Asianet News MalayalamAsianet News Malayalam

കുഞ്ഞുജീവനുകള്‍ കാക്കാന്‍ 'സ്‌പെഷ്യല്‍ ആംബുലന്‍സ്'; ഇതാ ഒരു മാതൃക

മുതിര്‍ന്നവരെക്കാള്‍ ആംബുലൻസ് യാത്ര അപകടകരമാകുന്നത് കുഞ്ഞുങ്ങള്‍ക്കാണ്. ഇന്നും ഇന്നലെയുമായി ഈ വിഷയം നമ്മളേറെ ചര്‍ച്ച ചെയ്തുകഴിഞ്ഞു. കുഞ്ഞുങ്ങളെ യഥാസമയം, അപകടമൊന്നും കൂടാതെ എത്തിക്കുകയെന്നത് അല്‍പം കൂടി ശ്രമകരമായ ദൗത്യമാണ്

importance of having neonatal ambulance in every region
Author
Trivandrum, First Published Apr 17, 2019, 7:41 PM IST

രോഗിയുടെയും കൂടെയുള്ളവരുടെയുമെല്ലാം ജീവന്‍ മുറുകെപ്പിടിച്ചുകൊണ്ട് നിരത്തിലൂടെ പാഞ്ഞുപോകുന്ന ആംബുലന്‍സുകള്‍ കാണുമ്പോള്‍ നെഞ്ചിടിപ്പുണ്ടാകാത്തവര്‍ ചുരുക്കമാണ്. അതിനുള്ളിലെ ജീവന്‍, പ്രതീക്ഷ വിടാതെ കൂട്ടിരിക്കുന്ന പ്രിയപ്പെട്ടവര്‍. കണ്‍മുന്നിലെ തിരക്കുകളിലൊന്നും പതറാതെ ലക്ഷ്യത്തിലേക്ക് അവരെയും കൊണ്ട് വായുന്ന ഡ്രൈവര്‍മാര്‍... 

മുതിര്‍ന്നവരെക്കാള്‍ ഈ യാത്ര അപകടകരമാകുന്നത് കുഞ്ഞുങ്ങള്‍ക്കാണ്. ഇന്നും ഇന്നലെയുമായി ഈ വിഷയം നമ്മളേറെ ചര്‍ച്ച ചെയ്തുകഴിഞ്ഞു. കുഞ്ഞുങ്ങളെ യഥാസമയം, അപകടമൊന്നും കൂടാതെ എത്തിക്കുകയെന്നത് അല്‍പം കൂടി ശ്രമകരമായ ദൗത്യമാണ്. 

ഈ സാഹചര്യത്തിലാണ് 'നിയോനാറ്റല്‍ ആംബുലന്‍സ്' എന്താണെന്ന് നമ്മളറിയേണ്ടത്. കുഞ്ഞുങ്ങളെ ഷിഫ്റ്റ് ചെയ്യുന്നതിനായി മാത്രം, അവര്‍ക്ക് വേണ്ടി മാത്രമുള്ള പ്രത്യേക സജ്ജീകരണങ്ങളോട് കൂടിയ ആംബുലന്‍സാണ് 'നിയോനാറ്റല്‍ ആംബുലന്‍സ്'. 

സാധാരണ ആംബുലന്‍സുകളെക്കാള്‍ വലിപ്പം കൂടിയതായിരിക്കും ഇത്. അകത്തെ സൗകര്യങ്ങളും കൂടുതലായിരിക്കും. കറന്റ്, കുടിവെള്ളം, മറ്റ് ഉപയോഗങ്ങള്‍ക്കുള്ള വെള്ളം, എ.സി, മരുന്നുകള്‍ സൂക്ഷിക്കാനുള്ള പ്രത്യേക സൗകര്യം, അണുബാധയെ പ്രതിരോധിക്കുന്ന ചുവരുകളും, റൂഫും, റേഡിയന്റ് വാര്‍മേഴ്‌സ്, വെന്റിലേറ്റര്‍ സൗകര്യം... ആശുപത്രിയുമായി സദാസമയവും ബന്ധത്തിലാകാന്‍ കണ്‍ട്രോള്‍ റൂം... അങ്ങനെ പോകുന്നു ഇതിന്റെ സവിശേഷതകള്‍. ഇതിനെല്ലാം പുറമെ അടിയന്തര സഹായങ്ങള്‍ക്കായി കുഞ്ഞുങ്ങളുടെ ഡോക്ടര്‍മാരും നഴ്‌സുമാരും. 

കേരളത്തിലും 'നിയോനാറ്റല്‍ ആംബുലന്‍സ്' സേവനം നിലവിലുണ്ട്. എന്നാല്‍ സാധാരണക്കാര്‍ക്ക് ലഭ്യമാകുന്ന രീതിയില്‍ ഈ സൗകര്യം വ്യാപകമായിട്ടില്ലെന്ന് മാത്രം. ഓരോ മേഖലയിലും ഇത്തരത്തിലുള്ള സൗകര്യം ലഭ്യമായാല്‍, ഇപ്പോള്‍ നേരിടുന്ന സമ്മര്‍ദ്ദം, കുറഞ്ഞത് നേര്‍പകുതിയോളം കുറയും. 

ജോര്‍ജിയയിലെ സാവന്നയില്‍ ഒരു 'നിയോനാറ്റല്‍ ആംബുലന്‍സ്' കൊണ്ടുവന്ന മാറ്റം വളരെ ശ്രദ്ധേയമാണ്. പോയ വര്‍ഷത്തെ അപേക്ഷിച്ച് നാന്നൂറോളം കുഞ്ഞുങ്ങളുടെ ജീവനാണത്രേ അവര്‍ക്ക് രക്ഷിക്കാനായത്. സാധാരണ ആംബുലന്‍സിനെ അപേക്ഷിച്ച് ഇതിനുള്ള സവിശേഷതകള്‍ തന്നെയാണ് സഹായകമായതെന്ന് 'നിയോനാറ്റല്‍ ട്രാന്‍സ്‌പോര്‍ട്ട്' മെഡിക്കല്‍ ഡയറക്ടര്‍ പറയുന്നു. 

ഗുരുതരാവസ്ഥയിലാകുന്ന കുഞ്ഞിന് വെന്റിലേറ്റര്‍ സൗകര്യം ഉറപ്പിക്കാനാകുന്നത്, താപനില ക്രമീകരിക്കപ്പെട്ട അന്തരീക്ഷം നല്‍കുന്നത്, കുഞ്ഞിന്റെ ആരോഗ്യാവസ്ഥയുടെ ഓരോ ചലനങ്ങളും കൃത്യമായി നിരീക്ഷിക്കാന്‍ മോണിറ്ററിംഗ് സിസ്റ്റം ഉണ്ടാകുന്നത്... ഇങ്ങനെ 'നിയോനാറ്റല്‍ ആംബുലന്‍സി'ന് മാത്രം നല്‍കാനാകുന്ന ഉറപ്പുകള്‍ പലതാണെന്നും ഇവര്‍ പറയുന്നു.

Follow Us:
Download App:
  • android
  • ios