നമ്മുടെ ഹെയർകെയർ റൂട്ടീനിൽ സപ്ലിമെന്റുകൾ ഉൾപ്പെടുത്തുന്നതിന് മുൻപ്, ശരീരത്തിൽ ഏത് പോഷകത്തിന്റെ കുറവാണുള്ളതെന്ന് ഭക്ഷണക്രമം പരിശോധിച്ച് കണ്ടെത്തേണ്ടതുണ്ട്.

മുടിക്ക് ബലവും ഉള്ളും വർദ്ധിപ്പിക്കാമെന്ന വാഗ്ദാനവുമായി വിപണിയിൽ നിരവധി ഹെയർ സപ്ലിമെന്റുകൾ ഇന്ന് ലഭ്യമാണ്. എന്നാൽ വിട്ടുമാറാത്ത മുടികൊഴിച്ചിൽ, മുടി നേർത്തതാകുക എന്നിവയ്ക്ക് കാരണം നമ്മുടെ ഭക്ഷണക്രമത്തിലെ പോഷകക്കുറവാകാമെന്നാണ് വിദഗ്ദ്ധർ പറയുന്നത്. ഭക്ഷണത്തിൽ വരുത്തുന്ന ലളിതമായ മാറ്റങ്ങളിലൂടെ ഈ പ്രശ്നം പരിഹരിക്കാൻ സാധിക്കും. നമ്മുടെ ഹെയർകെയർ റൂട്ടീനിൽ സപ്ലിമെന്റുകൾ ഉൾപ്പെടുത്തുന്നതിന് മുൻപ്, ശരീരത്തിൽ ഏത് പോഷകത്തിന്റെ കുറവാണുള്ളതെന്ന് ഭക്ഷണക്രമം പരിശോധിച്ച് കണ്ടെത്തേണ്ടതുണ്ട്. പ്രോട്ടീൻ, അയൺ, അവശ്യ വിറ്റാമിനുകൾ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവയെല്ലാം ഉള്ളിൽ നിന്ന് മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നവയാണ്. സപ്ലിമെന്റുകൾക്ക് പകരമായി ഡയറ്റിൽ ഉൾപ്പെടുത്തേണ്ട 6 ഭക്ഷണങ്ങൾ ഇവയാണ്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

1. സൂര്യകാന്തി വിത്തുകൾ

ബയോട്ടിൻ സപ്ലിമെന്റുകൾ കഴിക്കാൻ ആഗ്രഹിക്കുന്നവർ അതിന് പകരം ദിവസവും 1 ടേബിൾസ്പൂൺ സൂര്യകാന്തി വിത്തുകൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഗുണകരമാണ്. ഇവയിൽ വിറ്റാമിൻ ഇ, സിങ്ക്, സെലിനിയം എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും മുടിയെ ഉള്ളിൽ നിന്ന് ഈർപ്പമുള്ളതാക്കി നിലനിർത്താൻ സഹായിക്കുകയും ചെയ്യും.

2. മുരിങ്ങയിലപ്പൊടി

അയൺ സപ്ലിമെന്റുകൾക്ക് ബദലായി മുരിങ്ങയിലപ്പൊടി ഉപയോഗിക്കാം. മുടിയുടെ ആരോഗ്യത്തിന് ഉത്തമമായ ഒരു പ്രകൃതിദത്ത സൂപ്പർഫുഡാണിത്. വിറ്റാമിൻ എ, സി, ഇ, സിങ്ക്, അയൺ, അമിനോ ആസിഡുകൾ എന്നിവയാൽ സമ്പന്നമായ മുരിങ്ങയിലപ്പൊടി മുടികൊഴിച്ചിൽ കുറയ്ക്കാനും മുടിയുടെ വേരുകൾക്ക് ബലം നൽകാനും സഹായിക്കുന്നു.

3. പനീർ

പ്രോട്ടീൻ പൗഡറുകളെ മാത്രം ആശ്രയിക്കുന്നതിന് പകരം പനീർ കഴിക്കുന്നത് ശീലമാക്കാം. ഉയർന്ന അളവിൽ പ്രോട്ടീൻ അടങ്ങിയിട്ടുള്ള പനീറിൽ വിറ്റാമിൻ ഇ, സെലിനിയം എന്നിവയുമുണ്ട്. ഇത് മുടിയുടെ നാളികളെ ശക്തിപ്പെടുത്തുകയും മുടിക്ക് ആവശ്യമായ പോഷണം ദീർഘനേരം നൽകുകയും ചെയ്യുന്നു.

4. നെല്ലിക്ക

വിറ്റാമിൻ സി സപ്ലിമെന്റുകൾക്ക് പകരമായി നെല്ലിക്ക കഴിക്കാവുന്നതാണ്. വിറ്റാമിൻ സി, ആന്റിഓക്‌സിഡന്റുകൾ, അയൺ എന്നിവയാൽ സമ്പന്നമായ നെല്ലിക്ക മുടിയുടെ വേരുകൾക്ക് ബലം നൽകാനും, മുടിക്ക് കട്ടി വയ്ക്കാനും, താരൻ അകറ്റാനും സഹായിക്കുന്നു. കൂടാതെ, മുടി അകാലത്തിൽ നരയ്ക്കുന്നത് തടയാനും നെല്ലിക്ക മികച്ചതാണ്.

5. ചിയ സീഡ്സ് , ഫ്ലാക്സ് സീഡ്സ്

ഒമേഗ-3 സപ്ലിമെന്റുകൾക്ക് പകരമായി ദിവസവും 1 ടേബിൾസ്പൂൺ ഫ്ലാക്സ് സീഡ്സ് ഭക്ഷണത്തിൽ ഉൾപ്പെടുത്താം. വിറ്റാമിൻ ഇ, പ്രോട്ടീൻ, ഒമേഗ-3 ഫാറ്റി ആസിഡുകൾ എന്നിവ അടങ്ങിയ ഫ്ലാക്സ് സീഡ്സ് തലയോട്ടിലെ കോശങ്ങൾക്ക് പോഷണം നൽകുകയും മുടി വളർച്ച കൂട്ടുകയും തലയോട്ടിയിലെ വീക്കവും അസ്വസ്ഥതകളും കുറയ്ക്കുകയും ചെയ്യും.

6. തൈര്

വിറ്റാമിൻ ബി12 സപ്ലിമെന്റുകൾ കഴിക്കുന്നതിന് മുൻപ് തൈര് ഡയറ്റിൽ ഉൾപ്പെടുത്താൻ ശ്രദ്ധിക്കുക. പ്രോട്ടീൻ, വിറ്റാമിനുകൾ, ലാക്റ്റിക് ആസിഡ് എന്നിവയാൽ സമ്പന്നമായ തൈര് ഒരു മികച്ച ഡീപ് കണ്ടീഷണറായി പ്രവർത്തിക്കുന്നു. ഇത് മുടിയുടെ വരൾച്ച നിയന്ത്രിക്കാനും തലയോട്ടിയിലെ ചൊറിച്ചിൽ മാറ്റാനും സഹായിക്കും. തൈരിലെ ലാക്റ്റിക് ആസിഡ് തലയോട്ടിയിലെ മൃതകോശങ്ങളെ മൃദുവായി നീക്കം ചെയ്യുന്നതിനാൽ താരനുള്ള മികച്ചൊരു വീട്ടുവൈദ്യമാണിത്.