നാണു ഐഎംഎയുടെ വാദം. അവർക്ക് രാജ്യത്തിനുവേണ്ടി വീരരക്തസാക്ഷിത്വം വരിക്കുന്നവർക്ക് നൽകുന്ന എല്ലാ ആനുകൂല്യങ്ങളും ലഭ്യമാക്കണം എന്നാണ് ഐഎംഎ ആരോഗ്യമന്ത്രാലയത്തോട് ആവശ്യപ്പെടുന്നത്.

നഷ്ടപരിഹാരം കൊടുക്കുന്നത് പോട്ടെ, എത്ര പേർക്ക് ജീവൻ നഷ്ടമായി എന്നുപോലും കണക്കു സൂക്ഷിക്കാതിരിക്കുന്നതും, ഇനി അഥവാ കണക്കുണ്ടെങ്കിൽ തന്നെ അത് പൊതുമണ്ഡലത്തിൽ വെളിപ്പെടുത്താൻ വൈമനസ്യം കാണിക്കുന്നതും ഒക്കെ ആരോഗ്യപ്രവർത്തകരോടുള്ള സർക്കാരിന്റെയും ബ്യൂറോക്രസിയുടെയും ഉപേക്ഷയാണ് വ്യക്തമാക്കുന്നത് എന്നും ഐഎംഎ ആക്ഷേപിച്ചു. 

 

ഡോക്ടർമാരുടെ മരണത്തെക്കുറിച്ചുള്ള വിവരങ്ങൾ മാത്രമേ സംഘടന എന്ന നിലക്ക് ഐഎംഎക്ക് ശേഖരിക്കാൻ സാധിച്ചിട്ടുള്ളു എന്നും, മറ്റുള്ള ആരോഗ്യപ്രവർത്തകരുടെ മരണത്തിന്റെ വിശദ വിവരങ്ങൾ ശേഖരിക്കാൻ വേണ്ട മുൻകൈ ആരോഗ്യവകുപ്പ് മന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടാകണം എന്നും ഐഎംഎ ആവശ്യപ്പെട്ടു. 

ഡോക്ടർമാർ എന്നത് രാജ്യത്തെ ആരോഗ്യസംവിധാനത്തിന്റെ നട്ടെല്ലാണ് എന്നും, ഇങ്ങനെ ഒരു മഹാമാരിയെ നേരിടുമ്പോൾ പോലും സർക്കാർ അവരിൽ ആരൊക്കെ മരിക്കുന്നു എന്ന കണക്കുപോലും സൂക്ഷിക്കാൻ സന്മനസ്സുകാട്ടാതിരിക്കുന്നത് വളരെ ആപത്കരമായ സാഹചര്യമാണ് എന്നും ഐഎംഎ പ്രസിഡന്റ് രാജൻ ശർമ്മ പറഞ്ഞു. അങ്ങനെ ചെയ്യുന്ന ഒരു സർക്കാരിന് നാട്ടിൽ 1897 -ലെ എപ്പിഡെമിക് ആക്റ്റോ, ഡിസാസ്റ്റർ മാനേജ്‌മെന്റ് ആക്റ്റോ ഒന്നും നടപ്പിൽ വരുത്താനുള്ള ധാർമികാവകാശം ഇല്ല എന്നും അദ്ദേഹം കേന്ദ്രത്തെ ഓർമിപ്പിച്ചു.