കൈകാലുകൾ മുറിച്ചുമാറ്റപ്പെട്ട ഭൂരിഭാഗം ആളുകളും അനുഭവിക്കുന്ന ഒന്നാണ് ഫാന്റം ലിംബ് സെൻസേഷൻ (Phantom Limb Sensation). ഏറെ നാൾ ഉപയോഗിച്ചുവന്ന ഒരു ശരീരഭാഗം പെട്ടന്ന് നഷ്ടമാകുമ്പോൾ അതുമായി പൊരുത്തപെട്ടുപോകുക എന്നത് ഏറെ പ്രയാസകരമായ ഒന്നാണ്.
ശരീരത്തിന്റെ ഒരു ഭാഗം നഷ്ടപ്പെടുക എന്നത് കേവലം ഒരു ശാരീരിക മാറ്റം മാത്രമല്ല; അത് ഒരു വ്യക്തിയുടെ ആത്മവിശ്വാസത്തെയും ജീവിതചര്യകളെയും ബാധിക്കുന്ന വലിയൊരു പ്രതിസന്ധിയാണ്. ഈ ഘട്ടത്തിൽ ശസ്ത്രക്രിയയും കൃത്രിമ അവയവങ്ങളും പോലുള്ളവ ഉപയോഗിച്ച് ചികിത്സാ രീതികളെ അവലംബിക്കുന്നതിനൊപ്പം വളരെ പ്രാധാന്യം അർഹിക്കുന്ന ഒന്നാണ് ഒക്യുപ്പേഷണൽ തെറാപ്പി. കാരണം, മുറിവുകൾ ഉണങ്ങുന്നതിനപ്പുറം, പുതിയ സാഹചര്യങ്ങളിൽ ശീലിച്ചുവന്ന ജീവിതരീതികൾക്കൊപ്പം ആത്മധൈര്യത്തോടെ നേരിടാനും ജീവിതത്തിന്റെ താളം വീണ്ടെടുക്കാൻ ഈ ചികിത്സാ രീതി സഹായിക്കുന്നു. നഷ്ടപ്പെട്ട് പോയ ശരീരഭാഗം മൂലം ഉണ്ടാകുന്ന വെല്ലുവിളികളെ അതിജീവിച്ച്, ഒപ്പം മാറിയ സാഹചര്യവുമായി ശരിയായി പൊരുത്തപെട്ടുപോകാനും ഒക്യുപ്പേഷണൽ തെറാപ്പി കൃത്യമായി ഇടപെടുന്നു.
കൃത്രിമ അവയവങ്ങൾക്ക് മുൻപേ തുടങ്ങുന്ന പരിശീലനം
കൃത്രിമ അവയവം (Prosthesis) ഘടിപ്പിച്ചതിന് ശേഷം മാത്രമാണ് പരിചരണവും പരിശീലനവും തുടങ്ങുന്നത് എന്നാണ് പലരും കരുതുന്നത്. എന്നാൽ ഒക്യുപ്പേഷണൽ തെറാപ്പി ശസ്ത്രക്രിയ കഴിഞ്ഞ ഉടനെ തന്നെ ആരംഭിക്കുന്ന ഒന്നാണ്. അത് എത്രയും നേരത്തെ ആരംഭിക്കുന്നുവോ അത്രയും വേഗത്തിൽ പൊരുത്തപെട്ട് പോകാൻ സഹായിക്കും. പരസഹായമില്ലാതെ തന്നെ എല്ലാം ചെയ്യാൻ പ്രാപ്തനാക്കുക എന്നതാണ് ലക്ഷ്യം. വീട്ടിലെയും മറ്റും സാഹചര്യങ്ങൾക്കനുസരിച്ച് മാറ്റങ്ങൾ വരുത്താനും സ്വയം പര്യാപ്തരാകാനും തെറാപ്പിസ്റ്റുകൾ സഹായിക്കുന്നു.
'ഫാന്റം ലിംബും' തെറാപ്പിയും
കൈകാലുകൾ മുറിച്ചുമാറ്റപ്പെട്ട ഭൂരിഭാഗം ആളുകളും അനുഭവിക്കുന്ന ഒന്നാണ് ഫാന്റം ലിംബ് സെൻസേഷൻ (Phantom Limb Sensation). ഏറെ നാൾ ഉപയോഗിച്ചുവന്ന ഒരു ശരീരഭാഗം പെട്ടന്ന് നഷ്ടമാകുമ്പോൾ അതുമായി പൊരുത്തപെട്ടുപോകുക എന്നത് ഏറെ പ്രയാസകരമായ ഒന്നാണ്. നമ്മുടെ രീതികളും ശരീരവും അതിനെ അംഗീകരിക്കുവാൻ ചിലപ്പോൾ വളരെ സമയമെടുത്തേക്കാം. ഇല്ലാത്ത അവയവം ഇപ്പോഴും അവിടെ ഉണ്ടെന്ന തോന്നൽ, ചൊറിച്ചിൽ, അല്ലെങ്കിൽ കഠിനമായ വേദന (Phantom Limb Pain) എന്നിവ ഇതുപോലുള്ള അവസ്ഥയിൽ ഉണ്ടായേക്കാം. തലച്ചോറിലെ നാഡീവ്യൂഹങ്ങൾക്കുണ്ടാകുന്ന മാറ്റങ്ങളാണ് ഇതിന് കാരണം. ഇത്തരം സാഹചര്യങ്ങളെ കൈകാര്യം ചെയ്യുന്നിടത്താണ് ഒക്യുപ്പേഷണൽ തെറാപ്പിയുടെ പ്രാധാന്യം വരുന്നത്. ഒക്യുപ്പേഷണൽ തെറാപ്പിയിൽ 'മിറർ തെറാപ്പി' (Mirror Therapy) പോലെ വിവിധ തെറാപ്പി രീതികൾ ഇതിനെ മറികടക്കാൻ ഉപയോഗിച്ചു വരുന്നുണ്ട്. ഒരു കണ്ണാടിയുടെ സഹായത്തോടെയുള്ള വ്യായാമം, തലച്ചോറിന് കൃത്യമായ കാഴ്ച നൽകിക്കൊണ്ട് വേദന കുറയ്ക്കാനും മാനസികമായ ആശ്വാസം നൽകാനും സഹായിക്കുന്ന രീതിയാണ് മിറർ തെറാപ്പി.
സാധാരണ ജീവിതത്തിലേക്കും ജോലിയിലേക്കും മടങ്ങിവരാൻ
വെറുതെ ഒരു കൃത്രിമ അവയവം ധരിക്കുക എന്നതല്ല, അത് ഉപയോഗിച്ച് ദൈന്യംദിന കാര്യങ്ങൾ ചെയ്യുക എന്നതാണ് പ്രധാനം. പാചകം ചെയ്യുക, മൊബൈൽ ഫോൺ ഉപയോഗിക്കുക, പൊതുഗതാഗതം ഉപയോഗിക്കുക, ജോലി സ്ഥലത്തെ കാര്യങ്ങൾ നിർവഹിക്കുക എന്നിവയിൽ പരിശീലനം തെറാപ്പിസ്റ്റുകൾ നൽകുന്നു. ജോലിയുടെ സ്വഭാവം വിലയിരുത്താനും, ആവശ്യമായ മാറ്റങ്ങൾ നിർദ്ദേശിക്കാനും, ജോലികൾ സുരക്ഷിതമായും കാര്യക്ഷമമായും ചെയ്യാൻ വ്യക്തികളെ പരിശീലിപ്പിക്കാനും സഹായിക്കുന്നു.
കൂടാതെ, അംഗപരിമിതർ അനുഭവിക്കുന്ന മാനസിക വിഷമങ്ങൾ, ഭയം, ഒറ്റപ്പെടൽ എന്നിവ മറികടന്ന് അവരെ സമൂഹത്തിന്റെ മുൻനിരയിലേക്ക് കൊണ്ടുവരാൻ ഒക്യുപ്പേഷണൽ തെറാപ്പിസ്റ്റുകൾ ഒപ്പമുണ്ടാകും. അവയവം നഷ്ടപ്പെട്ടതിനുശേഷമുള്ള വീണ്ടെടുപ്പ് ഒരു കൂട്ടായ യാത്രയാണ്. അമിതമായ സഹായങ്ങൾ നൽകാതെ വ്യക്തിയുടെ അന്തസ്സും ആത്മാഭിമാനവും നിലനിർത്തിക്കൊണ്ട് അവരെ എങ്ങനെ സ്വതന്ത്രരാക്കാം എന്നതിൽ ഒക്യുപ്പേഷണൽ തെറാപ്പിസ്റ്റുകൾ സഹായിക്കുന്നു. അതിനു ഉതകുന്ന മാർഗ്ഗനിർദ്ദേശങ്ങൾ കുടുംബാംഗങ്ങൾക്കും ബന്ധപെട്ടവർക്കും നൽകുന്നു.
അറിഞ്ഞിരിക്കാം സർക്കാറിന്റെ ആനുകൂല്യങ്ങളും പദ്ധതികളും
അംഗപരിമിതരുടെ ഉന്നമനത്തിനായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ വിവിധ പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്. ഇവയെക്കുറിച്ച് അർഹരായവർ ബോധവാന്മാരാകേണ്ടത് അത്യന്താപേക്ഷിതമാണ്. കേരള സംസ്ഥാന വികലാംഗ ക്ഷേമ കോർപ്പറേഷൻ (KSHPWC) വഴി കൃത്രിമ അവയവങ്ങൾക്കും മറ്റ് സഹായങ്ങൾക്കും അപേക്ഷിക്കാം.
പ്രധാന ക്ഷേമ പദ്ധതികൾ
1. അശ്വാസകിരണം പദ്ധതി
ശാരീരികമോ മാനസികമോ ആയ വൈകല്യങ്ങൾ കാരണം പൂർണ്ണമായി കിടപ്പിലായ രോഗികളെ പരിചരിക്കുന്നവർക്കുള്ള ധനസഹായമാണിത്.
• ആനുകൂല്യം: രോഗിയെ പരിചരിക്കുന്ന വ്യക്തിക്ക് പ്രതിമാസം 600 രൂപ സഹായമായി നൽകുന്നു.
• മാനദണ്ഡം: ബി.പി.എൽ കുടുംബങ്ങളിൽപ്പെട്ടവർക്കും വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ താഴെയുള്ളവർക്കും അപേക്ഷിക്കാം. കേരള സോഷ്യൽ സെക്യൂരിറ്റി മിഷൻ വഴിയാണ് ഇത് നടപ്പിലാക്കുന്നത്.
2. സമഗ്ര - സ്പെഷ്യൽ എംപ്ലോയ്മെന്റ് സ്കീം
ഭിന്നശേഷിക്കാർക്ക് സ്വയം തൊഴിൽ കണ്ടെത്തുന്നതിനും സാമ്പത്തിക സ്വാശ്രയത്വം ഉറപ്പാക്കുന്നതിനുമുള്ള പദ്ധതിയാണിത്.
• സഹായം: കേരള സംസ്ഥാന വികലാംഗ ക്ഷേമ കോർപ്പറേഷൻ (KSHPWC) വഴി കുറഞ്ഞ പലിശ നിരക്കിൽ വായ്പകൾ ലഭ്യമാക്കുന്നു.
• പരിശീലനം: തൊഴിൽ നൈപുണ്യ വികസനത്തിനായി പ്രത്യേക പരിശീലന പരിപാടികളും ഇതിന്റെ ഭാഗമായി നടക്കുന്നു.
3. ശുഭയാത്ര പദ്ധതി
അംഗപരിമിതർക്ക് സ്വയം സഞ്ചരിക്കാൻ സഹായിക്കുന്ന മോട്ടോറൈസ്ഡ് ട്രൈസിക്കിൾ (സ്കൂട്ടറുകൾ) നൽകുന്ന പദ്ധതിയാണിത്. 40% അധികം വൈകല്യമുള്ള, പഠിക്കുന്നവരോ ജോലി ചെയ്യുന്നവരോ ആയ വ്യക്തികൾക്ക് ഇതിനായി അപേക്ഷിക്കാം.
4. വിദ്യാജ്യോതി പദ്ധതി
കേരള സാമൂഹ്യനീതി വകുപ്പ് ഭിന്നശേഷിയുള്ള വിദ്യാർത്ഥികൾക്ക് യൂണിഫോം, പഠനോപകരണങ്ങൾ വാങ്ങുന്നതിനായി സാമ്പത്തിക സഹായം നൽകുന്ന പദ്ധതിയാണ് വിദ്യാജ്യോതി. 40% അല്ലെങ്കിൽ അതിലധികമോ ഭിന്നശേഷിയുള്ള, ഒമ്പതാം ക്ലാസ് മുതൽ പി.ജി. തലം വരെ സർക്കാർ/എയ്ഡഡ്/അംഗീകൃത സ്ഥാപനങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് അർഹതയുണ്ട്. വാർഷിക വരുമാന പരിധി ഒരു ലക്ഷം രൂപയിൽ കവിയരുത്, ബി.പി.എൽ വിഭാഗത്തിന് മുൻഗണനയുണ്ട്.
സാമ്പത്തിക സഹായങ്ങളും പെൻഷനും
• വികലാംഗ പെൻഷൻ: 40 ശതമാനത്തിന് മുകളിൽ വൈകല്യമുള്ളവർക്ക് സർക്കാർ നിശ്ചയിച്ച തുക പ്രതിമാസം പെൻഷനായി ലഭിക്കും. അക്ഷയ കേന്ദ്രങ്ങൾ വഴി ഇതിനായി അപേക്ഷിക്കാം.
• വിവാഹ ധനസഹായം: ഭിന്നശേഷിയുള്ള പെൺകുട്ടികൾക്കും, ഭിന്നശേഷിക്കാരെ വിവാഹം കഴിക്കുന്നവർക്കും പ്രത്യേക സാമ്പത്തിക സഹായം നൽകുന്ന പദ്ധതി.
യാത്രാ ഇളവുകൾ
• കെ.എസ്.ആർ.ടി.സി: അംഗപരിമിതർക്ക് സർക്കാർ ബസ്സുകളിൽ ടിക്കറ്റ് നിരക്കിൽ വലിയ ഇളവുകൾ ലഭിക്കും. ചില വിഭാഗങ്ങളിൽപ്പെട്ടവർക്ക് സൗജന്യ യാത്രയും അനുവദനീയമാണ്.
• ട്രെയിൻ യാത്ര: റെയിൽവേ നൽകുന്ന പ്രത്യേക പാസ് ഉണ്ടെങ്കിൽ ടിക്കറ്റ് നിരക്കിൽ 25% മുതൽ 75% വരെ ഇളവ് ലഭിക്കും. ഇതിനായി റെയിൽവേയുടെ പ്രത്യേക മെഡിക്കൽ സർട്ടിഫിക്കറ്റ് അറ്റസ്റ്റ് ചെയ്ത് പാസ് സ്വന്തമാക്കണം.
ഡിജിറ്റൽ തിരിച്ചറിയൽ രേഖ
മുൻപ് ഓരോ ആവശ്യത്തിനും വ്യത്യസ്ത സർട്ടിഫിക്കറ്റുകൾ കാണിക്കണമായിരുന്നു. എന്നാൽ ഇപ്പോൾ കേന്ദ്ര സർക്കാർ യൂണിക് ഡിസബിലിറ്റി ഐഡി (UDID) കാർഡ് നിർബന്ധമാക്കിയിട്ടുണ്ട്. രാജ്യത്തുടനീളം ഈ ഒറ്റ കാർഡ് ഉപയോഗിച്ച് എല്ലാ ആനുകൂല്യങ്ങളും കൈപ്പറ്റാം. ഔദ്യോകിക വെബ്സൈറ്റ് വഴിയോ അക്ഷയ കേന്ദ്രം വഴിയോ അപേക്ഷിക്കാം. ശരിയായ ചികിത്സയുടെ ഒപ്പം സർക്കാർ നൽകുന്ന ആനുകൂല്യങ്ങൾ കൂടി വരുമ്പോൾ ഏതൊരു വ്യക്തിക്കും ആത്മവിശ്വാസത്തോടെ ജീവിതത്തിലേക്ക് തിരിച്ചുനടക്കാം.
ഒക്യുപ്പേഷണൽ തെറാപ്പി എന്നത് കേവലം ഒരു ചികിത്സാരീതി മാത്രമല്ല; അത് ഒരു വ്യക്തിയുടെ സ്വത്വവും സ്വാതന്ത്ര്യവും ജീവിതലക്ഷ്യവും വീണ്ടെടുക്കലാണ്. സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനും സമൂഹത്തിൽ സജീവമായി ഇടപെടാനും വളരാനും സഹായിക്കുന്നതിലൂടെ, അവയവം നഷ്ടപ്പെട്ട ശേഷമുള്ള ജീവിതം അർത്ഥപൂർണ്ണവും സംതൃപ്തവുമാണെന്ന് ഒക്യുപ്പേഷണൽ തെറാപ്പിസ്റ്റുകൾ ഉറപ്പുവരുത്തുന്നു.
(വിവരങ്ങൾക്ക് കടപ്പാട് : ഓൾ ഇന്ത്യ ഒക്ക്യുപേഷണൽ തെറാപ്പിസ്റ്റ്സ് അസോസിയേഷൻ സെക്രട്ടറിയും കൊച്ചി പ്രയത്‌നയുടെ സ്ഥാപകനുമായ ഡോ. ജോസഫ് സണ്ണി കുന്നശ്ശേരി)


